| Wednesday, 21st January 2026, 4:00 pm

കളങ്കാവലിൽ വിനായകന്റേത് നിയന്ത്രിത അഭിനയം; പിന്തുണയുമായി ആരാധകർ

നന്ദന എം.സി

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഏറ്റെടുത്ത സിനിമയായിരുന്നു വിനായകൻ നായകനായും മമ്മൂട്ടി പ്രതിനായകനുമായെത്തിയ ‘കളങ്കാവൽ’. മമ്മൂട്ടി പ്രതിനായക വേഷത്തിലെത്തുന്നുവെന്ന പ്രത്യേകത തന്നെയാണ് റിലീസിന് മുമ്പ് സിനിമയോടുള്ള ആകാംഷ കൂട്ടിയത്. ആ പ്രതീക്ഷകൾക്ക് ഒരു കുറവുമുണ്ടാക്കാതെ തന്നെ ചിത്രം തിയേറ്ററുകളിൽ വൻ വിജയം കൈവരിച്ചു.

തിയേറ്റർ റിലീസിന് പിന്നാലെ ഇന്ത്യയൊട്ടാകെ സിനിമയെ കുറിച്ചും മമ്മൂട്ടിയുടെ സൈക്കോ കഥാപാത്രത്തെ കുറിച്ചും വിനായകന്റെ പ്രകടനത്തെ കുറിച്ചും വ്യാപകമായ ചർച്ചകളുണ്ടായി. തിയേറ്ററിൽ ലഭിച്ച പ്രശംസകൾക്കൊപ്പം, ഒ.ടി.ടി റിലീസിന് ശേഷവും ‘കളങ്കാവൽ’ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

കളങ്കാവൽ, Photo: SonyLIV/Screengrab

എന്നാൽ ഇതോടൊപ്പം വിനായകൻ അവതരിപ്പിച്ച നത്തെന്ന കഥാപാത്രത്തിനെതിരെ വിമർശനവുമായി ഒരു വിഭാഗം പ്രേക്ഷകർ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിൽ വിനായകന്റെ അഭിനയം പോരാ എന്നതാണ് ഒരു കൂട്ടം പ്രേക്ഷകരുടെ അഭിപ്രായം. എന്നാൽ ഈ വിമർശനങ്ങൾക്ക് പിന്നിൽ, അദ്ദേഹം മുമ്പ് അവതരിപ്പിച്ച അതിഗംഭീര കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നതുകൊണ്ടാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

എഴുത്തുകാരൻ രൂപപ്പെടുത്തിയ രീതിയിൽ തന്നെ കഥാപാത്രത്തെ വിനായകൻ അവതരിപ്പിച്ചുവെന്നും, അതിനുള്ളിൽ നിന്ന് തന്നെയാണ് അദ്ദേഹം അഭിനയിച്ചതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

കളങ്കാവൽ, Photo: SonyLIV/Screengrab

വിനായകന്റെ പതിവായ എനർജറ്റിക് പെർഫോമൻസ് പ്രതീക്ഷിച്ച പ്രേക്ഷകർക്ക് പകരം, ഏറെ നിയന്ത്രിതവും അച്ചടക്കവുമുള്ള ഒരു വിനായകനെയാണ് ചിത്രത്തിൽ കണ്ടതെന്ന കാരണത്താലാണ് ഒരു കൂട്ടം പ്രേക്ഷകർ വിനായകന്റെ അഭിനയത്തെ വിമർശിച്ചത്. സാധാരണയായി ശക്തമായ ശബ്ദവും തനതായ ശരീരഭാഷയും ഉപയോഗിക്കുന്ന നടനാണ് വിനായകൻ. ജെയ്‌ലർ കമ്മട്ടിപ്പാടം എന്നീ സിനിമകിലൂടെ ഓരോ മലയാളികളും കണ്ടതുമാണ് അദ്ദേഹത്തിന്റെ അഭിനയ മികവ്.

എന്നാൽ ‘കളങ്കാവലിൽ ആ ശൈലി അദ്ദേഹം ബോധപൂർവം നിയന്ത്രിക്കാൻ ശ്രമിച്ചതാണ് ചിലർക്കു അദ്ദേഹത്തിന്റെ സാധാരണ അഭിനയമികവ് നഷ്ടപ്പെട്ടതായി തോന്നാൻ കാരണമെന്നും ആരാധകർ പറയുന്നു.

കളങ്കാവൽ, Photo: IMDb

സാധാരണയായി ശരീരം വളരെ ഫ്ലെക്സിബിൾ ആയി ഉപയോഗിക്കുന്ന നടനാണ് വിനായകൻ. എന്നാൽ ഇതിലെ കഥാപാത്രം ഒരു പ്രത്യേക ചട്ടക്കൂട്ടിൽ നിൽക്കുന്നുന്നതാണ്. ആ കഥാപാത്രത്തിന്റെ ഗൗരവം കാണിക്കാൻ അദ്ദേഹം സ്വീകരിച്ച ശരീരഭാഷ പലപ്പോഴും ഒരു അഭിനയമായി തന്നെ തോന്നിപ്പോകുന്നു.

ഉള്ളിൽ നിന്ന് വരുന്ന ഒരു ഭാവമായി മാറുന്നില്ലെന്നും ഒരു കൂട്ടം വിമർശിച്ചു. എന്നാൽ മനഃപൂർവം ഗൗരവം വരുത്തിവെക്കാൻ ശ്രമിക്കുമ്പോൾ ശരീരത്തിന്റെ വഴക്കം നഷ്ടപ്പെടുമെന്നും അതുകൊണ്ടാണ് ‘എയർ പിടിച്ചുള്ള’ നിൽപ്പ് പോലെ തോന്നാനുള്ള പ്രധാന കാരണമെന്നും ആരാധകർ പറയുന്നു. കഥാപാത്രത്തിന്റെ കാർക്കശ്യം കാണിക്കാൻ വേണ്ടി വിനായകൻ തെരഞ്ഞെടുത്ത ശൈലി തന്നെയാണ് മികച്ച അഭിനയമെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഒരു നടന്റെ വിജയം, കാണുന്നവർക്ക് അത് അഭിനയമാണെന്ന് തോന്നാത്തിടത്താണ് എന്ന പൊതുവായ വിലയിരുത്തലിലേക്ക് എത്തിച്ചേരുമ്പോൾ, ഈ ചിത്രത്തിൽ വിനായകന്റെ പല മൂവ്‌മെന്റുകളും നിൽപ്പുകളും ‘ഞാൻ അഭിനയിക്കുകയാണ്’ എന്ന് വിളിച്ചുപറയുന്നതുപോലെ തോന്നിയെന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത്. എന്നാൽ ചിത്രത്തിലെ സംഭാഷണം റൈറ്റർ നൽകുന്നതാണ്, എന്നാൽ പ്രതികരണവും അഭിനയവും ഒരു നടൻ സ്വന്തമായി സൃഷ്ടിക്കുന്നതാണ്. അതിൽ ഒരുപാട് നിയന്ത്രണങ്ങൾ വിനായകന് ഉണ്ടായിരുന്നെന്നും പ്രേക്ഷകർ പറയുന്നു.

കൺട്രോൾ ചെയ്ത അഭിനയം കൂടുതൽ സ്വാഭാവികമായിരുന്നെങ്കിൽ, മമ്മൂട്ടിയോട് തുല്യമോ അല്ലെങ്കിൽ അതിനപ്പുറവും അദ്ദേഹം ശ്രദ്ധ നേടുമായിരുന്ന കഥാപാത്രമാണ് വിനായകന്റേതെന്ന് പ്രേക്ഷകർ പറയുന്നു.

Content Highlight: Audience comments on Vinayakan’s performance in the movie Kalamkaval

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more