| Friday, 26th December 2025, 2:18 pm

ജയ്ശ്രീരാം വിളിച്ച് ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം; വി.എച്ച്.പി ബജ്‌റംഗ്ദള്‍ നേതാക്കള്‍ അറസ്റ്റില്‍

നിഷാന. വി.വി

ഗുവാഹത്തി: അസമിലെ നല്‍ബാരി ജില്ലയില്‍ രൂപതാ സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനുനേരെ അക്രമം നടത്തിയ സംഭവത്തില്‍ ബജ്‌റംഗ്ദള്‍, വി.എച്ച്.പി നേതാക്കള്‍ അറസ്റ്റില്‍.

ബെല്‍സോറിലെ പനിഗാവ് സെന്റ്‌മേരീസ് സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെയായിരുന്നു ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.

ഡിസംബര്‍ 24 ന് സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി അലങ്കാരങ്ങള്‍ തീവെച്ച് നശിപ്പിക്കുകയായിരുന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ബൈജു സെബാസ്റ്റ്യന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഒരു ബജ്‌റംഗ്ദള്‍ നേതാവും മൂന്ന് വി.എച്ച്. പി നേതാക്കളുമാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്.

ഡിസംബര്‍ 24ന് ഉച്ചയ്ക്ക് 2.30 ഓടെ അതിക്രമിച്ച് കയറിയ സംഘം ക്രിസ്മസ് ലൈറ്റുകള്‍, ചെടികള്‍ തുടങ്ങിയവ നശിപ്പിക്കുകയും, അലങ്കാരങ്ങള്‍ കത്തിച്ചുകളയുകയും ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു.

ഭാരതീയ ന്യായസംഹിത സെക്ഷന്‍ 329(3),326 (f),189(2),351(2),324(4), 61(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതിക്രമിച്ചു കടക്കല്‍, തീവെയ്പ്പ്, നിയമവിരുദ്ധമായി സംഘം ചേരല്‍, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന, എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ചാണക്യ ദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

20 ഓളം വരുന്ന ബജ്‌റംഗ്ദള്‍, വി.എച്ച്. പി പ്രവര്‍ത്തകര്‍ ജയ്ശ്രീരാം, ജയ് ഹിന്ദു രാഷ്ട്ര എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് ക്രിസ്മസ് അലങ്കാരങ്ങള്‍ തീയിടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വി.എച്ച്.പി ജില്ലാ സെക്രട്ടറി ഭാസ്‌ക്കരന്‍ ദേക, വൈസ് പ്രസിഡന്റ് മനാഷ് ജ്യോതി പട്ഗിരി, അസിസ്റ്റന്റ് സെക്രട്ടറി ബിജു ദത്ത, ബജ്‌റംദാള്‍ ജില്ലാ കണ്‍വീനര്‍ നയന്‍ താലൂക്ക് ദാര്‍ എന്നിവരെയാണ് വ്യാഴാഴ്ച്ച വൈകുന്നേരം അറസ്റ്റ് ചെയ്തത്.

അസമില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും സ്വതന്ത്രമായി ആഘോഷങ്ങള്‍ നടത്താനുള്ള അവരുടെ അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പട്ടുകൊണ്ട് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.എല്‍.എ യുമായ ദേബബ്രത സൈകിയ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്.

വി.എച്ച്.പി നേതാവ് ഭാസ്‌ക്കര്‍ ദേക ആഘോഷങ്ങളെ പരസ്യമായി എതിര്‍ത്തിരുന്നുവെന്നും സാമുദായിക ഐക്യത്തിന് ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സൈക്കിയ കത്തില്‍ ആവശ്യപ്പെട്ടു. അസമിലെ മതസ്വാതന്ത്യം സംരക്ഷിക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറില്‍ ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തെ തുടര്‍ന്ന് ക്രിസ്മസ് ആഘോഷങ്ങള്‍ പൊതുവെ ശാന്തമായിരുന്നുവെന്നും അതിന് പിന്നാലെ ഇത്തരത്തിലുളള അക്രമണങ്ങള്‍ വിശ്വാസികളെ കൂടുതല്‍ പ്രയാസത്തിലാക്കിയെന്നും പള്ളിയിലെ അധികൃതര്‍ പറഞ്ഞു.

ബുധനാഴ്ച്ച പ്രദേശത്തെ മൂന്ന് മാളുകളില്‍ സമാന സംഭവങ്ങള്‍ അരങ്ങേറിയതായും ഇത് ആഘോഷത്തെ ബാധിച്ചെന്നും നല്‍ബാരി ജില്ലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പള്ളികള്‍ക്ക് ചുറ്റും സുരക്ഷ സേനയെ വിന്യസിച്ചതായും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി ആക്രമണങ്ങളാണ് സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയത്.

Content Highlight: Attack on Christmas celebration by chanting Jai Shri Ram; VHP Bajrang Dal leaders arrested

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more