| Friday, 11th September 2026, 2:03 pm

കൃത്രിമ ക്ഷാമമുണ്ടാക്കി കമ്മീഷൻ തട്ടാൻ നീക്കം; സർക്കാരിന് ദീർഘവീക്ഷണമില്ലെന്ന് എം.എം. മണി

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി.

സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതിക്ഷാമം സൃഷ്ടിച്ച് ഉയർന്ന നിരക്കിൽ പുതിയ കരാറുകളുണ്ടാക്കാനും അതിലൂടെ കമ്മീഷൻ തട്ടിയെടുക്കാനുമുള്ള നീക്കമാണോ നടക്കുന്നതെന്ന് ന്യായമായി സംശയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘കൃത്രിമ ക്ഷാമമുണ്ടാക്കി കരാർ വഴി കമ്മീഷൻ വാങ്ങാനുള്ള ശ്രമമാണോ നടക്കുന്നത് എന്ന് ന്യായമായി സംശയിക്കണം ,കോൺഗ്രസ് ആണല്ലോ സാധനം’ എന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പരമാവധി നല്ല മഴ ലഭിച്ചാൽ പോലും ആവശ്യമായ വൈദ്യുതിയുടെ 40 ശതമാനം മാത്രമേ ആഭ്യന്തര ജലവൈദ്യുത പദ്ധതികൾ വഴി ഉൽപാദിപ്പിക്കാൻ കഴിയൂ. ബാക്കി 60 ശതമാനവും വിവിധ കരാറുകൾ വഴി പുറത്തുനിന്ന് വാങ്ങി എത്തിച്ചാണ് സംസ്ഥാനത്തെ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത് എന്ന് എം.എം. മണി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ മഴക്കുറവ് ഒരു യാഥാർത്ഥ്യമാണെങ്കിലും, പ്രതിസന്ധി മുൻകൂട്ടി കണ്ട് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഭരണാധികാരികൾക്ക് ദീർഘവീക്ഷണമില്ലാതെ പോയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് അദ്ദേഹം വിമർശിച്ചു.

ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കും ഭരണപരമായ ദീർഘവീക്ഷണമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പത്ത് വർഷം പിണറായി വിജയൻ ഭരിച്ചപ്പോൾ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിരുന്നില്ലെന്ന് ഓർമ്മിപ്പിച്ച എം.എം. മണി, താൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് സമ്പൂർണ്ണ വൈദ്യുതീകരണം യാഥാർത്ഥ്യമാക്കിയതെന്നും ചൂണ്ടിക്കാട്ടി.

2018-ലെ മഹാപ്രളയ സമയത്തോ മഴ കുറഞ്ഞ ഘട്ടങ്ങളിലോ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ കാര്യക്ഷമമായി പ്രതിസന്ധികളെ മറികടക്കാൻ അന്ന് സാധിച്ചിരുന്നു.
വൈദ്യുതി ഉപഭോഗത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നത് ശരിയാണെങ്കിലും, വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് മുൻകൂട്ടി കാര്യങ്ങൾ കാണാൻ മന്ത്രിമാർക്കോ വകുപ്പിനോ സാധിച്ചില്ല. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ പ്രതിസന്ധികൾ പരിഹരിക്കുകയാണ് ഭരിക്കുന്നവരുടെ യഥാർത്ഥ ഉത്തരവാദിത്തം. സ്വന്തം പോക്കറ്റ് വീർപ്പിക്കലല്ല, ജനങ്ങളെ സഹായിക്കുക എന്നതാവണം ഭരണനേതൃത്വത്തിന്റെ മനോഭാവമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Content Highlight:Attempt to Create Artificial Shortage to Pocket Commission; Government Lacks Foresight, Says M.M. Mani.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more