| Wednesday, 30th September 2026, 8:15 pm

'വീണിതല്ലോ കിടക്കുന്നു ധരണിയില്‍'; അരങ്ങേറ്റത്തില്‍ അടി കൊണ്ട് പഞ്ചറായി നബി

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ പടുകൂറ്റന്‍ ടോട്ടലുമായി സന്ദര്‍ശകര്‍. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സാണ് വിന്‍ഡീസ് സ്വന്തമാക്കിയത്.

ഓപ്പണര്‍ ജോണ്‍ കാംബെല്‍, ക്യാപ്റ്റന്‍ ഷായ് ഹോപ്പ്, സൂപ്പര്‍ താരം ആമിര്‍ ജാംഗു എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് കരീബിയന്‍സ് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.

കാംബെല്‍ 68 പന്തില്‍ 101 റണ്‍സ് നേടിയപ്പോള്‍ 77 പന്തില്‍ 114 റണ്‍സടിച്ച് ടോപ്പ് സ്‌കോററായാണ് ആമിര്‍ ജാംഗു കളം വിട്ടത്. 94 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 104 റണ്‍സാണ് നായകന്‍ ഷായ് ഹോപ്പ് സ്വന്തമാക്കിയത്.

ഇന്ത്യന്‍ നിരയില്‍ നിമന്‍ ധിറും കുല്‍ദീപ് യാദവും ഒഴികെയുള്ള എല്ലാ ബൗളര്‍മാരും ഏഴിന് മുകളില്‍ എക്കോണമി റേറ്റിലാണ് പന്തെറിഞ്ഞത്. പ്രസിദ്ധ് കൃഷ്ണയും ഗുര്‍നൂര്‍ ബ്രാറും അടിവാങ്ങിക്കൂട്ടാന്‍ മത്സരിച്ചപ്പോള്‍ അരങ്ങേറ്റക്കാരന്‍ ആഖിബ് നബിക്കും ആവശ്യത്തിനേറെ തല്ലുകൊണ്ടു.

അന്താരാഷ്ട്ര കരിയറിലെ ആദ്യ ഏകദിന മത്സരത്തില്‍ 8.5 ഓവര്‍ പന്തെറിഞ്ഞ് 9.51 എക്കോണമിയില്‍ 84 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല.

ഇതോടെ ഒരു മോശം നേട്ടമാണ് ആഖിബ് നബിയുടെ പേരില്‍ കുറിക്കപ്പെട്ടത്. ഏകദിന അരങ്ങേറ്റത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളറെന്ന അനാവശ്യ റെക്കോഡാണ് ജമ്മു കശ്മീര്‍ താരത്തിന്റെ പേരില്‍ ചാര്‍ത്തപ്പെട്ടത്.

അരങ്ങേറ്റ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ബൗളര്‍

(താരം – എതിരാളികള്‍ – റണ്‍സ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ആഖിബ് നബി – വെസ്റ്റ് ഇന്‍ഡീസ് – 84 – ഗുവാഹത്തി – 2026*

കാര്‍സണ്‍ ഘാവ്‌രി – ഇംഗ്ലണ്ട് – 83 – ലോര്‍ഡ്‌സ് – 1975

മുഹമ്മദ് സിറാജ് – ഓസ്‌ട്രേലിയ – 76 – അഡ്‌ലെയ്ഡ് – 2019

അതേസമയം, ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത കുല്‍ദീപ് യാദവ് ഗുവാഹത്തിയിലും മികച്ചുനിന്നു. പത്ത് ഓവറില്‍ 65ന് രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് താരം സ്‌പെല്‍ പൂര്‍ത്തിയാക്കിയത്.

കുല്‍ദീപിന് പുറമെ രവീന്ദ്ര ജഡേജയും ഗുര്‍നൂര്‍ ബ്രാറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ ഒരു വിന്‍ഡീസ് ബാറ്ററെയും മടക്കി.

Content Highlight: Auqib Nabi holds the unwanted record of conceding the most runs by an Indian bowler on their ODI debut.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more