തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ പരോക്ഷ വിമര്‍ശനവുമായി കാന്തപുരം വിഭാഗം.
സാമുദായിക രാഷ്ട്രീയ നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ വിദ്വേഷവും വെറുപ്പും വളര്‍ത്തുന്നു. മതത്തിന്റെ പേരില്‍ മനുഷ്യനെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു കാന്തപുരം വിഭാഗത്തിന്റെ വിമര്‍ശനം.
വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിക്കാറില്ലെന്ന് പറഞ്ഞ്‌കൊണ്ടായിരുന്നു സയ്യിദ് ഖലീല്‍ അല്‍ ബുഹാരിയുടെ പ്രതികരണം. ഇടത് സര്‍ക്കാരിനോടും നിലാപാടുകളോടും പൊതുവെ അനുകൂല നിലപാടുകളാണ് കാന്തപുരം വിഭാഗം സ്വീകരിക്കാറുള്ളത്.
എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന് വലിയതിരിച്ചടി നേരിടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളാണെന്ന് സി.പി.ഐ അടക്കം അംഗീകരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു പരാമര്‍ശം പിണറായി സര്‍ക്കാരിനെതിരെയുള്ള കാന്തപുരം വിഭാഗത്തിന്റെ തുറന്ന എതിര്‍പ്പാണെന്നാണ് കണക്കാക്കപ്പെടുന്നത്.
മലപ്പുറത്തിനെതിരെയും മുസ്‌ലിം വിഭാഗത്തിനെതിരെയുമുള്ള വെളളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
മലപ്പുറത്ത് ഈഴവര്‍ക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ. പിന്നാക്കവിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളജോ ഹയര്‍സെക്കന്‍ഡറി സ്‌കൂളോ ഇല്ല. വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാര്‍. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ തകര്‍ന്നടിഞ്ഞത് ഇവിടുത്തെ പിന്നാക്കക്കാരുടെ സ്വപ്നങ്ങളാണ്.” ഇത്തരത്തിലൊക്കെയുളളതായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍.
അതേസമയം കാന്തപൂരം അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയ്ക്ക് കാസര്‍ഗോഡ് തുടക്കമായി. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തിലാണ് യാത്ര.
Content Highlight: Attempt to divide humanity in the name of religion; Kanthapuram faction strongly criticizes Vellappally