| Tuesday, 15th July 2025, 10:40 pm

സ്റ്റെയ്‌നിന് മാത്രം സാധ്യമായത് ഇപ്പോള്‍ സ്റ്റാര്‍ക്കിന്റെ പേരിലും; 20,000ന് മുമ്പ് 400 വിക്കറ്റുമായി ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും വിജയം സ്വന്തമാക്കിയ കങ്കാരുക്കള്‍ പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരവും വിജയിച്ച ഓസീസ് സബീന പാര്‍ക്കില്‍ നടന്ന മൂന്നാം മത്സരത്തില്‍ 176 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.

കങ്കാരുക്കള്‍ ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് വെറും 27 റണ്‍സിന് പുറത്തായി. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും അപ്പര്‍ഹാന്‍ഡ് നേടാന്‍ വിന്‍ഡീസിനെ അനുവദിക്കാതെയായിരുന്നു വിജയത്തിലേക്കുള്ള കങ്കാരുക്കളുടെ തേരോട്ടം.

സ്‌കോര്‍

ഓസ്‌ട്രേലിയ: 225 & 121

വെസ്റ്റ് ഇന്‍ഡീസ്: 143 & 27 (T: 204)

സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കരുത്തിലാണ് ഓസീസ് അനായാസ വിജയം സ്വന്തമാക്കിയത്. 7.3 ഓവര്‍ പന്തെറിഞ്ഞ സ്റ്റാര്‍ക് വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ കടപുഴക്കിയെറിഞ്ഞു.

ജോണ്‍ കാംപ്‌ബെല്‍, മികൈല്‍ ലൂയീസ്, കെവ്‌ലോണ്‍ ആന്‍ഡേഴ്‌സണ്‍, ബ്രാന്‍ഡന്‍ കിങ്, ഷായ് ഹോപ്, ജെയ്ഡന്‍ സീല്‍സ് എന്നിവരെയാണ് സ്റ്റാര്‍ക് മടക്കിയത്.

ഇതിന് പിന്നാലെ കരിയറിലെ സുപ്രധാന നാഴികക്കല്ലും സ്റ്റാര്‍ക് മറികടന്നു. 400 ടെസ്റ്റ് വിക്കറ്റെന്ന ചരിത്ര നേട്ടമാണ് സ്റ്റാര്‍ക് സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന 18ാം താരവും നാലാം ഓസീസ് താരവുമാണ് സ്റ്റാര്‍ക്.

ടെസ്റ്റില്‍ 400 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വോണ്‍ – 273 – 708

ഗ്ലെന്‍ മഗ്രാത് – 243 – 563

നഥാന്‍ ലിയോണ്‍ – 259 – 562

മിച്ചല്‍ സ്റ്റാര്‍ക് – 192 – 402*

ഇതിന് പുറമെ മറ്റൊരു ചരിത്ര നേട്ടവും സ്റ്റാര്‍ക് സ്വന്തമാക്കി. ഏറ്റവും കുറവ് പന്തുകളില്‍ 400 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണിത്. എറിഞ്ഞ 19,062ാം പന്തിലാണ് സ്റ്റാര്‍ക് 400 വിക്കറ്റ് പൂര്‍ത്തിയാക്കിയത്. ഇതിഹാസ താരം ഡെയ്ല്‍ സ്റ്റെയ്‌നിന് ശേഷം 20,000 പന്തുകള്‍ക്ക് മുമ്പ് 400 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടവും സ്റ്റാര്‍ക് സ്വന്തമാക്കി.

ഡെയ്ല്‍ സ്റ്റെയ്ന്‍

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 400 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന താരം – എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍

(താരം – ടീം – 400 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ വേണ്ടി വന്ന പന്തുകള്‍ എന്നീ ക്രമത്തില്‍)

ഡെയ്ല്‍ സ്റ്റെയ്ന്‍ – സൗത്ത് ആഫ്രിക്ക – 16,634

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 19,062*

റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി – ന്യൂസിലാന്‍ഡ് – 20,300

ഗ്ലെന്‍ മഗ്രാത് – ഓസ്‌ട്രേലിയ – 20,526

വസീം അക്രം – പാകിസ്ഥാന്‍ – 21,200

ആര്‍. അശ്വിന്‍ – ഇന്ത്യ – 21,242

നേരത്തെ, മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ 13 ഓവര്‍ പന്തെറിഞ്ഞെങ്കിലും ഒറ്റ വിക്കറ്റ് മാത്രമാണ് സ്റ്റാര്‍ക്കിന് സ്വന്തമാക്കാന്‍ സാധിച്ചത്. എന്നാല്‍ അതിന്റെ സകല നിരാശയും തീര്‍ത്തുകൊണ്ടാണ് താരം രണ്ടാം ഇന്നിങ്‌സില്‍ കൊടുങ്കാറ്റഴിച്ചുവിട്ടത്.

രണ്ടാം ഇന്നിങ്‌സിലെ പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായും സ്റ്റാര്‍ക്കിനെ തെരഞ്ഞെടുത്തു. പരമ്പരയുടെ താരവും സ്റ്റാര്‍ക് തന്നെ.

Content Highlight: AUS vs WI: Mitchell Starc completed 400 Test wickets

We use cookies to give you the best possible experience. Learn more