| Friday, 12th August 2016, 11:19 am

എ.ടി.എം തട്ടിപ്പ്: നിര്‍ണായക വിവരത്തിനായി 3 ദിവസം കാത്തിരിക്കണമെന്ന് ലോക്‌നാഥ് ബെഹ്‌റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തലസ്ഥാനത്തെ എ.ടി.എം തട്ടിപ്പിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിന് മൂന്ന് ദിവസം കൂടി കാത്തിരിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

ഇന്റര്‍ പോളില്‍ നിന്നും തട്ടിപ്പുകാരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ച സാങ്കേതിക വിദ്യയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മനസിലാക്കണം. ഇത്തരം കാര്യങ്ങള്‍  പുറത്തുപറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നും ഡി.ജി.പി പറഞ്ഞു.

വെള്ളയമ്പലം എ.ടി.എമ്മിലെ സുരക്ഷാവീഴ്ചയാണ് തട്ടിപ്പിന് സഹായകമായത്. തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍, മുഴുവന്‍ എസ്.ബി.ടി എ.ടി.എമ്മുകളിലും പരിശോധന നടത്തുകയും സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്യുകയാണ്.

അതിനിടെ, എ.ടി.എം തട്ടിപ്പുസംഘത്തിന്റെ പ്രവര്‍ത്തനം ബള്‍ഗേറിയ കേന്ദ്രമാക്കിയാണെന്ന് കഴിഞ്ഞ ദിവസം മുംബൈയില്‍ അറസ്റ്റിലായ ഗബ്രിയേല്‍ മരിയന്‍ പൊലീസിന് മൊഴിനല്‍കി.

വന്‍ സംഘത്തിലെ ചെറിയൊരു കണ്ണിമാത്രമാണ് താനെന്നും സംഘത്തില്‍ സാങ്കേതികവിദഗ്ധര്‍ ഏറെയുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. തിരുവനന്തപുരത്ത് പ്രത്യേക അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യുകയാണ്.

ബാങ്ക് നെറ്റ്‌വര്‍ക്കിലേക്കുള്ള കോഡ് മനസിലാക്കി തിരുവനന്തപുരം വെള്ളയമ്പലം എസ്.ബി.ടി എ.ടി.എമ്മില്‍ നിന്ന് 400 പേരുടെ അക്കൗണ്ട് വിവരങ്ങളാണ് ചോര്‍ത്തിയത്. 30 എ.ടി.എമ്മുകള്‍ പരിശോധിച്ചതിനുശേഷമാണ് വെള്ളയമ്പലത്തെ എ.ടി.എം തിരഞ്ഞെടുത്തതെന്നും ഗബ്രിയേല്‍ മൊഴി നല്‍കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more