കല്‍പ്പറ്റ: വയനാട് സുഗന്ധ ഗിരിയില്‍ വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിന്റെ ശബ്ദരേഖ പുറത്ത്. പരാതിയില്‍ നിന്ന് പിന്മാറാന്‍ യുവതിയെ പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.
തെറ്റ് പറ്റിയെന്നും നാറ്റിക്കരുതെന്നുമാണ് പുറത്ത് വന്ന ശബ്ദരേഖയില്‍ ഉള്ളത്. കാല്‍ പിടിക്കാം, എന്തുവേണമെങ്കിലും ചെയ്യാമെന്നും രതീഷ് യുവതിയോട് പറയുന്നുണ്ട്. കേസിന് പോകാതിരുന്നാല്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും ശബ്ദരേഖയിലുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണില്‍ വിളിച്ചാണ് രതീഷ് വനിതാ ഓഫീസര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയതെന്നാണ് വിവരം.
എന്നാല്‍ താന്‍ നേരിട്ട പീഡനത്തിനും മാനസിക ബുദ്ധിമുട്ടിനും ആര് മറുപടി പറയുമെന്നാണ് യുവതി തിരികെ ചോദിക്കുന്നത്. ഉദ്യോഗസ്ഥാന്റെ ശബ്ദരേഖ പുറത്ത് വന്നിട്ടും രതീഷിനെ പടിഞ്ഞാറേക്കര പൊലീസ് ഇതുവരെ അറസ് ചെയ്തിട്ടില്ല.
സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലാണ് വനിതാ ബീറ്റ് ഓഫീസർക്കെതിരെ പീഡനശ്രമമുണ്ടായത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ബീറ്റ് ഓഫീസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ബഹളം വെച്ച് പുറത്തേക്ക് ഓടിയതിനാലാണ് വനിത ഓഫീസർരക്ഷപ്പെട്ടത്.
പിന്നാലെ പടിഞ്ഞാറത്തറ പൊലീസ് സംഭവത്തിൽ കേസ് എടുത്തു. സംഭവം വിവാദമായതോടെ രതീഷിനെ കൽപ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിനും വനം വകുപ്പ് ഉത്തരവിട്ടിരുന്നു.
Content Highlight: Audio clip of Forest officer Ratheesh Kumar trying to pressure women beat officer to cancel petition of Sexual Assault in Wayanad