| Sunday, 28th April 2019, 1:14 pm

നെഗറ്റീവ് പൊളിറ്റിക്‌സ് പ്രാക്ടീസ് ചെയ്യുന്നു;വ്യക്തമായ കാഴ്ച്ചപാട് ഇല്ല; അതിഷി മര്‍ലിനക്ക് മറുപടിയുമായി ഗൗതം ഗംഭീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഈസ്റ്റ് ദല്‍ഹി എ.എ.പി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിനക്ക് മറുപടിയുമായി ഗൗതം ഗംഭീര്‍. അനുമതിയില്ലാതെ റാലി നടത്തിയതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് കൊടുത്ത സംഭവത്തില്‍ ഗൗതംഗംഭീറിനെതിരെ അതിഷി മര്‍ലിന രൂക്ഷ വിമര്‍ശനമുമായി രംഗത്തെത്തിയിരുന്നു.

‘നിങ്ങള്‍ക്ക് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നില്ല. കഴിഞ്ഞ നാലര വര്‍ഷം നിങ്ങള്‍ ഒന്നും ചെയ്യാതെയായാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതില്‍ തീരുമാനമെടുക്കും.എപ്പൊഴാണോ നിങ്ങള്‍ക്ക് വ്യക്തമായ കാഴ്ച്ചപാട് ഉണ്ടാവുക അപ്പോള്‍ നിങ്ങള്‍ ഇത്തരം നെഗറ്റീവ് രാഷ്ട്രീയം കളിക്കില്ല.’ ഗൗതം ഗംഭീര്‍ പ്രതികരിച്ചു.

ആദ്യം നാമനിര്‍ദേശ പത്രികയില്‍ വൈരുദ്ധ്യവും പിന്നെ സ്വന്തം പേരില്‍ രണ്ട് ഐ.ഡി കാര്‍ഡുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.ഇപ്പോള്‍ അനുമതിയില്ലാതെ റാലി നടത്തി. എനിക്ക് ഗംഭീറിനോട് പറയാനുള്ളത് നിയമം അറിയില്ലെങ്കില്‍ പിന്നെന്തിനാണ് കളിക്കാന്‍ വരുന്നതെന്നാണ്. എന്നായിരുന്നു അതിഷി മര്‍ലിന ട്വീറ്റ് ചെയ്തത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് കൊണ്ട് അനുമതി വാങ്ങാതെ ഏപ്രില്‍ 25ന് ദല്‍ഹിയിലെ ജങ്പുരയിലാണ് ഗംഭീര്‍ റാലി നടത്തിയത്. സംഭവത്തില്‍ ഈസ്റ്റ് ദല്‍ഹി ഇലക്ടറല്‍ ഓഫീസര്‍ കെ. മഹേഷ് ദല്‍ഹി പൊലീസിനോട് കേസെടുക്കാന്‍ പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടിയുടെ അതിഷി മര്‍ലിന നല്‍കിയ മറ്റൊരു പരാതിയും ഗൗതം ഗംഭീറിനെതിരെ നിലനില്‍ക്കുന്നുണ്ട്. രാജേന്ദ്ര നഗറിലും കരോള്‍ ബാഗിലുമായി 2 വോട്ടര്‍ പട്ടികയില്‍ ഗൗതം ഗംഭീറിന്റെ പേരുണ്ടെന്നും ഈ രണ്ടു സ്ഥലങ്ങളിലെയും വോട്ടര്‍ ഐ.ഡി ഗംഭീറിന്റെ പക്കലുണ്ടെന്നും എ.എ.പി ആരോപിച്ചിരുന്നു.

ബി.ജെ.പി നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഗംഭീര്‍ കഴിഞ്ഞ മാസമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതും സ്ഥാനാര്‍ത്ഥിയായതും.

We use cookies to give you the best possible experience. Learn more