പ്യൂർട്ടോ റിക്കോ: മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിലെ ദേശീയ വസ്ത്രധാരണ റൗണ്ടിൽ ഇസ്രഈൽ പ്രതിനിധിക്ക് നേരെ കാണികളിൽനിന്ന് രൂക്ഷമായ കൂവലും പ്രതിഷേധവും. ‘സമാധാനം’ എന്ന സന്ദേശവും കിഴക്കൻ ജറുസലേമിന്റെയും ഒലിവ് മരങ്ങളുടെ ചിത്രങ്ങളും ആലേഖനം ചെയ്ത വസ്ത്രം ധരിച്ചെത്തിയ ഡാനിയേൽ യാബ്ലോങ്കയ്ക്കെതിരെയാണ് വേദിയിലും സമൂഹമാധ്യമങ്ങളിലും പ്രതിഷേധമുയർന്നത്.
സ്വർണനിറത്തിലുള്ള ആഭരണങ്ങൾ പതിച്ച മേൽവസ്ത്രവും ബൂട്ടുകളും കിരീടവുമണിഞ്ഞ് വേദിയിലെത്തിയ 25കാരിയായ ഡാനിയേൽ ഇരുകൈകളും വിടർത്തിയതോടെ ഒലിവ് മരങ്ങളുടെയും ജാഫ ഓറഞ്ചുകളുടെയും ചിത്രങ്ങളുള്ള മറ്റൊരു വസ്ത്രം വെളിപ്പെടുകയായിരുന്നു. ഇംഗ്ലീഷ്, ഹീബ്രു, അറബി ഭാഷകളിൽ ‘സമാധാനം’ എന്ന് വസ്ത്രത്തിന്റെ താഴ്ഭാഗത്ത് എഴുതിയിരുന്നു.
ജഡ്ജിമാർക്കു മുന്നിൽ പോസ് ചെയ്തതിനു പിന്നാലെ വേദിയിൽ ഉണ്ടായ സംഗീതത്തിന്റെ ശബ്ദത്തെയും മറികടക്കുന്ന തരത്തിൽ കാണികളിൽനിന്ന് ഉച്ചത്തിലുള്ള കൂവലുകളും പ്രതിഷേധശബ്ദങ്ങളും ഉയർന്നു.
അന്താരാഷ്ട്ര നിയമപ്രകാരം അധിനിവേശ പ്രദേശമായി കണക്കാക്കപ്പെടുന്നതും ഫലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായി വിഭാവനം ചെയ്യുന്നതുമായ കിഴക്കൻ ജറുസലേമിനെ ഇസ്രഈൽ പ്രതിനിധി ഉപയോഗിച്ചതിനെതിരെ വലിയ വിമർശനമാണുയരുന്നത്.
ഗസയിലെ വംശഹത്യയും വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ തുടരുന്ന വംശീയ ഉന്മൂലന നടപടികളും ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായത്.
ഫലസ്തീൻ ദേശീയ സ്വത്വത്തിന്റെ പ്രധാന പ്രതീകങ്ങളായ ഒലിവ് മരങ്ങളും ജാഫ ഓറഞ്ചുകളും വസ്ത്രത്തിൽ ഉൾപ്പെടുത്തിയതിനെയും നിരവധി പേർ ചോദ്യം ചെയ്തു. വെസ്റ്റ് ബാങ്കിൽ ഇസ്രഈലി കുടിയേറ്റക്കാരും സൈന്യവും ഫലസ്തീനികളുടെ ഒലിവ് തോട്ടങ്ങൾ ആസൂത്രിതമായി നശിപ്പിക്കുകയും പിഴുതെറിയുകയും ചെയ്യുമ്പോഴാണ് ഈ പ്രതീകങ്ങൾ സമാധാന സന്ദേശത്തിനൊപ്പം ഉപയോഗിച്ചതെന്ന് പലരും ചൂണ്ടിക്കാട്ടി.
മത്സരത്തിന്റെ അവതാരകൻ ഇസ്രഈലിനെ പരിചയപ്പെടുത്തിയ രീതിയും വിമർശനത്തിന് കാരണമായി. ‘മരുഭൂമിയിൽ പോലും പൂക്കൾ വിരിയുന്ന നാട്’, ‘വരണ്ട ഭൂപ്രദേശങ്ങളെ സമൃദ്ധമായ കാർഷിക സമൂഹങ്ങളാക്കി മാറ്റിയ രാജ്യം’ എന്നിങ്ങനെയായിരുന്നു അവതാരകന്റെ വിശേഷണം.
അധിനിവേശത്തെ ന്യായീകരിക്കാനും ഫലസ്തീൻ ചരിത്രത്തെ മായ്ച്ചുകളയാനുമുള്ള കൊളോണിയൽ പ്രചാരണ വാചകങ്ങളാണ് അവതാരകൻ ആവർത്തിച്ചതെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.
ജൂത കുടിയേറ്റക്കാർ എത്തുന്നതിനു മുമ്പ് ഈ പ്രദേശങ്ങൾ ജനവാസമില്ലാത്തതായിരുന്നുവെന്ന തെറ്റായ ധാരണ സൃഷ്ടിക്കാനാണ് ഇത്തരം പ്രയോഗങ്ങൾ ഉപയോഗിക്കുന്നതെന്നും, ഒട്ടോമൻ ഭരണകാലത്തുതന്നെ ഫലസ്തീനിൽ കാർഷിക വികസനവും ലോകപ്രശസ്തമായ ജാഫ ഓറഞ്ചിന്റെ ഉത്പ്പാദനവും നിലനിന്നിരുന്നതായും ചരിത്രരേഖകൾ ഉദ്ധരിച്ച് പലരും വ്യക്തമാക്കി.
Content Highlight:Audience boos Israeli contestant at Miss Universe pageant; she appeared wearing an outfit with the word ‘Peace’ written on it.