| Sunday, 4th October 2026, 1:14 pm

ആക്ഷനും വയലന്‍സുമുള്ള സിനിമകളാണ് ഇവിടെ കൂടുതലും വിജയിക്കുന്നത്, ആവേശവും കുമ്പളങ്ങി നൈറ്റ്‌സും പോലുള്ള പടങ്ങള്‍ തമിഴില്‍ ആഘോഷിക്കപ്പെടാറില്ല: അറ്റ്‌ലീ

അമര്‍നാഥ് എം.

ഷങ്കറിന്റെ സംവിധാന സഹായിയായി സിനിമാലോകത്തേക്ക് കടന്നുവന്ന്, ഇന്ന് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരിലൊരാളായി മാറിയ ആളാണ് അറ്റ്‌ലീ. തമിഴില്‍ മൂന്ന് ബ്ലോക്ക്ബസ്റ്ററുകളൊരുക്കിയ അറ്റ്‌ലീ ബോളിവുഡിലെ അരങ്ങേറ്റത്തില്‍ പലരെയും ഞെട്ടിച്ചു. കിങ് ഖാനെ നായകനാക്കി ഒരുക്കിയ ജവാന്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു.

ജവാന് ശേഷം അല്ലു അര്‍ജുനെ നായകനാക്കി ഒരുക്കുന്ന റാക്കയുടെ ഷൂട്ട് പുരോഗമിക്കുകയാണ്. സംവിധാനത്തിന് പുറമെ സിനിമാനിര്‍മാണത്തിലും അറ്റ്‌ലീ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എ ഫോര്‍ ആപ്പിള്‍ എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഒരുക്കുന്ന സിനിമകളെല്ലാം ഗംഭീരമാണ്. ഏറ്റവും പുതിയ ചിത്രമായ ബത്തയും മികച്ച പ്രതികരണം സ്വന്തമാക്കുകയാണ്.

നിരൂപകരെല്ലാം ഗംഭീര അഭിപ്രായം പറയുന്ന ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷന്‍ ലഭിക്കുന്നില്ല. കൊമേഷ്‌സ്യല്‍ എലമെന്റുകള്‍ കുറവുള്ള ചിത്രത്തിന് തമിഴ്‌നാട്ടില്‍ അര്‍ഹിച്ച സ്‌ക്രീനുകളും കളക്ഷനുകളും ലഭിക്കുന്നില്ല. തമിഴ് സിനിമയെ അടുത്ത തലത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് തങ്ങളുടേതെന്ന് അറ്റ്‌ലീ പറഞ്ഞു. ബത്തയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ ഇന്റര്‍നാഷണല്‍ സിനിമകളില്‍ ഒരുപാട് കൈയടി നേടിയ ഒന്നായിരുന്നു പാരസൈറ്റ്. ആ സിനിമ കണ്ടപ്പോള്‍ അതുപോലെ ഒന്ന് നമ്മുടെ തമിഴില്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് തോന്നി. ഇന്ത്യന്‍ സിനിമകളുടെ കാര്യമെടുത്താല്‍ ആവേശം, കുമ്പളങ്ങി നൈറ്റ്‌സ്, മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള സിനിമകള്‍ ഇവിടെയും വേണമെന്ന് നമ്മള്‍ ആഗ്രഹിക്കും.

എന്നാല്‍ അത്തരം സിനിമകള്‍ അവിടെ ആഘോഷിക്കുന്നതുപോലെ ഇവിടെ ആഘോഷിക്കാറില്ല. ഈ വര്‍ഷം ചെറിയ രീതിയിലെങ്കിലും മാറ്റം വന്നത് തായ് കിഴവി, മണ്ടാടി, മൊത രാത്രി പോലുള്ള സിനിമകളുടെ കാര്യത്തിലാണ്. ഇവിടുത്തെ പ്രേക്ഷകര്‍ക്ക് ആക്ഷനും വയലന്‍സും കൂടുതലുള്ള സിനിമകളാണ് ഇഷ്ടം. പക്ഷേ, ഇതുപോലുള്ള സിനിമകള്‍ കുറവാണ്. ബത്ത കണ്ടത് കുറച്ചുപേരാണെങ്കിലും അവര്‍ക്ക് സിനിമ ഒരുപാട് ഇഷ്ടമായി,’ അറ്റ്‌ലീ പറഞ്ഞു.

നടുവുല കൊഞ്ചം പക്കത്ത കാണോം, സീതക്കാതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബാലാജി തരണീതരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബത്ത. 1980കളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ബത്ത എന്ന റൗഡിയും ശബരി എന്ന കുട്ടിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നാണ് ബത്തയെന്ന് പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Atlee saying Non Commercial movies didn’t get much appreciation in Tamil Industry

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more