ബ്രിസ്ബേനില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ പരമ്പരയില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയ ഇന്ത്യന്‍ വനിതകളെ അഞ്ച് വിക്കറ്റിന് തകര്‍ത്തെറിഞ്ഞു.
101 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 16.2 ഓവറില്‍ 102/5 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്.
ആദ്യമായാണ് ഇന്ത്യ വനിതാ ഏകദിനത്തില്‍ 20 ഓവറിനുള്ളില്‍ ഔള്‍ ഔട്ടാകുന്നത്. ആ നാണക്കേടും ഹര്‍മന്‍ പ്രീതിന്റെ പെണ്‍പടയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു.
വനിതാ ഏകദിന ചരിത്രത്തില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ കുറഞ്ഞ സ്‌കോറുമാണിത്.
സ്വന്തം തട്ടകത്തില്‍ ന്യൂസിലന്‍ഡിനെതിരെ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പരമ്പരയ്ക്കിറങ്ങിയത്. എന്നാല്‍ ഓസ്‌ട്രേലിയക്ക് മുമ്പില്‍ ഇന്ത്യന്‍ വനിതകള്‍ കളി മറന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 34.2 ഓവറില്‍ 100 റണ്‍സിന് ഓള്‍ ഔട്ടായി. ഓസിസ് താരം മേഗന്‍ ഷട്ടിന്റെ കരുത്തിലാണ് ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞത്.
ജെമിമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 42 പന്തില്‍ 23 റണ്‍സാണ് താരം സ്വന്തമാക്കിയത്. മറ്റൊരു ബാറ്ററും 20ല്‍ എത്തിയില്ല എന്നത് ആരാധകരെ കൂടുതല്‍ നിരാശരാക്കി.
ബ്രിസ്ബേനില്‍ ടോസ് നേടിയ ഹര്‍മന്‍പ്രീത് കൗര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പവര്‍പ്ലേയില്‍ ഇടറിവീണ ഇന്ത്യ ഒരിക്കലും സാഹചര്യത്തിനനുസരിച്ച് ഉയര്‍ന്നില്ല.
ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത സ്മൃതി മന്ഥാന ഇത്തവണ പാടെ നിരാശപ്പെടുത്തി. മൂന്നാം ഓവറില്‍ തന്നെ സ്മൃതി മന്ദാനയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. പിന്നാലെ സഹ ഓപ്പണര്‍ പ്രിയ പൂനിയയും (3) മടങ്ങി. മേഗന്‍ ഷട്ടിനായിരുന്നു രണ്ട് വിക്കറ്റുകളും.
ഇതോടെ രണ്ടിന് 19എന്ന നിലയിലേക്ക് ഇന്ത്യ വീണു. മൂന്നാമതായി ക്രീസിലെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (19) അല്‍പനേരം പിടിച്ചുനിന്നു. എന്നാല്‍ തുടക്കം നിലനിര്‍ത്താന്‍ ഹര്‍ലീന് സാധിച്ചില്ല. ആഷ്ലി ഗാര്‍ഡനര്‍ക്കായിരുന്നു വിക്കറ്റ്. പിന്നീട് ഹര്‍മന്‍പ്രീത് – ജമീമ സഖ്യത്തിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍.
എന്നാല്‍ കൗറിനെ പുറത്താക്കി അന്നാബെല്‍ സതര്‍ലന്‍ഡ് ഓസീസിന് മേല്‍ക്കൈ നല്‍കി. വൈകാതെ ജമീമ, കിം ഗര്‍ത്തിന്റെ പന്തില്‍ ബൗള്‍ഡായി.
ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 11 റണ്‍സിനിടെ ഇന്ത്യക്ക് നഷ്ടമായി. റിച്ച ഘോഷ് (14) മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ദീപ്തി ശര്‍മ (1), സൈമ താക്കൂര്‍ (4), ടിറ്റാസ് സാധു (2), പ്രിയ മിശ്ര (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക താക്കൂര്‍ (0) പുറത്താവാതെ നിന്നു.
ഷെഫാലി വര്‍മയ്ക്ക് പകരം ഇറങ്ങി പ്രിയ പുനിയ (17 പന്തില്‍ 3) തന്റെ തിരിച്ചുവരവിലും തിളങ്ങിയില്ല.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയില്‍ നിന്ന് ഇന്ത്യ 34.2 ഓവറില്‍ 100 റണ്‍സിന് ഓള്‍ഔട്ടായി. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മേഗന്‍ ഷട്ട് ഫൈഫറും പൂര്‍ത്തിയാക്കിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്കായി ഫോബ് ലിച്ച്ഫീല്‍ഡും അരങ്ങേറ്റക്കാരിയായ ജോര്‍ജിയ വോളും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ടീം സ്‌കോര്‍ 48ല്‍ നില്‍ക്കവെ ലീച്ച്ഫീല്‍ഡ് പുറത്തായി, 29 പന്തില്‍ 35 റണ്‍സാണ് താരം നേടിയത്.
ലീച്ച്ഫീല്‍ഡിന് പിന്നാലെയെത്തിവര്‍ വളരെ പെട്ടെന്ന് തന്നെ കൂടാരം കയറി. എല്ലിസ് പെറി (1), ബെത് മൂണി (1), അന്നാബെല്‍ സര്‍ലന്‍ഡ് (6), ആഷ്ലി ഗാര്‍ഡ്നര്‍ (8) എന്നിവര്‍ വന്നത് പോലെ മടങ്ങി. അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് വോള്‍ പിടിച്ചുനിന്നത് ഓസീസിന് രക്ഷയായി. 42 പന്തില്‍ പുറത്താകാതെ 46 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഏതാനും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും, 16.2 ഓവറില്‍ 102/5 എന്ന സ്‌കോര്‍ നേടിയ ഓസ്‌ട്രേലിയ പരമ്പരയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.
Content Highlight: AUS W defeated IND W