ജറുസലേം: കിഴക്കന്‍ ജറുസലേമിലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഇസ്രഈല്‍ അനധികൃതമായി പിടിച്ചെടുത്തതിനെ അപലപിച്ച് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കേറ്റ്.
സില്‍വാന്‍ പ്രദേശത്ത് നടന്ന ഇസ്രഈലിന്റെ ഈ നടപടി പള്ളികളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള അപകടകരമായ കടന്നുകയറ്റമാണെന്ന് സഭ പറഞ്ഞു.
സ്വകാര്യ സ്വത്ത്, പൊതുഭൂമി, മതപരമായ എന്‍ഡോവ്‌മെന്റുകള്‍, പള്ളി ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ എന്നിവയുള്‍പ്പെടെ ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും സഭയുടെ പ്രസ്താവനയില്‍ പറയുന്നു.
ജൂണ്‍ 15-ന് ഇസ്രഈല്‍ അധികൃതര്‍ നടത്തിയ പിടിച്ചെടുക്കല്‍ നീക്കത്തിനിടെ, സ്ഥലത്തുണ്ടായിരുന്ന പള്ളിയുടെ പ്രതിനിധിയെ ബലമായി പുറത്താക്കുകയും അദ്ദേഹത്തിന്റെ ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. കൂടാതെ ഭൂമിയിലുണ്ടായിരുന്ന മരങ്ങള്‍ വേരോടെ പിഴുതെറിയുകയും സ്ഥലം വേലി കെട്ടി തിരിച്ച് ഗേറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു.
സെന്റ് ഒനുഫ്രിയസ് ആശ്രമത്തോട് ചേര്‍ന്നുള്ള ഈ ഭൂമി തങ്ങളുടെ പേരില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും, ഇതിന് ചരിത്രപരവും പുരാവസ്തുപരവും മതപരവുമായ വലിയ പ്രാധാന്യമുണ്ടെന്നും പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടി.
‘രാജ്യത്തിന്റെ ഭൂമി വീണ്ടെടുത്തു’ എന്ന രീതിയിലുള്ള ഇസ്രഈല്‍ അധികൃതരുടെ വാദങ്ങളെയും സഭ പൂര്‍ണമായി തള്ളി. വിശുദ്ധ ഭൂമിയായ ജറുസലേമിലെ ക്രിസ്ത്യന്‍ സാന്നിധ്യം ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ നടത്തുന്ന ആസൂത്രിതമായ ഭൂമി കൈയേറ്റ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും സഭ കൂട്ടിച്ചേര്‍ത്തു.
1967 ല്‍ കിഴക്കന്‍ ജറുസലേം പിടിച്ചെടുത്തതുമുതല്‍ ഫലസ്തീനികളെ കുടിയിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സഭ പറഞ്ഞു.
ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും പിടിച്ചെടുത്ത ഭൂമി തിരിച്ചുപിടിക്കുന്നതിനായി പാത്രിയാര്‍ക്കീസ് ഇതിനകം തന്നെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
ജറുസലേമിലെ പള്ളികളുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും സഭ ആവശ്യപ്പെട്ടു. ഇസ്രഈലിന്റെ ഈ നടപടിയെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചിട്ടുണ്ട്. ഇത് ജറുസലേമിന്റെ ചരിത്രപരവും മതപരവുമായ സ്വഭാവത്തെ മാറ്റാന്‍ വേണ്ടിയുള്ള ഇസ്രഈലിന്റെ വ്യവസ്ഥാപിത നയത്തിന്റെ ഭാഗമാണെന്ന് ഫലസ്തീന്‍ കുറ്റപ്പെടുത്തി.
Content Highlight: Attempt to eliminate Christian presence; Greek Orthodox Patriarchate opposes Israeli action to seize church land