| Saturday, 8th February 2025, 1:10 pm

അതിഷിക്ക് ജയം; കെജ്‌രിവാളിനും സിസോദിയക്കും തോല്‍വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍ക്കാജി മണ്ഡലത്തില്‍ നിന്നും മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അതിഷി വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി രമേഷ് ബിധുരിയെ പരാജയപ്പെടുത്തിയാണ് അതിഷി വിജയിച്ചത്. 989 വോട്ടുകള്‍ക്കാണ് അതിഷിയുടെ ഭൂരിപക്ഷം.

ആം ആദ്മിയുടെ പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും പരാജയപ്പെട്ടു.

ജങ്പുര മണ്ഡലത്തില്‍ നിന്നും മനീഷ് സിസോദിയ ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ് മര്‍വയോട് 572 വോട്ടുകള്‍ക്ക് തോല്‍വി സമ്മതിച്ചിരുന്നു.

അരവിന്ദ് കെജ് രിവാള്‍ ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥി  പര്‍വേഷ് ശര്‍മയോട് പരാജയപ്പെടുകയും ചെയ്തു. 3789 വോട്ടുകള്‍ക്കാണ് പര്‍വേഷ് ശര്‍മ മുന്നിലെത്തിയത്.

നിലവില്‍ ദല്‍ഹിയിലെ 70 മണ്ഡലങ്ങളില്‍ 47 മണ്ഡലങ്ങളിലും ബി.ജെ.പി മുന്നിലാണ്. 23 മണ്ഡലങ്ങളില്‍ മാത്രമാണ് എ.എ.പി ലീഡിലുള്ളത്.

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണ് ദല്‍ഹിയില്‍ ബി.ജെ.പിക്ക് ലീഡെടുക്കാന്‍ സഹായകമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ സഖ്യത്തിലെ പ്രധാനപാര്‍ട്ടികളായ കോണ്‍ഗ്രസും എ.എ.പിയും മുഴുവന്‍ സീറ്റുകളിലും പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ദല്‍ഹിയിലുണ്ടായത്. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും ബി.എസ്.പിയും ചില ഇടത് പാര്‍ട്ടികളും എന്‍.സി.പിയും ഉള്‍പ്പടെയുള്ള ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളും ചിലയിടങ്ങളില്‍ മത്സരിച്ചത് വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി.

27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദല്‍ഹിയില്‍ ബി.ജെ.പി. അധികാരത്തിലേക്ക് നടന്നടുക്കുന്നത്. കഴിഞ്ഞ മൂന്ന് ടേമുകളിലും എ.എ.പിയാണ് ദല്‍ഹിയില്‍ അധികാരത്തിലെത്തിയത്. 2020 ആകെയുള്ള 70 സീറ്റില്‍ 62 സീറ്റ് നേടിയാണ് എ.എ.പി. ദല്‍ഹിയില്‍ ഭരണത്തിലെത്തിയത്.

Content Highlight: Atishi wins; Kejriwal and Sisodia lose

We use cookies to give you the best possible experience. Learn more