മേക്കിങ് കൊണ്ട് ഇന്ത്യന്‍ സിനിമയുടെ ശ്രദ്ധാകേന്ദ്രമായി മാറിയ സംവിധായകനാണ് അറ്റ്‌ലീ. തമിഴില്‍ കരിയര്‍ ആരംഭിച്ച് ബോളിവുഡിലെത്തിയ അറ്റ്‌ലീ ഷാരൂഖ് ഖാന് ഇന്‍ഡസ്ട്രി ഹിറ്റും സമ്മാനിച്ചു. ഇപ്പോഴിതാ അറ്റ്‌ലീ ഒരുക്കിയ ഏറ്റവും പുതിയ പരസ്യചിത്രമാണ് സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരിക്കുന്നത്. ഏജന്റ് ചിങ് റിട്ടേണ്‍സ് എന്ന പേരിലൊരുങ്ങിയ പരസ്യം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ ഒരു സിനിമയുടെ രീതിയിലാണ് അറ്റ്‌ലീ ഈ പരസ്യത്തെ സമീപിച്ചത്.
എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിങ്ങാണ് പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്. ‘ചിങ് സെഷുവാന്‍ ചട്ണി’യുടെ പരസ്യചിത്രമാണ് വന്‍ ബജറ്റില്‍ അറ്റ്‌ലീ ഒരുക്കിയത്. വമ്പന്‍ താരനിരയും അതിനൊത്ത മേക്കിങ്ങുമായി ഈയടുത്ത് വന്ന ഏറ്റവും മാസ് ‘മസാല’ പരസ്യമാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇന്ത്യന്‍ ആര്‍മിയിലെ പട്ടാളക്കാരെ തട്ടിക്കൊണ്ടുപോകുന്ന സയന്റിസ്റ്റും അയാളെ നേരിടുന്ന സീക്രട്ട് ഏജന്റും തമ്മിലുള്ള പോരാട്ടമാണ് പരസ്യത്തിന്റെ പ്രമേയം. സാധാരണക്കാരുടെ ടേസ്റ്റ് ബഡ്ഡുകള്‍ നശിപ്പിക്കാനുള്ള മരുന്ന കണ്ടുപിടിക്കുന്ന പ്രൊഫസര്‍ വൈറ്റ് നോയ്‌സും അതിനെ എതിര്‍ന്ന് പോരാടുന്ന ഏജന്റ് ചിങ്ങുമാണ് പ്രധാന കഥാപാത്രങ്ങള്‍.
രണ്‍വീര്‍ സിങ് ചിങ്ങായി വേഷമിടുമ്പോള്‍ വില്ലനായി എത്തിയത് ബോബി ഡിയോളാണ്. സ്പൂഫ് ആക്ഷന്‍ ഴോണറിലൊരുക്കിയ പരസ്യചിത്രം ഓരോ ഫ്രെയിമിലും സിനിമയുടെ ക്വാളിറ്റി നിലനിര്‍ത്തുന്നുണ്ട്. തെലുങ്ക് താരം ശ്രീലീലയും പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആക്ഷനും പാട്ടും കോമഡിയും എല്ലാമായിട്ടുള്ള പരസ്യചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
150 കോടി ബജറ്റിലാണ് അറ്റ്‌ലീ ഈ പരസ്യം ഒരുക്കിയത്. മോക്കോബോട് ക്യാമറകളും ഗംഭീര സെറ്റുകളും എല്ലാമായി ഗ്രാന്‍ഡ് പരിപാടിയാണ് പരസ്യമെന്നാണ് കമന്റുകള്‍. ബോളിവുഡിലെ ബാഘി സിരീസുകളെക്കാള്‍ മെച്ചമാണെന്നും ജീവിതത്തില്‍ ആദ്യമായി ഒരു പരസ്യം സ്‌കിപ്പ് ചെയ്യാതെ കണ്ടുതീര്‍ത്തെന്നുമെല്ലാം കമന്റുകള്‍ വരുന്നുണ്ട്.
അല്ലു അര്‍ജുനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് മുമ്പ് അറ്റ്‌ലീയുടെ വക സാമ്പിള്‍ വെടിക്കെട്ടായാണ് പലരും ഈ പരസ്യചിത്രത്തെ കണക്കാക്കുന്നത്. 650 കോടി ബജറ്റിലൊരുങ്ങുന്ന AA 22 x A6ന്റെ ടെസ്റ്റ് ഷൂട്ട് മുംബൈയില്‍ പുരോഗമിക്കുകയാണ്. അല്ലു നാല് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം 2027ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Atlee Ranveer Singh combo’s new ad film viral in social media