| Wednesday, 25th June 2025, 12:03 pm

ഒരേ പോയിന്റ് നേടിയിട്ടും ആ ചാമ്പ്യന്‍ ടീമുകള്‍ അടുത്ത റൗണ്ടിലേക്കും ഞങ്ങള്‍ പുറത്തേക്കും; നിരാശ വ്യക്തമാക്കി അത്‌ലറ്റിക്കോ പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകേണ്ടി വന്നതിന്റെ നിരാശ വ്യക്തമാക്കി അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡിയാഗോ സിമയോണി. ഗ്രൂപ്പ് ബി-യില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് സിമയോണി തന്റെ നിരാശ വ്യക്തമാക്കിയത്.

ഗ്രൂപ്പ് ബി-യില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി പി.എസ്.ജിയും രണ്ടാം സ്ഥാനക്കാരായി ബോട്ടാഫോഗോയുമാണ് റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യത നേടിയത്. മൂന്ന് മത്സരത്തില്‍ നിന്നും ആറ് പോയിന്റാണ് ഇരുവര്‍ക്കുമുള്ളത്. രണ്ട് ജയവും ഒരു തോല്‍വിയുമാണ് ലീഗ് വണ്‍ സൂപ്പര്‍ ടീമിന്റെയും ബ്രസീലിയന്‍ സൂപ്പര്‍ ടീമിന്റെയും പേരില്‍ കുറിക്കപ്പെട്ടത്.

ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനും മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റുണ്ട്. എന്നാല്‍ ഗോള്‍ വ്യത്യാസത്തിന്റെ പേരിലാണ് മാഡ്രിഡ് ടീം പുറത്തായത്.

ഈ വിഷയത്തിലാണ് സിമയോണി പ്രതികരിക്കുന്നത്.

‘ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരും കോപ്പ ലിബര്‍ട്ടഡോറെസ് ചാമ്പ്യന്‍മാരും നേടിയ അതേ പോയിന്റ് തന്നെയാണ് ഞങ്ങളും നേടിയത്. എന്നിട്ടും ഞങ്ങള്‍ പുറത്തായി,’ സിമയോണി പറഞ്ഞു.

എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിജയിച്ചുകൊണ്ടാണ് അത്‌ലറ്റിക്കോ മാഡ്രിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ ദിവസം റോസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ ബോട്ടാഫോഗോയ്‌ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അത്‌ലറ്റിക്കോ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ 87ാം മിനിട്ടില്‍ ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാനാണ് സ്പാനിഷ് സൂപ്പര്‍ ടീമിനായി വലകുലുക്കിയത്.

അതേസമയം, ഗ്രൂപ്പില്‍ നിന്നും മുന്നേറിയ പി.എസ്.ജിയുടെയും ബോട്ടാഫോഗോയുടെയും എതിരാളികള്‍ ആരാണെന്നും വ്യക്തമായിക്കഴിഞ്ഞു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായ പി.എസ്.ജി ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരായ ഇന്റര്‍ മയാമിയെയും ബോട്ടാഫോഗോ ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായ ബ്രസീലിയന്‍ സൂപ്പര്‍ ടീം പാല്‍മീറസിനെയും നേരിടും.

റൗണ്ട് ഓഫ് സിക്സ്റ്റീനിലെ എട്ട് മത്സരത്തില്‍ നാലെണ്ണമാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടത്. ജൂലൈ രണ്ടോടെ റൗണ്ട് ഓഫ് സിക്സറ്റീന്‍ മത്സരങ്ങള്‍ അവസാനിക്കും.

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, റൗണ്ട് ഓഫ് 16

ജൂണ്‍ 28: പാല്‍മീറസ് vs ബൊട്ടഫോഗോ, ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ്

ജൂണ്‍ 29: ബെന്‍ഫിക്ക vs ചെല്‍സി, ബാങ്ക് ഓഫ് അരീന സ്റ്റേഡിയം

ജൂണ്‍ 29: പി.എസ്.ജി vs ഇന്റര്‍ മയാമി, മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയം

ജൂണ്‍ 30: ഫ്ളമെംഗോ vs ബയേണ്‍ മ്യൂണിക്, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം

ജൂലൈ 1: TBD vs TBD, ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയം

ജൂലൈ 1: TBD vs TBD, ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയം

ജൂലൈ 2: TBD vs TBD, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം

ജൂലൈ 2: TBD vs TBD, മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയം

Content Highlight: Atletico Madrid coach Diego Simeone on being eliminated from the Club World Cup

We use cookies to give you the best possible experience. Learn more