| Wednesday, 4th February 2026, 12:47 pm

ഒരേ കോമഡി രണ്ട് തവണ വർക്ക് ആക്കി ചിരിപ്പിച്ചു; കയ്യടി നേടിയ സർവ്വം മായയിലെ ചില രംഗങ്ങൾ

നന്ദന എം.സി

അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ സർവ്വം മായ തിയേറ്റർ റിലീസിന് പിന്നാലെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. നിവിന്റെ കംബാക്ക് എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തിയത്. നിവിൻ–അജു കൂട്ടുകെട്ടും, ജെൻ സി വൈബോടെയെത്തിയ ‘ഡെലൂലു’ യക്ഷിയേയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. തുടക്കം മുതൽ ഒടുക്കം വരെ യാതൊരു ലാഗുമില്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ചിത്രത്തിന് സാധിച്ചതും മറ്റൊരു പ്രത്യേകതയാണ്.

തിയേറ്റർ റിലീസിന് ശേഷം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ ചിത്രം, ഒ.ടി.ടി റിലീസിന് പിന്നാലെ കൂടുതൽ വിശകലനങ്ങൾക്കും ചർച്ചകൾക്കും ഇടയാവുകയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ പ്രേക്ഷകരെ ഒന്നടക്കം ചിരിപ്പിച്ച രണ്ട് കോമഡി രംഗങ്ങളാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

സർവ്വം മായ, Photo: IMDb

സർവ്വം മായയിൽ സംവിധായകൻ അഖിൽ സത്യൻ ഒരേ തരത്തിലുള്ള സിറ്റുവേഷൻ കോമഡി രണ്ട് വ്യത്യസ്ത സീനുകളിൽ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ആദ്യത്തെ രംഗം പ്രഭ തന്റെ അച്ഛനോട് നാണംകെട്ട് വെറും 200 രൂപ ചോദിക്കുന്നതാണ്. അപ്പോൾ അവിടെയുണ്ടായിരുന്ന അതിഥികളോട് പ്രഭ ആള് മാറി സംസാരിക്കുന്നതും ശേഷം പ്രഭയുടെ ചമ്മലുമാണ് ആ രംഗത്തെ ഏറ്റവും ഹാസ്യപരമാക്കിയത്. ചിലർക്ക് ഈ സീൻ അനാവശ്യമായതായി തോന്നിയെങ്കിലും, തിയേറ്ററുകളിൽ ഈ രംഗത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

സർവ്വം മായ, Photo: YouTube/ Screengrab

ഇതിന് സമാനമായ രീതിയിൽ മറ്റൊരു രംഗം, മായയുടെ കല്ലറ തേടി പോകുന്ന സമയത്താണ് വരുന്നത്. ഇവിടെയും പ്രഭ ആളെ മാറി തന്റെ ചമ്മൽ മറയ്ക്കാൻ ഓരോ വിഡ്ഢിത്തങ്ങൾ പറയുകയും വീണ്ടും കൂടുതൽ ചമ്മലിലേക്ക് വഴുതുകയും ചെയ്യുന്ന കോമഡി സിറ്റുവേഷനാണ് അവതരിപ്പിക്കുന്നത്. രണ്ട് രംഗങ്ങളും ഒരേ തരത്തിലുള്ള ഹ്യൂമറിലാണ് ഒരുക്കിയിരിക്കുന്നത്.

സാധാരണയായി ഒരേ കോമഡി രണ്ടുതവണ ഉപയോഗിച്ച് ചിരി ഉണ്ടാക്കുക എളുപ്പമല്ല. എന്നാൽ സർവ്വം മായയിൽ അഖിൽ സത്യൻ അത് വിജയകരമായി സാധ്യമാക്കിയെന്നാണ് പ്രേക്ഷക അഭിപ്രായം. ഒരേ കോമഡി തന്നെ രണ്ട് സ്ഥലങ്ങളിൽ അവതരിപ്പിച്ചിട്ടും രണ്ടുതവണയും കയ്യടി നേടാൻ ചിത്രത്തിന് കഴിഞ്ഞു.

സർവ്വം മായ, Photo: YouTube/ Screengrab

ഇത്തരം അറിയാതെ ചിരി വരുത്തുന്ന സിറ്റുവേഷൻ കോമഡികൾ അഖിൽ സത്യന്റെ ആദ്യചിത്രമായ പാച്ചുവും അത്ഭുത വിളക്കിലും ഉണ്ടായിരുന്നുവെന്നും പ്രേക്ഷകർ ഓർമിപ്പിക്കുന്നു.

ഒരേ സിറ്റുവേഷൻ കോമഡി വ്യത്യസ്ത സിനിമകളിൽ ഉപയോഗിച്ചിട്ടുള്ള ഉദാഹരണങ്ങൾ മലയാള സിനിമയിൽ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഉദാഹരണമായി, കാക്കക്കുയിൽ സിനിമയിലെ ‘കീ കയ്യിൽ ഇല്ലല്ലോ’ എന്ന രംഗവും, അതുപോലെ പ്രിയദർശൻ ചിത്രങ്ങളിലെ ‘ആദ്യം ആരാ കണ്ടത്’ പോലുള്ള കോമഡി മുഹൂർത്തങ്ങളും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഒരേ സിനിമയ്ക്കുള്ളിൽ തന്നെ ഒരേ കോമഡി രണ്ട് വ്യത്യസ്ത ഘട്ടങ്ങളിൽ ഉപയോഗിച്ച് വിജയിപ്പിച്ചതാണ് സർവ്വം മായയെ പ്രത്യേകമാക്കുന്നത് എന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം.

Content Highlight: Audiences talk about some scenes from the movie Sarvam Maya

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more