| Wednesday, 24th September 2025, 7:54 am

കാഷായ വസ്ത്രധാരികളെ മുന്‍നിര്‍ത്തി വര്‍ഗീയ കലാപത്തിന് ആഹ്വാനം, മതസാഹോദര്യം തകര്‍ക്കാനുള്ള ശ്രമം; ശബരിമല സംഗമത്തിനെതിരെ പന്തളം കുടുംബാംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് ബി.ജെ.പി അനുകൂല ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിന്റെ ശ്രമം വര്‍ഗീയ കലാപമാണെന്ന് പന്തളം കൊട്ടാരം കുടുംബാംഗം അശ്വതി നാള്‍ രവിവര്‍മ പ്രദീപ് വര്‍മ.

മതസാഹോദര്യം തകര്‍ക്കാനുള്ള ശ്രമമാണ് സംഗമത്തിന്റെ മറവിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

‘ചില കാഷായ വസ്ത്രധാരികളെ മുന്‍നിര്‍ത്തി വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു സംഘപരിവാര്‍. ഹിന്ദു- മുസ്‌ലിം വിദ്വേഷം വളര്‍ത്താന്‍ വേണ്ടിയുള്ള പരിപാടിയായിപ്പോയി.

സംഗമത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രീയ നേതാക്കളെ കൊണ്ടുവരിക വഴി ശബരിമലയുടെ വികസനത്തെ അസ്ഥിരപ്പെടുത്തുകയെന്ന ഗൂഢോദ്ദേശ്യവും സംശയിക്കേണ്ടിയിരിക്കുന്നു. തമിഴ്‌നാട് ബി.ജെ.പി മുന്‍ പ്രസിഡന്റിന്റെ പ്രസംഗം ഇതാണ് വെളിവാക്കിയത്,’ അശ്വതി നാള്‍ രവിവര്‍മ പ്രദീപ് വര്‍മ പറഞ്ഞു.

മതനിരപേക്ഷ ആരാധന മൂര്‍ത്തിയായ അയ്യപ്പന്റെ പേര് മതവൈര്യത്തിന് ഉപയോഗിക്കുന്നതില്‍ പ്രതിഷേധവും സങ്കടവും ഉണ്ടെന്നും പന്തളത്തെ ഭൂരിഭാഗം മുസ്‌ലിങ്ങള്‍ക്കും കൊട്ടാരവുമായി നല്ല ബന്ധമാണുള്ളതെന്നും പറഞ്ഞ അദ്ദേഹം, സഹോദരങ്ങളെ പോലെയാണ് തങ്ങള്‍ ജീവിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

പന്തളം കൊട്ടാരം കുടുംബത്തിലെ 305 അംഗങ്ങളില്‍ നിന്ന് സംരക്ഷണ സംഗമത്തിന്റെ ഭാഗമായത് ഒരാള്‍ മാത്രമാണെന്നും പ്രദീപ് വര്‍മ പറഞ്ഞു. പരിപാടിയെ പന്തളം കുടുംബം ഇതുവരെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധത്തിന്റെ ഐതിഹ്യം അംഗീകരിച്ചാണ് പന്തളം അയ്യപ്പ ക്ഷേത്രവും കൊട്ടാരവും ഇക്കാലമത്രയും ശബരിമല തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കിയത്. വാവര് സ്വാമിയെ തീവ്രവാദിയും ആക്രമണകാരിയുമാക്കുന്നു. ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ നടത്തിയ പ്രസ്താവന അംഗീകരിക്കാന്‍ ആകില്ല. ശാന്താനന്ദ മഹര്‍ഷിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ ആദ്യപടി കയറുന്നത് തന്നെ വാവര് സ്വാമിയെ വിളിച്ചാണെന്നും ശരണം വിളിയില്‍ നിന്ന് വാവര് സ്വാമിയെ ഒഴിവാക്കാന്‍ സംഘപരിവാര്‍ ശ്രമം തുടങ്ങിയിട്ട് കുറച്ചായെന്നും പ്രദീപ് വര്‍മ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശാന്താനന്ദ മഹര്‍ഷി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മറ്റിയും കോണ്‍ഗ്രസും പരാതി നല്‍കിയിട്ടുണ്ട്. വിശ്വാസം വ്രണപ്പെടുത്തല്‍ മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്.

വാവര്‍ തീവ്രവാദിയാണെന്നും മുസ്‌ലിം ക്രമണകാരിയാണെന്നുമായിരുന്നു ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി പറഞ്ഞിരുന്നത്. അയ്യപ്പനെ തോല്‍പ്പിക്കാന്‍ എത്തിയതാണ് വാവരെന്നും, വാവര്‍ ചരിത്രം തെറ്റാണെന്നും ശാന്താനന്ദ മഹര്‍ഷി പറഞ്ഞിരുന്നു.

Content Highlight: Attempt to destroy religious; Pandalam family member against Sabarimala Sangamam

We use cookies to give you the best possible experience. Learn more