| Friday, 3rd April 2026, 10:43 am

ബഹ്‌റൈനിലെ ആമസോൺ കേന്ദ്രത്തിന് നേരെ ആക്രമണം; സൈനിക താവളങ്ങൾക്കപ്പുറം അമേരിക്കൻ ആസ്തികൾ ലക്ഷ്യമിട്ട് ഇറാൻ

മുഹമ്മദ് നബീല്‍

ടെഹ്‌റാൻ: ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് സെന്റർ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു.

ഈ പ്രത്യാക്രമണങ്ങൾ ഇറാൻ അമേരിക്കയുടെയും ഇസ്രഈലിന്റെയും സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനപ്പുറത്തേക്ക് വ്യാപിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഇറാനിൽ നിന്ന് ഏകദേശം 20 മിസൈലുകളും ലെബനനിൽ നിന്ന് 150 ഓളം പ്രൊജക്റ്റൈലുകളും ഇസ്രഈലിന് നേരെ വിക്ഷേപിച്ചതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇറാന്റെ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വ്യാപിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രഈൽ സൈന്യം അറിയിച്ചു.

ടെഹ്‌റാനിലെ ഐ.ആർ.ജി.സി ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തിയതായി ഇസ്രഈൽ സൈന്യം അവകാശപ്പെട്ടു. ഇസ്രഈൽ സൈന്യത്തിന്റെ കണക്കനുസരിച്ച് വിദേശ രാജ്യങ്ങളിലെ സായുധ സംഘങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ബജറ്റുകൾ നിയന്ത്രിക്കുന്നതും ഈ കേന്ദ്രത്തിൽ വച്ചാണ്.

ഇറാൻ അമേരിക്കയ്ക്ക് ഇപ്പോൾ ഒരു ഭീഷണിയല്ലെന്ന അമേരിക്കയുടെ വാദത്തെ തള്ളിക്കൊണ്ട് ഇറാൻ ഇസ്രഈലിനും ഗൾഫ് രാജ്യങ്ങൾക്കും എതിരായി മിസൈൽ ആക്രമണം നടത്തി.

അതേസമയം ഇറാന്റെ പ്രധാന ആശുപത്രിയും ഗവേഷണ കേന്ദ്രവുമായ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് അമേരിക്കയും ഇസ്രഈലും ചേർന്ന് തകർത്തതായി ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായി അറിയിച്ചു.

ഫെബ്രുവരി 28 നായിരുന്നു ഇറാനെതിരായി അമേരിക്കയും ഇസ്രഈലും സംയുക്ത ആക്രമണം നടത്തിയത്.

ഇറാൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഫെബ്രുവരി 28 മുതൽ ഇറാനിലുടനീളം നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 2076 പേർ കൊല്ലപ്പെടുകയും 26500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 600 ലധികം സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Attack on Amazon center in Bahrain; Iran targets American assets beyond military bases

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more