സൗത്ത് ആഫ്രിക്കക്കെതിരെ മൂന്നാം ഏകദിനത്തില്‍ വമ്പന്‍ വിജയവുമായി ഓസ്‌ട്രേലിയ. ആദ്യം ബാറ്റ് കൊണ്ടും പിന്നീട് ബൗള്‍ കൊണ്ടും പ്രോട്ടിയാസ് സംഘത്തെ പഞ്ഞിക്കിട്ടാണ് കങ്കാരുപ്പടയുടെ കൂറ്റന്‍ വിജയം. മത്സരത്തില്‍ 276 റണ്‍സിന്റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 432 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടിയാസ് 155 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ കങ്കാരുക്കളുടെ തകര്‍പ്പന്‍ ബൗളിങ്ങിന് മുമ്പില്‍ സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് നിര ഒന്നാകെ പതറി. അതോടെയാണ് വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.
28 പന്തില്‍ 49 റണ്‍സ് എടുത്ത യുവതാരം ഡെവാള്‍ഡ് ബ്രെവിസ് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. താരത്തിന് പുറമെ, ടോണി ഡെ സോഴ്‌സി 30 പന്തില്‍ 33 റണ്‍സ് എടുത്ത് സൗത്ത് ആഫ്രിക്കക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റൊരു താരത്തിനും വലിയ സ്‌കോര്‍ കണ്ടെത്താനായില്ല.
ഓസ്ട്രേലിയക്കായി കൂപ്പര്‍ കനോലി ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തി. താരം വെറും 22 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 3.67 എക്കോണമിയില്‍ പന്തെറിഞ്ഞായിരുന്നു താരത്തിന്റെ പ്രകടനം.
താരത്തിന് പുറമെ, സേവ്യര്‍ ബാര്‍റ്റ്‌ലെറ്റ്, സീന്‍ അബോട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദം സാംപ ഒരു വിക്കറ്റും സ്വന്തമാക്കി.
അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 431 റണ്‍സ് എടുത്തിരുന്നു. ട്രിപ്പിള്‍ സെഞ്ച്വറി കരുത്തിലാണ് കങ്കാരുക്കള്‍ വലിയ സ്‌കോറിലെത്തിയത്. ഓസ്ട്രേലിയ്ക്കായി ക്രീസിലെത്തിയ നാലില്‍ മൂന്ന് പേരും സെഞ്ച്വറി നേടിയിരുന്നു. ട്രാവിസ് ഹെഡ്, ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, എന്നിവരാണ് മത്സരത്തില്‍ മൂന്നക്കം സ്‌കോര്‍ ചെയ്തത്.
ഓപ്പണറായ ഹെഡ് 103 പന്തില്‍ അഞ്ച് സിക്സും 17 ഫോറും അടക്കം 142 റണ്‍സാണ് എടുത്തത്. താരത്തിന്റെ സഹ ഓപ്പണറും കങ്കാരുക്കളുടെ കപ്പിത്താനായ മാര്‍ഷും 100 റണ്‍സ് സ്‌കോര്‍ ചെയ്തു. 106 പന്ത് നേരിട്ട ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് പിറന്നത് അഞ്ച് സിക്സറും ആറ് ഫോറുമാണ്.
മൂന്നാമനായി ഇറങ്ങിയ ഗ്രീന്‍ 55 പന്തില്‍ പുറത്താവാതെ 118 റണ്‍സും നേടി. എട്ട് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇവര്‍ക്ക് പുറമെ നാലാമനായി ബാറ്റ് ചെയ്ത അലക്‌സ് കാരി അര്‍ധ സെഞ്ച്വറി നേടി സംഭാവന ചെയ്തു. 37 പന്തില്‍ ഏഴ് ഫോര്‍ അടിച്ചാണ് 50 റണ്‍സ് നേടിയത്.
Content Highlight: Aus vs Sa: Australia defeated South Africa in third ODI