ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മത്സരത്തില്‍ 276 റണ്‍സിനാണ് പ്രോട്ടിയാസിന്റെ പരാജയം. ബാറ്റിങ്ങില്‍ ടോപ് ഓര്‍ഡറിലെ ‘ട്രിപ്പിള്‍ സെഞ്ച്വറി’യുടെയും ബൗളിങ്ങില്‍ കനോലിയുടെ ഫൈഫര്‍ പ്രകടനത്തിന്റെയും കരുത്തിലാണ് ഓസ്‌ട്രേലിയ ആശ്വാസ ജയം നേടിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, വണ്‍ ഡൗണായി എത്തിയ കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ സെഞ്ച്വറി നേടിയതോടെയാണ് ഓസീസ് വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
എന്നാല്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് 155 റണ്‍സിന് പുറത്താവുകയായിരുന്നു. 28 പന്തില്‍ 49 റണ്‍സ് എടുത്ത യുവതാരം ഡെവാള്‍ഡ് ബ്രെവിസ് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒപ്പം ടോണി ഡെ സോഴ്‌സി 30 പന്തില്‍ 33 റണ്‍സ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ നോക്കി.
എന്നാല്‍ ഇരുവരുടെയും പ്രകടനങ്ങള്‍ക്ക് സൗത്ത് ആഫ്രിക്കയെ വമ്പന്‍ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. ഓസ്ട്രേലിയന്‍ യുവതാരം കൂപ്പര്‍ കനോലിയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുമ്പില്‍ പ്രോട്ടിയാസ് സംഘം മുക്കും കുത്തി വീഴുകയായിരുന്നു.
വലിയ തോല്‍വി നേരിട്ടതോടെ ഒരു മോശം റെക്കോഡാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. ഏകദിനത്തില്‍ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മോശം തോല്‍വിയാണ് സൗത്ത് ആഫ്രിക്ക കങ്കാരുക്കള്‍ക്ക് മുമ്പില്‍ വഴങ്ങിയത്. ഇതുവരെ ഇന്ത്യയോട് 2023ല്‍ നേരിട്ട 243 റണ്‍സിന്റെ തോല്‍വിയായിരുന്നു ഏറ്റവും വലിയ പരാജയം.
(റണ്‍സ് – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
276 റണ്‍സ് – ഓസ്‌ട്രേലിയ – 2025
243 റണ്‍സ് – ഇന്ത്യ – 2023
182 റണ്‍സ് – പാകിസ്ഥാന്‍ – 2002
180 റണ്‍സ് – ശ്രീലങ്ക – 2013
അതേസമയം, അവസാന ഏകദിനത്തില്‍ പരാജയപ്പെട്ടെങ്കിലും സൗത്ത് ആഫ്രിക്ക പരമ്പര സ്വന്തമാക്കി. 2-1 എന്ന നിലയിലാണ് പരമ്പര നേട്ടം. ആദ്യ രണ്ട് മത്സരങ്ങളില്‍ പ്രോട്ടിയാസ് സംഘം ഓസ്ട്രേലിയയെ തോല്‍പ്പിച്ചിരുന്നു.
Content Highlight: Aus vs Sa: South Africa registered their worst ever defeat in ODI cricket against Australia