വേനല്‍ക്കാലം സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയ സമയങ്ങളിലൊന്നാണ്. ഇഷ്ടപ്പെട്ട ഇടങ്ങളിലേക്കെല്ലാം യാത്ര ചെയ്യാനും കാഴ്ചകള്‍ കണ്ടുനടക്കാനും പറ്റിയ സമയമാണിത്. മഞ്ഞുകാലത്ത് എത്തിച്ചേരാന്‍ കഴിയാത്ത പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാന്‍ പറ്റിയ സമയം കൂടിയാണ് വേനല്‍. വേനല്‍ക്കാലത്ത് എത്തിച്ചേരാന്‍ സഞ്ചാരികള്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒരിടമാണ് ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന ഓലി. ലോകത്തിലെ ഏറ്റവും മികച്ച സ്‌കീയിങ് കേന്ദ്രങ്ങളിലൊന്നു കൂടിയാണ് ഇത്.
പ്രാദേശിക ഭാഷയില്‍ “പുല്‍മേട്” എന്നര്‍ഥമുള്ള “ബുഗ്യാല്‍” എന്ന പേരിലും ഓലി അറിയപ്പെടുന്നു. ആപ്പിള്‍ തോട്ടങ്ങളും ദേവദാരു വൃക്ഷങ്ങളും ഓക്ക് മരങ്ങളുമൊക്കെ നിറഞ്ഞ ഇടമാണ് ഓലി. സമുദ്രനിരപ്പില്‍ നിന്നും 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ട്രക്കിങ്ങിനും സ്‌കീയിങ്ങിനുമായാണ് അധികവും ആളുകള്‍ എത്തിച്ചേരുന്നത്. ഹൈന്ദവ വിശ്വാസികളുടെ പുണ്യസ്ഥലമായ ബദരിനാഥിലേക്കുള്ള വഴിയിലാണ് ഓലി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവിടേക്കുള്ള തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഓലി കൂടി കണ്ടിട്ടാണ് മടങ്ങാറുള്ളത്.
സ്‌കീയിങ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ സ്‌കീയിങ് വിദഗ്ദരുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇത്. സീസണ്‍ ആരംഭിച്ചാല്‍ വിവിധ മത്സരങ്ങളുടെ പരിശീലനത്തിനായും ഇവിടെ ധാരാളം സ്‌കീയേഴ്സ് എത്തിച്ചേരാറുണ്ട്. വേനല്‍ക്കാലമാണ് ഇവിടുത്തെ സ്‌കീയിങ്ങിന് പറ്റിയ സമയം.
ട്രക്കിങ്ങ്
ഇന്ത്യയില്‍ ഇന്നു ലഭ്യമായിരിക്കുന്ന ഏറ്റവും മനോഹരമായ ട്രക്കിങ്ങ് റൂട്ടുകളിലൊന്ന് സ്ഥിതി ചെയ്യുന്നതും ഓലിയിലാണ്. സമുദ്രനിരപ്പില്‍ നിന്നും 2519 മീറ്റര്‍ മുതല്‍ 3049 മീറ്റര്‍ വരെ ഉയത്തിലൂടെ പോകുന്ന ഈ ട്രക്കിങ് റൂട്ട് ഓലിയുടെയും ഹിമാലയത്തിന്റെയും സൗന്ദര്യം ആസ്വാദ്യമാക്കുന്നുണ്ട്.
ഗുര്‍സോ ബുഗ്യാല്‍
സമുദ്രനിരപ്പില്‍ നിന്നും 3056 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഓലിക്ക് അടുത്തുള്ള ഗുര്‍സോ ബുഗ്യാല്‍. ഓലിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഇവിടം ഓലി സന്ദര്‍ശകര്‍ തീര്‍ച്ചയായും എത്തിയിരിക്കണം. താമസൗകര്യം ലഭ്യമാകാത്ത ഇവിടെ പകല്‍ സമയം മാത്രമെ സന്ദര്‍ശിക്കാന്‍ സാധിക്കൂ.
തൃശൂല്‍ കൊടുമുടി
ഓലിയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മറ്റൊരു സ്ഥലമാണ് തൃശൂല്‍ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്നും 7000 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സ്‌കീയിങ്ങിനു പറ്റിയ സ്ഥലം കൂടിയായാ ഈ പ്രദേശത്തിന്റെ മറ്റൊരു പ്രത്യേകത ഇവിടെ സ്ഥിതി ചെയ്യുന്ന ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ പരിശീലന ക്യാംപാണ്.
ഓലി കൃത്രിമ തടാകം
മഞ്ഞുകാലം കഴിഞ്ഞാലും സ്‌കീയിങ്ങിനുള്ള ചെരിവുകളില്‍ മഞ്ഞ് നിലനിര്‍ത്താനായാണ് ഓലിയില്‍ കൃത്രിമ തടാകം നിര്‍മിക്കുന്നത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടം കൂടിയാണിത്.
നന്ദാ ദേവി കൊടുമുടി
ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ നന്ദാ ദേവി കൊടുമുടി ഓലിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. 7817 മീറ്റര്‍ ഉയരമുള്ള ഈ കൊടുമുടി പൂര്‍ണ്ണമായും ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. യുനസ്‌കോയുടെ പൈകൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഈ കൊടുമുടി ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ കൊടുമുടി എന്ന വിശേഷണത്തിനും അര്‍ഹമാണ്.
കേബിള്‍ കാര്‍ യാത്ര
ഏഷ്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള കേബിള്‍ കാര്‍ യാത്ര ഓലിയിലാണ് ഒരുക്കിയിരിക്കുന്നത്. 4 കിലോമീറ്റര്‍ ദൂരത്തിലാണ് കേബിള്‍ കാര്‍ സഞ്ചരിക്കുക. ജോഷിമഠില്‍ നിന്ന് ഓലിഗൊണ്ടോള വരെയാണ് ഇത്. 800 മീറ്റര്‍ ദൂരത്തില്‍ മറ്റൊരു കേബിള്‍ കാര്‍ സര്‍വ്വീസും ഇവിടെയുണ്ട്.
ജനുവരി അവസാന ആഴ്ച മുതല്‍ മാര്‍ച്ച് ആദ്യം വരെയാണ് ഓലി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. സ്‌കീയിങ്ങിന് താല്പര്യമുള്ളവര്‍ക്ക് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ഇവിടം സന്ദര്‍ശിക്കാം. ഋഷികേശ്, ഹരിദ്വാര്‍, ഡെറാഡൂണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരാന്‍ എളുപ്പമാണ്. ഋഷികേശില്‍ നിന്നും ഓലിയിലേക്ക് 196 കിലോമീറ്ററാണ് ദൂരം. മണാലിയില്‍ നിന്നും 417 കിലോമീറ്ററും ഡെല്‍ഹിയില്‍ നിന്നും 383 കിലോമീറ്ററും ബദ്രിനാഥില്‍ നിന്ന് 503 കിലോമീറ്ററും സഞ്ചരിക്കണം ഓലിയിലെത്താന്‍. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ നിന്നും ഇവിടേക്ക് ബസ്, ടാക്സി സര്‍വ്വീസുകള്‍ ലഭ്യമാണ്.