ഇസ്താംബുൾ: ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെ അമേരിക്കയും ഇസ്രഈലും നടത്തിയ ആക്രമണം ഒരിക്കലും ക്ഷമിക്കാനാകാത്തതാണെന്നും ഉത്തരവാദികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബക്കായി.
168 വിദ്യാർത്ഥിനികളുടെ മരണത്തിന് കാരണമായ ഈ ആക്രമണത്തിന് ഉത്തരവാദിയായവർ ഒരിക്കലും ശിക്ഷിക്കപ്പെടാതെ പോവരുതെന്ന് വക്താവ് ഇസ്മായിൽ ബക്കായി എക്‌സിൽ പ്രതികരിച്ചു.
‘ഫെബ്രുവരി 28-ന് മിനാബ് നഗരത്തിൽ നടന്ന അമേരിക്കൻ മിസൈൽ ആക്രമണത്തിൽ 168 ഇറാനിയൻ കുരുന്നുകളെയാണ് കൊന്നൊടുക്കിയത്. ക്ഷമിക്കാനാവാത്ത ഒരു വലിയ യുദ്ധക്കുറ്റമാണിത്, ഇതിന് ശിക്ഷയില്ലാതെ പോകാൻ പാടില്ല,’ അദ്ദേഹം എക്‌സിൽ പറഞ്ഞു.
168 വിദ്യാർത്ഥികളുടെയും 2 അധ്യാപകരുടെയും മരണത്തിന് കാരണമായ ഈ ആക്രമണം ആഗോളതലത്തിൽ വലിയചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന മരിച്ച കുരുന്നുകൾക്കായി ഒരുക്കിയ കുഴിമാടങ്ങളുടെ ചിത്രം ആക്രമണങ്ങളുടെ തീവ്രത വിളിച്ചോതുന്നതായിരുന്നു.
എന്നാൽ ആക്രമണത്തിന് പിന്നിൽ അമേരിക്കയല്ലെന്നായിരുന്നു ട്രംപിന്റെ വാദം. അമേരിക്കൻ സൈന്യം സാധാരണയായി ഉപയോഗിക്കുന്ന ടോമഹാക്ക് ക്രൂയിസ് മിസൈലുകളാണ് ആക്രമണത്തിൽ ഉപയോഗിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം തെളിവുകളൊന്നും നിരത്താതെ തന്നെ ഇറാന്റെ കൈവശവും ടോമഹാക്കുകൾ ഉണ്ടെന്ന് വാദിച്ചുകൊണ്ടായിരുന്നു അമേരിക്ക ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാനുമേൽ ചാർത്തിയത്.
അമേരിക്കൻ മാധ്യമങ്ങൾ ഇന്നലെ (ബുധൻ) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ആക്രമണത്തിന് പിന്നിൽ അമേരിക്കൻ സേനയാണെന്ന് യു.എസ് സൈന്യത്തിന്റെ തന്നെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിൽ അന്വേഷണം തുടരുകയാണ്.
അതേസമയം പശ്ചിമേഷ്യയിലാകെ പടർന്നിരിക്കുന്ന ആക്രമണം ഇപ്പോഴും അയവില്ലാതെ തുടരുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇന്നലെയും മൂന്ന് കപ്പലുകൾ ആക്രമിക്കപ്പെട്ടു.
Content Highlight: attack on minab primary school is not forgivable :Iran