ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ക്കെതിരെയും വധശ്രമത്തിന് കേസെടുക്കാന്‍ നിര്‍ദേശം. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ദല്‍ഹിയിലെ തീസ് ഹസാരി കോടതി കണ്ടെത്തി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഏക്താ ഗൗബ മാനാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രതികള്‍ക്കെതിരെ ബി.എന്‍.എസ് 61(2) (ക്രിമിനല്‍ ഗൂഢാലോചന), 221 (ജനപ്രതിനിധികളെ പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് തടയല്‍), 132 (പൊതുപ്രവര്‍ത്തകനെതിരായ ക്രിമിനല്‍ ബലപ്രയോഗം), 109(1) (കൊലപാതകശ്രമം) എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് കരുതുന്നതെന്നും കോടതി പറഞ്ഞു.
സക്രിയ രാജേഷ്ഭായ് ഖിംജിഭായ്, തഹ്സിന്‍ റാസ റഫിയുല്ല ഷെയ്ഖ് എന്നിവരാണ് കേസിലെ പ്രതികള്‍. 2025 ഓഗസ്റ്റ് 20ന് സിവില്‍ ലൈന്‍സ് ഏരിയയിലെ ക്യാമ്പ് ഓഫീസില്‍ നടന്ന ‘ജന്‍ സണ്‍വായ്’ പരിപാടിക്കിടെയാണ് രേഖ ഗുപ്ത ആക്രമിക്കപ്പെട്ടത്.
ആക്രമണം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി തഹ്സിന്‍ റാണ ഖിംജിഭായ് യുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഇരുവരും മൊബൈല്‍ ഫോണ്‍ മുഖേന ആശയവിനിമയം നടത്തിയതിനും തെളിവുണ്ട്. കേസില്‍ ഡിസംബര്‍ 26ന് കുറ്റപത്രം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച ആക്രമണമാണ് രേഖ ഗുപ്തക്കെതിരെ നടന്നത്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയിരുന്നിട്ടുകൂടി പ്രതികള്‍ക്ക് അവരുടെ സുരക്ഷാ വലയം മുറിച്ചുകടക്കാന്‍ കഴിഞ്ഞു. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിലും കേസെടുക്കാമെന്നും നിര്‍ദേശമുണ്ട്. ഒക്ടോബര്‍ 18ന് പ്രതികള്‍ക്കെതിരെ ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
നിലവില്‍ ഗുജറാത്ത് സ്വദേശിയായ സക്രിയക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ സക്രിയയുമായി ഗൂഢാലോചന നടത്തിയതില്‍ തഹ്സിന്‍ റാസക്കെതിരെയും കേസെടുത്തു.
നേരത്തെ മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ അപലപിച്ച പ്രതിപക്ഷം, ദല്‍ഹിയിലെ ബി.ജെ.പി ഭരണത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന ആശങ്കയും പ്രതിപക്ഷം പങ്കുവെച്ചിരുന്നു.
Content Highlight: Attack on Rekha Gupta; Attempt to murder case filed against both accused