| Wednesday, 9th September 2026, 8:38 am

അട്ടപ്പാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആദിവാസി ഭൂമി തട്ടിയെടുത്തെന്ന് പരാതി; കുടില്‍കെട്ടി സമരം ആരംഭിക്കുമെന്ന് സി.പി.ഐ.എം

റെന്വര്‍ പി

പാലക്കാട്: അട്ടപ്പാടി ഡോടുകെട്ടിയിലെ ആദിവാസി ഭൂമി തട്ടിപ്പിനെതിരെ സമരം ആരംഭിക്കുമെന്ന് സി.പി.ഐ.എം. ഡോടുകെട്ടിയിലെ ആദിവാസി സമുദായാംഗങ്ങളായ 10 പേരുടെ ഭൂമി കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ തട്ടിയെടുത്തതായി കഴിഞ്ഞ ദിവസം ചില മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഭൂമിയില്‍ കുടില്‍കെട്ടി സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിന്ന് കുടില്‍കെട്ടി സമരം ആരംഭിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു.

ഡോടുകെട്ടിയിലെ ആദിവാസി സമുദായാംഗങ്ങളായ പത്ത് പേരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 28 ഏക്കര്‍ ഭൂമി കോണ്‍ഗ്രസ് നേതാക്കളും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ കുറഞ്ഞ പണം മാത്രം നല്‍കി തട്ടിയെടുത്ത് വില്‍പന നടത്തിയതായാണ് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അഗളി പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഷിബു സിറിയക്, പാര്‍ട്ടിയുടെ അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് പി.എം. ഹനീഫ, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശിവകുമാര്‍ എന്നിവര്‍ക്കെതിരെ ഈ വിഷയത്തില്‍ ഡോടുകെട്ടി സ്വദേശിയായ ബാലന്‍ പുതൂര്‍ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ പത്തേക്കര്‍ ഭൂമി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്ത് വില്‍പന നടത്തിയതായി പാലൂര്‍ ഊരിലെ ബാലന്‍ പുതൂര്‍ പരാതി നല്‍കിയത്. ബാലനെ കൂടാതെ ആദിവാസി സമുദായങ്ങളില്‍ പെടുന്ന മറ്റ് ഒമ്പത് പേരുടെ 18 ഏക്കര്‍ സ്ഥലവും ഇത്തരത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിയെടുത്ത് വിറ്റതായി ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഡോടുകെട്ടിയിലെ ഭൂമിയില്‍ തനിക്ക് പരിചയമില്ലാത്ത ചിലര്‍ വേലികെട്ടുകയും അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്‌തെന്ന് ബാലന്‍ പറയുന്നു. അവരോട് ചോദിച്ചപ്പോള്‍ അറിഞ്ഞത് തമിഴ്‌നാട് സ്വദേശികളായ ചിലരില്‍ നിന്നാണ് അവര്‍ ഭൂമി വാങ്ങിയതെന്നാണെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. വ്യാജരേഖ ചമച്ചാണ് ഇവര്‍ ഭൂമി തട്ടിയെടുത്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു ബാലന്‍.

പത്തേക്കറിന് 50 ലക്ഷം രൂപ വാഗ്ദാനംചെയ്ത് 2022ല്‍ ഇവര്‍ തന്നെ സമീപിച്ചെന്നും ആ പണത്തിന് ഭൂമി വില്‍ക്കാന്‍ തയ്യാറായിരുന്നെന്നും ബാലന്‍ പറയുന്നു. എന്നാല്‍ ആദിവാസി ഭൂമി ഇടപാടുകള്‍ക്ക് കലക്ടറുടെ അനുമതി ആവശ്യമാണെന്നും അത് ശരിയായാല്‍ മുഴുവന്‍ പണവും തരാമെന്നും പറഞ്ഞ് ആകെ 24 ലക്ഷം രൂപ മാത്രമാണ് അവര്‍ തനിക്ക് നല്‍കിയതെന്നും ബാലന്‍ പറഞ്ഞു.

മറ്റ് ആദിവാസികള്‍ക്കും ചെറിയ തുക മാത്രമാണ് നല്‍കിയത്. പലര്‍ക്കും പറഞ്ഞ വിലയുടെ പത്തിലൊന്നുപോലും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദ ഭൂമി നിലവില്‍ തമിഴ്നാട് കമ്പനിയുടെ കൈവശമാണുള്ളതെന്നാണ് വിവരം.

Content Highlight: Attappadi Land Fraud Allegation Against Local Congress Leaders: CPIM to Start Protest

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more