തൃശൂര്‍: ദളിത് യുവാവിനെതിരായ വധശ്രമക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി പരാതി. പൊലീസും സ്വകാര്യ ആശുപത്രിയും പ്രതികളും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആശുപത്രി നല്‍കിയ തെറ്റായ വൂണ്ട് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രതി ഇടക്കാല ജാമ്യം നേടിയതായും പരാതിയില്‍ പറയുന്നു.
കൊടകര ചെറുകുന്ന് സ്വദേശിയായ അക്ഷയ് കൃഷ്ണയാണ് പരാതിയുമായി രംഗത്തെത്തിയത്. ന്യൂസ് മലയാളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൊടകര ശാന്തി ആശുപത്രിക്കെതിരെയാണ് യുവാവിന്റെ ആരോപണം.
പ്രതികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത് പ്രകാരം, പൊലീസ് കൊലപാതകശ്രമം മറച്ചുപിടിച്ച് ബൈക്കപടകമാക്കിയെന്നും പരാതിയുണ്ട്. കൊലപാതകശ്രമം മറച്ചുപിടിച്ച പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് മനഃപൂര്‍വമല്ലാത്ത നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകളാണെന്നും അക്ഷയ് യെ ഉദ്ധരിച്ച് ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തു.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൊലപാതകശ്രമം കൃത്യമായി രേഖപ്പെടുത്തിയ പൊലീസ്, തെറ്റായ വൂണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അക്ഷയ് പറഞ്ഞു. പൊലീസില്‍ നിന്നുണ്ടായത് മോശമായ അനുഭവമാണെന്നും യുവാവ് പറയുന്നു.
തന്നെ വെട്ടാനുപയോഗിച്ച വാള്‍ കിട്ടിയെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് പൊലീസ് വിളിച്ചുവരുത്തി. എന്നാല്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അക്ഷയ് പ്രതിയുടെ വീട്ടില്‍ ഒളിഞ്ഞുനോക്കിയെന്നും പ്രതിക്ക് എത്ര സഹോദരിമാരുണ്ടെന്ന് ചോദിക്കുകയുമാണ് ചെയ്തതെന്നും അക്ഷയ് പറഞ്ഞു.
സി.സി.ടി.വി ക്യാമറ ഇല്ലായിരുന്നെങ്കില്‍ മുഖത്തടിച്ചേനെയെന്നും പൊലീസ് പറഞ്ഞതായി യുവാവ് ആരോപിക്കുന്നു. ബി.ജെ.പി പ്രാദേശിക നേതാവായ പ്രതിയും ബന്ധുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
സംഭവത്തില്‍ ശാന്തി ആശുപ്രത്രിക്കും പൊലീസിനുമെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും റൂറല്‍ എസ്.പിക്കും പരാതി നല്‍കിയതായും അക്ഷയ് പറഞ്ഞു. ഏപ്രില്‍ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെറുകുന്ന് സ്വദേശി സിദ്ധന്‍ ഭായിയെ സഹായിക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും യുവാവ് ആരോപിക്കുന്നുണ്ട്.
Content Highlight: Attempt to sabotage attempt to murder case against Dalit youth; Complaint filed against private hospital and police in Thrissur