| Sunday, 15th October 2023, 11:53 pm

ഇത് നേരത്തെ കണ്ട സീനല്ലേ എന്ന് ആളുകള്‍ പറയും, എന്നാല്‍ എന്റെ പ്രേക്ഷകര്‍ക്ക് വേണ്ടത് ഇതാണ്: അറ്റ്‌ലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ താത്പര്യത്തിന് പുറത്തേക്കുള്ള സിനിമ ചെയ്യില്ലെന്ന് പറയുകയാണ് സംവിധായകന്‍ അറ്റ്‌ലി. താന്‍ എന്താണോ ചെയ്യുന്നത് അതേ താന്‍ ചെയ്യൂവെന്നും ജനങ്ങള്‍ക്ക് താന്‍ ചെയ്യുന്നത് ഇഷ്ടമാണെന്നും അറ്റ്‌ലി പറഞ്ഞു. എന്നാല്‍ അവര്‍ വിമര്‍ശനങ്ങളുന്നയിക്കുന്നതും തനിക്ക് അറിയാമെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ അറ്റ്‌ലി പറഞ്ഞു.

‘എന്നെക്കാളും നല്ല സംവിധായകരും എഴുത്തുകാരും ഇവിടെയുണ്ട്. എനിക്ക് അത് അറിയാം. എനിക്ക് എന്നെപ്പറ്റി നന്നായി അറിയാം. അതിനപ്പുറത്തുള്ള കാര്യം ചെയ്യില്ല. ഞാന്‍ എന്താണോ ചെയ്യുന്നത് അതേ ഞാന്‍ ചെയ്യൂ. ജനങ്ങള്‍ക്ക് ഞാന്‍ ചെയ്ത രംഗങ്ങള്‍ ഇഷ്ടമാണ്. എന്നാല്‍ അവര്‍ വിമര്‍ശിക്കുകയും. ചെയ്യും. ബ്രില്ല്യന്റ് സീനല്ല, സാധാരണ സീനാണ്, ഇത് നേരത്തെ കണ്ടതല്ലേ എന്നൊക്കെ പറയും. അത് ഓക്കെയാണ്. അതിനെ പറ്റി എനിക്കറിയാം. എന്നാല്‍ എന്റെ പ്രേക്ഷകര്‍ ഇതാണ് എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതാണ്.

ജവാന് മുമ്പ് ഒരു 20 ശതമാനം ആളുകള്‍ക്കായിരിക്കും എന്നെ അറിയാവുന്നത്. ഇപ്പോള്‍ 85 ശതമാനം ആളുകള്‍ക്കെങ്കിലും അറിയാം. ഇപ്പോള്‍ എനിക്ക് ഒരുപാട് പ്രേക്ഷകരും ഫാന്‍സുമുണ്ട്. ഇനി വരാന്‍ പോവുന്ന എന്റെ സിനിമ കാണാന്‍ ഒരുപാട് ആളുകള്‍ വരും. കൂടുതല്‍ ഉത്തരവാദിത്തമുണ്ടാവുകയാണ്. ജവാന്റെ വിജയം ഞാനൊരു ഉത്തരവാദിത്തമായാണ് എടുക്കുന്നത്,’ അറ്റ്‌ലി പറഞ്ഞു.

അറ്റ്‌ലിയും ഷാരൂഖ് ഖാനും ആദ്യമായി ഒന്നിച്ച ജവാന്‍ വമ്പന്‍ വിജയമാണ് നേടിയത്. ആഗോളതലത്തില്‍ ജവാന്‍ നേടിയത് 1117.39 കോടി രൂപയാണ് നേടിയത് എന്ന് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഒരു ഹിന്ദി ചിത്രത്തിന്റെ കളക്ഷനില്‍ ജവാനാണ് ഇപ്പോള്‍ ഒന്നാമതുള്ളത്.

നയന്‍താര നായികയായ ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലനെ അവതരിപ്പിച്ചത്. സഞ്ജയ് ദത്ത് അതിഥി വേഷത്തിലുണ്ടായിരുന്നു. ദീപിക പദുക്കോണ്‍, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്, റിദ്ധി ദോഗ്ര, സഞ്ജീത ഭട്ടാചാര്യ, ഗിരിജ, ഇജാസ് ഖാന്‍, കെന്നി, ജാഫര്‍ സാദിഖ് തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായി.

Content Highlight: Atlee about his film making

We use cookies to give you the best possible experience. Learn more