| Tuesday, 2nd June 2026, 9:02 am

പൃഥ്വി ഇടയ്‌ക്കൊന്ന് പുറത്തിറങ്ങി നടക്കും ഖലീഫയുടെ ഹൈപ്പുയരും, മറുവശത്ത് വെറുതെ നിന്ന് അയാം ഗെയിമിന് ഹൈപ്പുയര്‍ത്തി ദുല്‍ഖര്‍

അശ്വിന്‍ രാജേന്ദ്രന്‍

വമ്പന്‍ ബിസിനസാണ് മോളിവുഡില്‍ 2026 പകുതിയായപ്പോള്‍ തന്നെ നടന്നിരിക്കുന്നത്. ആട് 3, 100 കോടിയും അതിന് ശേഷം വലിയ ഒച്ചപ്പാടില്ലാതെ തിയേറ്ററുകളിലെത്തിയ വാഴ 2, ഏവരെയും ഞെട്ടിച്ചുകൊണ്ട് 200 കോടിയും നേടിയതിനൊപ്പം ദൃശ്യം 3യുടെ ബോക്‌സ് ഓഫീസ് കത്തിക്കല്‍ കൂടെയായപ്പോള്‍ ഫെസ്റ്റിവല്‍ മൂഡിലാണ് കേരളത്തിലെ തിയേറ്ററുകള്‍. വമ്പന്‍ മാസ് ആക്ഷന്‍ ചിത്രങ്ങള്‍ അല്ലാതിരുന്നിട്ട് കൂടി മേല്‍പറഞ്ഞ ചിത്രങ്ങള്‍ക്കെല്ലാം വലിയ വിജയം കിട്ടുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനാകുന്ന ഖലീഫയും ദുല്‍ഖര്‍ സല്‍മാന്‍ നായകനായി റിലീസിനൊരുങ്ങുന്ന അയാം ഗെയിമും.

ഖലീഫ. Photo: X.com

ചിത്രങ്ങളുമായി ബന്ധപ്പെട്ട് കാര്യമായ അപ്‌ഡേറ്റുകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും വലിയ ആവേശമാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ ഇരു ചിത്രങ്ങളും ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്. മലയാളത്തിലെ ഹിറ്റ് ഡയറക്ടര്‍ വൈശാഖ് സംവിധാനം ചെയ്ത് ആമിര്‍ അലി എന്ന സ്വര്‍ണകടത്തുകാരനായി പൃഥ്വിരാജ് വേഷമിടുന്ന ചിത്രത്തിനായുള്ള താരത്തിന്റെ രണ്ട് ലുക്കുകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ക്ലീന്‍ ഷേവ് ലുക്കില്‍ വമ്പന്‍ ഫിസിക്കില്‍ താരം ഷൂട്ടിനായി പ്രത്യക്ഷപ്പെട്ടത് മുതല്‍ ചിത്രത്തിനായുള്ള ഹൈപ്പ് വര്‍ധിച്ചിരുന്നു.

ഹൈ വോള്‍ട്ട് ആക്ഷന്‍ എന്റര്‍ടെയിനറായ ചിത്രത്തില്‍ പൃഥ്വിക്കൊപ്പം അതിഥി വേഷത്തില്‍ മാമ്പറക്കല്‍ അഹമ്മദാലി എന്ന കഥാപാത്രമായി മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ കൂടെയെത്തുമ്പോള്‍ ചിത്രം ബോക്‌സ് ഓഫീസിലെ സകല റെക്കോര്‍ഡുകളും തകര്‍ക്കാനുള്ള പൊട്ടന്‍ഷ്യലുമായാണ് എത്തുന്നത് എന്നതില്‍ സംശയമില്ല. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചിത്രത്തില്‍ ടൊവിനോ തോമസും പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അയാം ഗെയിo. Photo: X.com

മറുവശത്ത് ഇന്ത വാട്ടി മിസ്സേ ആകാത് എന്ന് ഉറപ്പിച്ചുകൊണ്ട് ഓഗസ്റ്റ് 20 എന്ന റിലീസ് ഡേറ്റ് ഇതിനോടകം ലോക്ക് ചെയ്തരിക്കുകയാണ് അയാം ഗെയിമിലൂടെ ദുല്‍ഖര്‍ സല്‍മാന്‍. ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഒരു പക്കാ ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും ചിത്രം. 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയിലൂടെ നേരിട്ട പരാജയത്തിന് പലിശയടക്കം കടം വീട്ടാനാണ് അയാം ഗെയിമിലൂടെ വീണ്ടും മലയാളത്തിലേക്കുള്ള ദുല്‍ഖറിന്റെ വരവെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. തെലുങ്കിലും തമിഴിലും സജീവമായ ദുല്‍ഖറിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്ന രീതിയില്‍ തന്നെ ചിത്രം ഇതിനോടകം വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Content Highlight: Audience wait for Prithviraj starrer Khalifa and Dulquer Salman starrer I’m Game

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more