| Monday, 5th October 2026, 8:42 pm

ഞങ്ങളോട് പുറത്തിരിക്കാന്‍ പറഞ്ഞവര്‍ പിന്നീട് സായിയെ വന്ന് കെട്ടിപ്പിടിച്ചു; അനുഭവം പങ്കുവെച്ച് അറ്റ്‌ലീ

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമ സംഗീത ലോകത്ത് ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന പേരുകളിലൊന്നാണ് സായ് അഭ്യങ്കര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അനിരുദ്ധ് രവിചന്ദര്‍ ഒറ്റയ്ക്ക് അടക്കി വാണിരുന്ന തമിഴ് സിനിമയിലേക്ക് കടുത്ത മത്സരവുമായാണ് സായ് എത്തിയത്. ഇന്‍ഡിപ്പെന്‍ഡന്റ് ആല്‍ബങ്ങളിലൂടെ കരിയര്‍ ആരംഭിച്ച സായ് മലയാള ചിത്രമായ ബള്‍ട്ടിയിലൂടെയാണ് സംഗീത സംവിധായകനായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

സായ് അഭ്യങ്കര്‍. Photo: Gulte

പിന്നാലെ തമിഴിലെ പല ഹിറ്റ് ചിത്രങ്ങള്‍ക്കും സംഗീതം ചിട്ടപ്പെടുത്തിയ സായ് കുറഞ്ഞ സമയം കൊണ്ട് തന്നെ തന്റെ ബി.ജി.എമ്മുകളും ഗാനങ്ങളും ചാര്‍ട്ട്ബസ്റ്ററാക്കി മാറ്റുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ ഹിറ്റ് ചിത്രം കറുപ്പിലെ ഗാനങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ സൗത്ത് ഇന്ത്യയൊട്ടാകെ വൈറലായിരുന്നു. വരാനിരിക്കുന്ന അല്ലു അര്‍ജുന്‍-അറ്റ്ലീ പാന്‍ ഇന്ത്യന്‍ ചിത്രം രാക്കായ്ക്ക് സംഗീതമൊരുക്കുന്നതും സായിയാണ്.

അറ്റ്‌ലീ നിര്‍മാതാവായി അടുത്തിടെ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം ബത്തയുടെ സംഗീത സംവിധായകനും സായ് അഭ്യങ്കാറായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ സായ് അഭ്യങ്കറിനും തനിക്കും ഉണ്ടായ അനുഭവത്തെ കുറിച്ച് അറ്റ്‌ലീ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

എന്റെ അടുത്ത ചിത്രമായ രാക്കയ്ക്കായി ഞാനും സായിയും ചേര്‍ന്ന് ലണ്ടനിലെ’ആബി റോഡ് സ്റ്റുഡിയോയില്‍ പോയിരുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തരായ സംഗീത സംവിധായകരും സംഗീതജ്ഞരും പ്രവര്‍ത്തിച്ചിട്ടുള്ള ഒരിടമാണത്. അവിടെ എത്തിയപ്പോള്‍, ഞങ്ങള്‍ ആരാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പുറത്തിരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങള്‍ അവിടെയിരുന്നു. തുടര്‍ന്ന്, ആ സെഷനുവേണ്ടിയുള്ള മ്യൂസിക്ക് നോട്ട്‌സ് ഞങ്ങള്‍ അവര്‍ക്ക് നല്‍കി. അവിടെയുണ്ടായിരുന്ന സംഗീതജ്ഞര്‍ ഹാന്‍സ് സിമ്മറിന്റെ ചിത്രങ്ങളിലും ‘അവതാര്‍’ പോലുള്ള സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുള്ളവരായിരുന്നു.

തുടര്‍ന്ന്, ആബി റോഡ് സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരനോട്, മുകളില്‍ നിന്ന് ആ കമ്പോസിഷന്‍ സെഷന്‍ കാണാന്‍ സാധിക്കുമോ എന്ന് ഞാന്‍ ചോദിച്ചു. അയാള്‍ അതിന് സമ്മതിച്ചു. ഞങ്ങള്‍ ആരാണെന്ന് അറിയാത്തതുകൊണ്ട് തുടക്കത്തില്‍ അവര്‍ ഞങ്ങള്‍ക്ക് വലിയ പരിഗണനയൊന്നും നല്‍കിയിരുന്നില്ല.

രാക്ക. Photo: X.com

കമ്പോസിഷന്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവരും കൈയ്യടിക്കാന്‍ തുടങ്ങി. പിന്നീട്, സായിയാണ് സംഗീത സംവിധായകന്‍ എന്ന് മനസ്സിലാക്കിയപ്പോള്‍, എല്ലാവരും അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ചു. അത് എനിക്ക് ഒരിക്കലും മറക്കാനാകാത്ത നിമിഷമായിരുന്നു,’അറ്റ്‌ലീ പറഞ്ഞു.

Content Highlight: atlee talks about his experience with Sai Abbhyankar at london

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more