| Wednesday, 21st October 2026, 2:28 pm

ശ്രീനാരായണ ഗുരുവിനെ സംഘവത്ക്കരിക്കാനും ധർമസംഘം ട്രസ്റ്റ് പിടിച്ചെടുക്കാനുമുള്ള ശ്രമം വിജയിക്കില്ല: പി. ജയരാജൻ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: മതങ്ങൾക്കതീതമായി ആത്മീയത ഉയർത്തിപ്പിടിച്ച നവോത്ഥാന നായകനാണ് ശ്രീനാരായണഗുരുവെന്നും അദ്ദേഹത്തെ ആർ.എസ്.എസ് വത്ക്കരിക്കാനും ശിവഗിരി ധർമസംഘം ട്രസ്റ്റിന്റെ നിയന്ത്രണം കൈക്കലാക്കാനുമുള്ള നീക്കം ഒരിക്കലും വിജയിക്കില്ലെന്നും സി.പി.ഐ.എം നേതാവ് പി. ജയരാജൻ.

ശിവഗിരിയെ കൈയടക്കുക വഴി കേരളത്തെ വരുതിയിലാക്കുക എന്നത് ആർ.എസ്.എസിന്റെ ദശകങ്ങളായുള്ള അജണ്ടയാണെന്നും ധർമ്മസംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംഘപരിവാർ നീക്കത്തിനെതിരെ ശ്രീനാരായണീയർ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം റിപ്പോർട്ടർ ടി.വിയോട് പറഞ്ഞു.

‘ജാതിക്കതീതമായി മാത്രമല്ല, മതാതീതമായി ആത്മീയത ഉയർത്തിപ്പിടിച്ച ആളാണ് ശ്രീനാരായണഗുരു. ആ ഗുരുവിനെ ആർ.എസ്.എസിന് ഒരിക്കലും കൈയടക്കാൻ കഴിയില്ല. ധർമസംഘം ട്രസ്റ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ആർ.എസ്.എസിന്റെ ദീർഘകാല പദ്ധതി മുൻപും പരാജയപ്പെട്ടതാണ്. ഇപ്പോഴത്തെ ശ്രമവും വിജയിക്കാൻ പോകുന്നില്ല,’ പി. ജയരാജൻ വ്യക്തമാക്കി.

1940-കളിൽ കേരളത്തിൽ ശാഖാപ്രവർത്തനം തുടങ്ങിയ കാലം മുതലുള്ള ആസൂത്രിത നീക്കമാണിതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സാമൂഹ്യവികാസത്തിൽ ശ്രീനാരായണ ഗുരുവിന് ശേഷം നാട് വഴിമാറി സഞ്ചരിച്ചു എന്ന ആർ.എസ്.എസ് താത്വികാചാര്യൻ പി. പരമേശ്വരന്റെ പ്രസ്താവന ഇതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളീയ സമൂഹത്തിൽ പിടിമുറുക്കാൻ ശ്രീനാരായണീയരെ വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടെ ആർ.എസ്.എസ് നടപ്പാക്കുന്ന പദ്ധതിയെ മുതിർന്ന മാധ്യമപ്രവർത്തകൻ എം.എസ്. മണി ‘ഗ്രാൻഡ് ഡിസൈൻ’ എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ‘ശിവഗിരി കുന്നിൻമേൽ കാർമേഘങ്ങൾ’ എന്ന പുസ്തകത്തിൽ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജയരാജൻ വ്യക്തമാക്കി.

ഈ ഗൂഢനീക്കങ്ങളെക്കുറിച്ച് സ്വാമി ശാശ്വതീകാനന്ദ വെളിപ്പെടുത്തിയ കാര്യങ്ങളും ജയരാജൻ എടുത്തുപറഞ്ഞു. ‘ഒരിക്കൽ ചെങ്കോട്ടുകോണം മഠാധിപതിയായിരുന്ന സ്വാമി സത്യാനന്ദ സരസ്വതി ശിവഗിരിയിലെത്തി സ്വാമി ശാശ്വതീകാനന്ദയോട് സംസാരിച്ചിരുന്നു. ആർ.എസ്.എസ് പ്രചാരകനായിരുന്ന അദ്ദേഹം നമ്മൾ ഇരുവരും ഒത്തുചേർന്നാൽ കേരളം നമ്മുടെ കൈയിലിരിക്കും എന്നാണ് അന്ന് പറഞ്ഞത്’അദ്ദേഹം പറഞ്ഞു.

1995-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ശിവഗിരിയിൽ നടന്ന പൊലീസ് നരനായാട്ട് ഇതിന്റെ ഭാഗമായിരുന്നു. ശ്രീനാരായണ ദർശനങ്ങൾ മുറുകെപ്പിടിക്കാൻ കോടതിയെ സമീപിച്ച സന്യാസിമാരെ കോടതിവിധി നടപ്പാക്കാനെന്ന വ്യാജേന പൊലീസ് ക്രൂരമായി തല്ലിച്ചതച്ചപ്പോൾ, ആ നരനായാട്ടിനെ പരസ്യമായി പിന്തുണച്ചത് അന്നത്തെ ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾക്ക് ആർ.എസ്.എസിന്റെ തത്വങ്ങളുമായി യാതൊരു പൊരുത്തവുമില്ലെന്ന് പി. ജയരാജൻ വ്യക്തമാക്കി.

138 വർഷങ്ങൾക്ക് മുമ്പ് ഗുരു നടത്തിയ ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠയിൽ സ്വന്തം കൈപ്പടയിൽ എഴുതിവെച്ച വരികൾ അദ്ദേഹം ഓർമിപ്പിച്ചു; ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാത്ത സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’. ഗുരുവിന്റെ ഈ ശ്ലോകം ഒരു ആർ.എസ്.എസ് ശാഖയിൽ ചൊല്ലിയാൽ പിന്നെ ആ സംഘടനയ്ക്ക് നിലനിൽപ്പുണ്ടാകില്ല, എന്ന് ജയരാജൻ പറഞ്ഞു.

ആത്മോപദേശ ശതകത്തിലൂടെ എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്നാണ് ഗുരു പഠിപ്പിച്ചത്. രണ്ടു മനുഷ്യർ തമ്മിൽ കണ്ടുമുട്ടുമ്പോൾ പേരോ ഊരോ തൊഴിലോ ജാതിയോ ചോദിക്കേണ്ടതില്ലെന്നും, മനുഷ്യശരീരം കണ്ടാൽ തന്നെ തിരിച്ചറിയാമെന്നും ജാതിരഹിത മാനവികത ഉയർത്തിക്കാട്ടിയ ആളാണ് ഗുരുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണഗുരു രൂപീകരിച്ച ശിവഗിരി ധർമസംഘം ട്രസ്റ്റിന്റെ ബൈലോയിൽ എവിടെയും ഇതൊരു ഹിന്ദു സന്യാസിമാരുടെ സംഘമാണെന്ന് പറയുന്നില്ല. ജാതിഭേദവും മതാന്ധതയും ഇല്ലാതാക്കുക എന്നതാണ് ട്രസ്റ്റിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ രാജ്യത്തുടനീളം മതാന്ധതയും വെറുപ്പും വിതയ്ക്കുന്ന സംഘപരിവാർ, ഈ അടിസ്ഥാന തത്വങ്ങൾ മറച്ചുവെച്ചുകൊണ്ട് ശിവഗിരിയെ കൈക്കലാക്കാൻ ശ്രമിക്കുന്നത് ഗുരുനിന്ദയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവഗിരി തീർത്ഥാടനത്തിന് ഗുരു നൽകിയ എട്ടിന കർമ്മപരിപാടികളും സംഘപരിവാർ അജണ്ടയ്ക്ക് എതിരാണ്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരാരാധന, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്രവിജ്ഞാനം എന്നീ പുരോഗമനാശയങ്ങളാണ് ഗുരു സമൂഹത്തിന് മുന്നിൽ വെച്ചത്. ശുചിത്വത്തെക്കുറിച്ചും ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ചും കൃഷിയെക്കുറിച്ചും ഉള്ള ബോധവൽക്കരണ പ്രഭാഷണങ്ങൾ കേൾക്കാനാണ് ശിവഗിരിയിലേക്ക് ആളുകൾ എത്തേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു. ഈ കർമ്മപദ്ധതികളൊന്നും ആർ.എസ്.എസിന്റെ ശാഖാ അജണ്ടകളിൽ പെടുന്നതല്ല.

ചരിത്രത്തെ എങ്ങനെ വളച്ചൊടിക്കുന്നുവോ അതേപോലെ ഗുരുവിന്റെ ദർശനങ്ങളെയും അട്ടിമറിക്കാനാണ് ആർ.എസ്.എസ് കാലാകാലങ്ങളായി ശ്രമിക്കുന്നത്. നിലവിലെ ധർമസംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 11 ഓളം സന്യാസിമാർക്ക് പിന്നിൽ ആർ.എസ്.എസിന്റെ ശക്തമായ പിന്തുണയുണ്ടെന്ന റിപ്പോർട്ടർ ടി.വി വാർത്തയും സ്വാമി ശുഭാംഗാനന്ദയുടെ പ്രതികരണവും ഗൗരവമുള്ളതാണെന്ന് ജയരാജൻ പറഞ്ഞു.

ഈ നീക്കങ്ങൾ മുൻപത്തെപ്പോലെ ഇത്തവണയും വിജയിക്കില്ലെന്ന ആത്മവിശ്വാസം ശരിയായി വരട്ടെയെന്ന് ജയരാജൻ പറഞ്ഞു. ഇത് ഈഴവ-തീയ്യ സമുദായങ്ങളുടെ മാത്രം പ്രശ്നമല്ല. ജാതി-മത ഭേദമന്യേ ശ്രീനാരായണ ദർശനങ്ങൾ നെഞ്ചിലേറ്റുന്ന മുഴുവൻ മനുഷ്യസ്നേഹികളും ഇതൊരു വലിയ ആപൽസൂചനയായി കാണണമെന്നും, സംഘപരിവാറിന്റെ കടന്നുകയറ്റ ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രതയോടെ രംഗത്തിറങ്ങി ചെറുത്തുതോൽപ്പിക്കണമെന്നും പി. ജയരാജൻ ആഹ്വാനം ചെയ്തു.

Content Highlight:Attempts to appropriate Sree Narayana Guru for the Sangh and take over the Dharma Sangham Trust will not succeed: P. Jayarajan.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more