| Monday, 7th September 2026, 3:08 pm

ഇന്ത്യയിലെ ഇസ്‌ലാമിക പൈതൃകങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം; സഹാന്‍പൂരിലെ പള്ളി പൊളിച്ച് നീക്കിയ യു.പി സര്‍ക്കാര്‍ നടപടിയെ അപലപിച്ച് പാക്കിസ്ഥാന്‍

നിഷാന. വി.വി

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ 100 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ച് നീക്കിയ സംഭവത്തെ അപലപിച്ച് പാക്കിസ്ഥാന്‍. ഇന്ത്യയിലെ ഇസ്‌ലാമിക പൈതൃകങ്ങള്‍ ഇല്ലാതാക്കാനുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണിതെന്ന് പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘ ചരിത്ര പ്രസിദ്ധമായ ഒരു ഇസ്‌ലാമിക ആരാധനാലയം പൊളിച്ച് മാറ്റിയത് ഇസ് ലാമിക പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ മറ്റൊരു പ്രകടനമാണ്,’ പ്രസ്താവനയില്‍ പറയുന്നു.

അന്താരാഷ്ട്ര സമൂഹം ഇത്തരം സംഭവങ്ങള്‍ ശ്രദ്ധിക്കണമെന്നും മതസ്വാതന്ത്ര ലംഘനങ്ങള്‍ക്ക് ഇന്ത്യന്‍ അധികാരികള്‍ ഉത്തരവാദികളാണെന്നും പാക്കിസ്ഥാന്‍ പറഞ്ഞു.

പാകിസ്ഥാനിലെ നരോവലില്‍ ഒരു ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവത്തെ ഇന്ത്യ അപലപിക്കുകയും അടിയന്തര അന്വേഷണവും ക്ഷേത്ര പുനരുദ്ധാരണവും ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ഈ പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു പള്ളി അനധികൃതമായ നിര്‍മിതിയാണെന്ന് ചൂണ്ടിക്കാണിച്ച് ജില്ലാ ഭരണകൂടം പൊളിച്ച് നീക്കിയത്. ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസ് വളപ്പില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃതമായാണ് പള്ളി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി ബജ്‌റംഗ്ദള്‍ മുന്‍ കോര്‍ഡിനേറ്ററായ വികാസ് ത്യാഗിയാണ് പരാതി നല്‍കിയിരുന്നത്. പള്ളി മാനേജുമെന്റ് കമ്മിറ്റിയുടെ അപ്പീല്‍ തള്ളിയ കോടതി കെട്ടിടം പൊളിച്ച് നീക്കാന്‍ സെപ്റ്റംബര്‍ നാലിന് ഉത്തരവിട്ടിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളുടെ സുരക്ഷയെ ബാധിക്കുന്ന കൈയേറ്റമായതിനാല്‍ കെട്ടിടം പൊളിച്ചുനീക്കുന്നത് അനിവാര്യമാണെന്നായിരുന്നു മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് 6.41 കോടി രൂപ പിഴയും ചുമത്തി. എന്നാല്‍ പള്ളി പൊളിച്ച് നീക്കുമ്പോള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട തന്നെ പൊലീസ് വീട്ടുതടങ്കലിലാക്കിയതായി സഹരന്‍പൂര്‍ എം.പി ഇക്ര ഹസന്‍ പറയുകയും ചെയ്തിരുന്നു. അഖിലേഷ് യാദവടക്കമുള്ള നേതാക്കള്‍ പള്ളി പൊളിക്കല്‍ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

Content Highlight: Attempt to erase India’s Islamic heritage; Pakistan condemns the UP government’s move to demolish a mosque in Saharanpur.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more