| Sunday, 15th May 2016, 8:00 pm

വടകരയില്‍ നടന്നത് നാടകം; കള്ളക്കഥ പരത്താന്‍ മുഖ്യമന്ത്രിയും കൂട്ടുനിന്നു: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍:  വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമ അക്രമിക്കപ്പെട്ട സംഭവം നാടകമായിരുന്നെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. വോട്ടു ചോദിച്ച് ചെന്ന സ്ഥാനാര്‍ത്ഥി ആക്രമിക്കപ്പെട്ടു എന്ന കള്ളക്കഥ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടു നിന്നതായി പിണറായി ആരോപിച്ചു. പരാജയഭീതി കൊണ്ടാണ് ഇത്തരം അപഹാസ്യമായ രീതികള്‍ യു.ഡി.എഫ് സ്വീകരിക്കുന്നതെന്നും പിണറായി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായിയുടെ പ്രതികരണം.

ഇത്തരം നീക്കങ്ങള്‍ അവസാന നിമിഷം വരെ പ്രതീക്ഷിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരും അനുഭാവികളും അതീവ ജാഗ്രത പാലിക്കണമെന്നും പിണറായിയുടെ പോസ്റ്റില്‍ പറയുന്നു.


Related: രമയ്‌ക്കെതിരെയുള്ളത് വ്യാജ പ്രചരണം: ‘ന്റെ മോളെ എന്നത് ‘നായിന്റമോളെ’ എന്നാക്കി പ്രചരിപ്പിച്ചു


പ്രചരണത്തിനിടെ മെയ് 14ന് വടകരയിലെ തച്ചോളി മാണിക്കോത്ത് എന്ന സ്ഥലത്തുവെച്ചാണ് രമയ്ക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായിരുന്നത്. വീടുകള്‍ കയറി വോട്ട് ചോദിക്കുന്നതിനിടെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് രമ പറഞ്ഞിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എല്‍ ഡി എഫിന് അത്യുജ്ജ്വല വിജയം സുനിശ്ചിതമായ സാഹചര്യത്തില്‍ അതിന്റെ മാറ്റ് കുറയ്ക്കാനും ജനങ്ങളില്‍ തെറ്റിധാരണ സൃഷ്ടിക്കാനും വ്യാപകമായ ശ്രമങ്ങള്‍ യു ഡി എഫും ബിജെപിയും നടത്തുകയാണ്.

സംസ്ഥാനത്താകെ വന്‍ തോതില്‍ പണവും മദ്യവും ഒഴുക്കുന്നതിനു പുറമേ വ്യാജ നോട്ടീസുകള്‍ പ്രചരിപ്പിക്കുന്നു. വടകരയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ നാടകം അതിന്റെ മറ്റൊരു പതിപ്പാണ്. വോട്ടു ചോദിക്കാന്‍ ചെന്ന് വീട്ടുകാരോട് മോശമായി പ്രതികരിച്ചു മടങ്ങിയ സ്ഥാനാര്‍ഥി ആക്രമിക്കപ്പെട്ടു എന്ന് കള്ളക്കഥ പരത്താന്‍ സംസ്ഥാന മുഖ്യമന്ത്രി തന്നെ തയാറായി. അപഹാസ്യമായ ഇത്തരം രീതികളില്‍ നിന്ന് യു ഡി എഫിന്റെ പരാജയ ഭീതി എത്രയാണ് എന്ന് മനസ്സിലാക്കാം.

ഇത്തരം നീക്കങ്ങള്‍ അവസാന നിമിഷം വരെ പ്രതീക്ഷിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്ത്തകരും അനുഭാവികളും അതീവ ജാഗ്രത പാലിക്കണം. ഒരു നിമിഷം പോലും പാഴാക്കാതെ, അനുകൂലമായ മുഴുവന്‍ വോട്ടുകളും ഒരു തടസ്സവുമില്ലാതെ ബൂത്തില്‍ എത്തും എന്ന് ഉറപ്പാക്കണം.

യു ഡി എഫ്  എന്‍ ഡി എ നീക്കുപോക്ക് നേരത്തെ നിലവിലുണ്ട്. അവസാന നിമിഷം ചില മണ്ഡലങ്ങള്‍ തെരഞ്ഞെടുത്തു കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുമുണ്ട്. അത്തരം നീക്കങ്ങള്‍ മറികടക്കുന്നതും എല്‍ ഡി എഫിന് വലിയ മുന്‍ തൂക്കം ഉള്ളതുമാണ് കേരളത്തിന്റെ ജനവികാരം. അത് പൂര്‍ണ്ണ തോതില്‍ പ്രതിഫലിപ്പിക്കാന്‍ നമ്മുടെയാകെ പങ്കാളിത്തം അനിവാര്യമാണ്. അതിനായി ജാഗരൂകരായി, കര്മ്മ നിരതരായി രംഗത്തിറങ്ങാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.

We use cookies to give you the best possible experience. Learn more