| Wednesday, 30th July 2025, 5:08 pm

തിയേറ്ററിന് പുറത്ത് അഴിച്ചിട്ട ചെരുപ്പുകള്‍, ഇന്റര്‍വെല്ലിന് ഭജന, മാളികപ്പുറത്തിന് ശേഷം തിയേറ്ററുകളെ അമ്പലമാക്കി മഹാവതാര്‍ നരസിംഹയുടെ പ്രേക്ഷകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്ത് മുന്‍നിരയിലെത്തിയ പ്രൊഡക്ഷന്‍ ഹൗസാണ് ഹോംബാലെ ഫിലിംസ്. 2014ല്‍ നിര്‍മാണരംഗത്തേക്ക് കടന്നുവന്ന ഹോംബാലെ ശ്രദ്ധിക്കപ്പെട്ടത് 2018ല്‍ റിലീസായ കെ.ജി.എഫ് ചാപ്റ്റര്‍ വണ്ണിലൂടെയാണ്. പിന്നീട് പാന്‍ ഇന്ത്യന്‍ തലത്തില്‍ വമ്പന്‍ പ്രൊജക്ടുകള്‍ ഹോംബാലെ സമ്മാനിച്ചു.

ഹോംബാലേ ഫിലിംസും ക്ലീം പ്രൊഡക്ഷന്‍സും നിര്‍മിച്ച് തിയേറ്ററുകളിലെത്തിയ അനിമേഷന്‍ ചിത്രം മഹാവതാര്‍ നരസിംഹയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഹോംബാലേയുടെ മഹാവതാര്‍ യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് നരസിംഹ. നവാഗതനായ ജയപൂര്‍ണ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റം നടത്തുന്ന ചിത്രത്തിന്റെ പ്രദര്‍ശനം കാണാനെത്തിയ ഒരുകൂട്ടമാളുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഭക്തി സിനിമയായതിനാല്‍ പ്രേക്ഷകരും ഭക്തിയോടെയാണ് തിയേറ്ററിലെത്തിയത്. സീറ്റില്‍ ഇരിക്കുന്നതിന് മുമ്പ് പുറത്ത് ചെരുപ്പഴിച്ച് വെച്ചിട്ടാണ് പലരും കയറിയത്. ഇന്റര്‍വെല്ലിന് ഭജന ചൊല്ലുകയും നരസിംഹത്തെ കാണിക്കുന്ന സീനില്‍ നാമം ചൊല്ലുകയും ചെയ്യുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പല തരത്തിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘സിനിമയെ സിനിമയായി കാണാതെ ഇത്രയും ഭക്തിയോടെ എന്തിനാണ് കാണുന്നത്’ എന്നാണ് പലരും ചോദിക്കുന്നത്. ‘ഇന്റര്‍വെല്ലിനുള്ള പ്രസാദം പോപ്‌കോണും പെപ്‌സിയുമാകുമോ, അതോ ലഡു കിട്ടുമോ’ എന്നും ചിലര്‍ ചോദിക്കുന്നു.

‘ഇക്കണക്കിന് രാമായണം സിനിമ റിലീസാകുമ്പോള്‍ തിയേറ്ററിനകത്ത് ഹോമം നടത്തുമോ’ എന്നുള്ള കമന്റുകളും കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രവൃത്തിയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. എക്‌സിലാണ് അനുകൂലിക്കുന്നവരെ കൂടുതലായി കാണാന്‍ സാധിക്കുന്നത്. ‘ഇന്നത്തെ തലമുറയെ ഡിപ്രഷനിലേക്ക് നയിക്കുന്ന സൈയ്യാര പോലുള്ള സിനിമകളെക്കാള്‍ ഇത്തരം സിനിമകളാണ് വരുംതലമുറയെ കാണിക്കേണ്ടത്’, ‘സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കുന്ന സിനിമ ഓരോ ഭാരതീയനും കാണണം’ തുടങ്ങി നിരവധി കമന്റുകള്‍ കാണാന്‍ സാധിക്കും.

എന്നാല്‍ ഇത് ആദ്യമായല്ല ഇത്തരമൊരു അനുഭവമുണ്ടാകുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ഛാവയുടെ പ്രദര്‍ശനത്തിനിടെ പലരും ശിവജിയെ സ്തുതിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. പ്രഭാസ് നായകനായ ആദിപുരുഷ്, തേജ സജ്ജയുടെ ഹനുമാന്‍ എന്നീ സിനിമകളുടെ പ്രദര്‍ശനത്തിനിടെ ഹനുമാന്‍ ചാലിസ ചൊല്ലുന്നതും ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിന്റെ പ്രദര്‍ശനത്തിനിടയില്‍ ശരണം വിളിക്കുന്ന വീഡിയോയും വൈറലായിരുന്നു.

Content Highlight: Audience Response of Mahavatar Narasimha movie viral in social media

We use cookies to give you the best possible experience. Learn more