ന്യൂദല്‍ഹി: ബി.ജെ.പി മുന്നോട്ട് വെക്കുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നിര്‍ദേശവുമായി ബന്ധപ്പെട്ട് ലോക്സഭാ സംയുക്ത പാര്‍ലമെന്ററി സമിതിയും (ജെ.പി.സി) സുപ്രീം കോടതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് നീക്കം നടത്തിയതിനെതിരെ വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍. ഈ നീക്കം അധികാര വിഭജന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജിമാര്‍ വിമര്‍ശിച്ചു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസുമായും മറ്റ് സുപ്രീം കോടതി ജഡ്ജിമാരുമായും ജെ.പി.സി നേരത്തെ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് റദ്ദാക്കപ്പെട്ടു. ജഡ്ജിമാരും അഭിഭാഷകരും നിയമവിദഗ്ധരും അടക്കമുള്ളവരില്‍നിന്ന് പ്രതിഷേധമുയര്‍ന്നതോടെ കൂടിക്കാഴ്ചയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജഡ്ജിമാരും കഴിഞ്ഞദിവസം പിന്‍മാറുകയായിരുന്നു.
ഈ അനൗദ്യോഗിക ചര്‍ച്ചയ്ക്ക് സുപ്രീം കോടതി എന്തിന് സമ്മതിച്ചു എന്ന് മുന്‍ ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, സുധാംശു ധൂലിയ, എ.കെ. പട്‌നായിക് എന്നിവര്‍ ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അവതരിപ്പിക്കുന്ന ‘ദില്‍ സേ’ പരിപാടിയിയിലായിരുന്നു മുന്‍ ജഡ്ജിമാരുടെ പ്രതികരണം. കൂടിക്കാഴ്ച നിശ്ചയിച്ചതില്‍ നടുക്കം രേഖപ്പെടുത്തുന്നതായും അവര്‍ വ്യക്തമാക്കി.
ഒറ്റ തെരഞ്ഞെടുപ്പിനായുള്ള നിയമ നിര്‍മാണം കോടതിയില്‍ ചോദ്യംചെയ്യപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ജെ.പി.സിയുടെ ക്ഷണം സുപ്രീംകോടതി സ്വീകരിച്ചത് ഞെട്ടിക്കുന്നുവെന്നും മദന്‍ ബി. ലോകൂര്‍ അഭിപ്രായപ്പെട്ടു. ഇത്തരമൊരു കൂടിക്കാഴ്ചക്ക് എങ്ങനെയാണ് കോടതി അനുമതി നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭാവിയില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് എല്ലാവര്‍ക്കും, പ്രത്യേകിച്ച് സുപ്രീം കോടതിക്ക് തന്നെ അറിയാം. ഒരു അനൗദ്യോഗിക ചര്‍ച്ച നടത്താന്‍ ജെ.പി.സി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഇരുപക്ഷത്തുനിന്നും ഞെട്ടിക്കുന്ന കാര്യമായാണ് എനിക്ക് തോന്നുന്നത്. നിയമനിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ള ജെ.പി.സി അംഗങ്ങള്‍ക്ക് ഈ വിഷയം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് അറിയാം. എന്നിട്ടും, ജെ.പി.സിയുടെ സന്ദര്‍ശനത്തിന് സുപ്രീം കോടതി എങ്ങനെയാണ് അനുമതി നല്‍കിയത്?’ അദ്ദേഹം ചോദിച്ചു.
സുപ്രീം കോടതിയുടെ അറിവില്ലാതെ ജെ.പി.സി അങ്ങനെയൊരു സന്ദര്‍ശനത്തിന് തീരുമാനിച്ചു എന്ന് കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ച നടത്താനുള്ള സമയക്രമം ചീഫ് ജസ്റ്റിസ് മാത്രമായിട്ടാണോ അതോ മുതിര്‍ന്ന ജഡ്ജിമാരുമായി കൂടിയാലോചിച്ചാണോ നിശ്ചയിച്ചത് എന്നത് ചര്‍ച്ചാവിഷയമായി അവശേഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമ നിര്‍മാണത്തിനുമുമ്പ് നിയമം എന്താണെന്ന് വിശദമാക്കാന്‍ പാര്‍ലമെന്റ്സമിതി ജഡ്ജിമാരെ കാണുന്നത് വിചാരണ കോടതികളെ സമീപിച്ച് അവരുടെ കേസ് എന്താണെന്ന് അറിയിക്കുന്നതിന് തുല്യമാണെന്ന് എ.കെ. പട്നായിക് പറഞ്ഞു. ഔദ്യോഗികമായി മാത്രമേ നിയമനിര്‍മാണ സഭയും ജഡ്ജിമാരും പരസ്പരം കാണാവൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒഡീഷ മുന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി തന്റെ കുടുംബത്തിന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നിട്ടും മകന്റെ വിവാഹത്തിന് ഒരു രാഷ്ട്രീയക്കാരനെപ്പോലും ക്ഷണിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ന്, ഏതെങ്കിലും ജഡ്ജിയുടെ കുടുംബത്തിലെ വിവാഹത്തിന് പോകുമ്പോഴെല്ലാം അവിടെ എല്ലാ രാഷ്ട്രീയക്കാരെയും കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമനിര്‍മാണ സഭയും സര്‍ക്കാരും നടത്തുന്ന അമിതാധികാരം പരിശോധിക്കേണ്ടവരാണ് ജുഡീഷ്യറിയെന്ന് സുധാംശു ധൂലിയ ചൂണ്ടിക്കാട്ടി. മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ സൗഹാര്‍ദ ക്ഷണം അന്നത്തെ ചീഫ് ജസ്റ്റിസായ എം.എന്‍ വെങ്കടാചലയ്യ നിരസിച്ചിരുന്നെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
‘നിയമനിര്‍മ്മാണ സഭയുടെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന അതിരുകടന്ന നടപടികള്‍ ഉള്‍പ്പെടെയുള്ളവയെ നിയന്ത്രിക്കുകയും സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുക എന്നത് നീതിന്യായ വ്യവസ്ഥയുടെ കടമയാണ്.
മറ്റ് അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേയൊരു ശക്തിയാണിത്. കാരണം, ജനങ്ങള്‍ക്ക് എല്ലായ്‌പ്പോഴും അധികാരത്തെ നിയന്ത്രിക്കുക എന്നത് വളരെ പ്രയാസകരമാണ്. അതിനാല്‍, ഭരണകൂടത്തിന്റെ അധികാരത്തെ നിയന്ത്രിക്കാന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് മാത്രമേ കഴിയൂ,’ അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlight: Attempt By JPC To Meet Supreme Court Judges Was ‘Shocking’: Former SC Judges