| Sunday, 7th June 2026, 11:00 am

അഫ്ഗാന്‍ പരമ്പര അവന് നഷ്ടമായതില്‍ സന്തോഷം; കോഹ്‌ലിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

ഫസീഹ പി.സി.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഏകദിന പരമ്പരക്കാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ജൂണ്‍ 13 മുതലാണ് പരമ്പരക്ക് തുടക്കമാവുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ നിന്ന് സൂപ്പര്‍ താരം വിരാട് കോഹ്‌ലി പരിക്കേറ്റ് പുറത്തായിരുന്നു. ഐ.പി.എല്‍ ഫൈനലിനിടെയേറ്റ ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തിന് വിനയായത്.

ഇപ്പോള്‍ കോഹ്‌ലി പുറത്തായതില്‍ തനിക്ക് സന്തോഷം മാത്രമാണുള്ളത് എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന്‍. അടുത്ത ലോകകപ്പ് വരെ നടക്കുന്ന എല്ലാ പരമ്പരകളിലും കളിച്ചാൽ അത് താരത്തിന് അതിമാഭാരമായേക്കാമെന്നും അതിനാല്‍ വിശ്രമിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

കോഹ്‌ലി മത്സരങ്ങള്‍ തെരഞ്ഞെടുത്ത് കളിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരാമെങ്കിലും താരത്തിനെ പോലൊരു പ്രതിഭയുടെ കാര്യത്തില്‍ റിസ്‌ക് എടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അതുല്‍ വാസന്‍.

അതുൽ വാസൻ.

‘അഫ്ഗാനിസ്ഥാന്‍ പരമ്പര വിരാട് കോഹ്‌ലിക്ക് നഷ്ടമാകുമെന്ന വാര്‍ത്തയില്‍ ഞാന്‍ സന്തുഷ്ടനാണ്. അടുത്ത ലോകകപ്പ് വരെ നടക്കുന്ന എല്ലാ പരമ്പരകളിലും കളിച്ചാല്‍ അത് അവന്റെ ശരീരത്തിന് അമിതഭാരമായേക്കാം. കൂടാതെ, ഐ.പി.എല്ലിലെ കടുത്ത മത്സരങ്ങളും ഈ ചൂടില്‍ കളിക്കുന്നതും കണക്കിലെടുക്കുമ്പോള്‍ ഏറ്റവും പ്രായോഗികമായ തീരുമാനം അവന്‍ വിശ്രമമെടുക്കുന്നത് തന്നെയാണ്.

കോഹ്‌ലി മത്സരങ്ങള്‍ തെരഞ്ഞെടുത്ത് കളിക്കുന്നുവെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കാം. എങ്കിലും, ചെറിയൊരു അസ്വസ്ഥതയുണ്ടെങ്കില്‍ പോലും അത് തിരിച്ചറിയാനുള്ള പക്വത അവനുണ്ട്. അവനെപ്പോലെ ഒരു പ്രതിഭയുടെ കാര്യത്തില്‍ നമ്മള്‍ ഒരു റിസ്‌കും എടുക്കരുത്,’ അതുല്‍ വാസന്‍ പറഞ്ഞു.

വിരാട് കോഹ്‌ലി. Photo: Rajasthan Royals/x.com

ജൂണ്‍ 13, 17, 20 എന്നീ ദിവസങ്ങളിലാണ് ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ഏകദിന മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ പരമ്പരക്ക് കോഹ്‌ലിയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടുണ്ട്. യശസ്വി ജെയ്സ്വാളാണ് ടീമിലെത്തിയത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്.

Content Highlight: Atul Wassan says he is happy with the news about Virat Kohli missing this series against Afghanistan

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more