| Friday, 14th November 2025, 12:05 pm

കാണാന്‍ മലയാളിയെ പോലെയില്ലെന്ന് പറഞ്ഞ് ചില സിനിമകളിലേക്ക് വിളിച്ചില്ല; ടിക്കി ടാക്കയില്‍ ഒരു സ്വാഗുള്ള വേഷമാണ് എന്റേത്: അതുല്യ ചന്ദ്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നെ കാണാന്‍ ഒരു മലയാളി ലുക്കിലെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് നടി അതുല്യ ചന്ദ്ര. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഡീയസ് ഈറെയില്‍ അതുല്യയും ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അതുല്യ.

‘പാന്‍ ഇന്ത്യന്‍ ലുക്കുണ്ടെന്ന് പറഞ്ഞ്, പല ആഡുകളും എന്നിലേക്ക് വന്നിരുന്നു. നാഷണല്‍ ആഡ്‌സൊക്കെ കിട്ടാന്‍ കുറച്ചുകൂടി എളുപ്പമാണ്. എന്റെ അമ്മയുടെ സൈഡൊക്കെ കുട്ടനാടാണ്. എന്റെ സ്ഥലം ചങ്ങനാശ്ശേരിയാണ്. ഇതില്‍ കൂടുതല്‍ മലയാളിയാകാന്‍ പറ്റില്ല,’ അതുല്യ പറയുന്നു.

ഒരു മലയാളി ലുക്ക് ഇല്ലാത്തതുകൊണ്ട് ചില സിനിമകളിലേക്ക് തന്നെ വിളിക്കാറില്ലെന്നും ടിപ്പിക്കലി ഒരു മലയാളി ലുക്കല്ലാത്തത് കൊണ്ട് ക്യാരക്ടറിന് സ്യൂട്ടാകില്ലെന്ന് പറയാറുണ്ടെന്നും അതുല്യ ചന്ദ്ര പറഞ്ഞു. എന്നാല്‍ അതുകൊണ്ട് തമിഴിലും തെലുങ്കിലുമൊക്കെ ഓഫറുകള്‍ വരാറുണ്ടെന്നും അവര്‍ക്ക് അങ്ങനത്തെ മുഖമാണ് വേണ്ടതെന്നും അതുല്യ കൂട്ടിച്ചേര്‍ത്തു.

‘റോഷന്‍ മാത്യുവിന്റെ പെയറായിട്ട് പത്മകുമാര്‍ സാറിന്റെ ഒരു സിനിമ ഞാന്‍ ചെയ്തു. അതുപോലെ ആസിഫ് അലിയുടെ ടിക്കി ടാക്കയിലും ഞാന്‍ ഒരു വേഷം ചെയ്യുന്നുണ്ട്. സിനിമയില്‍ ഒരു ബ്രീഫ് റോള്‍ ചെയ്തിട്ടുണ്ട്. ടിക്കി ടാക്കയില്‍ ഞാന്‍ കുറച്ചൊരു സ്വാഗുള്ള റോളാണ് ചെയ്തത്. ചെറിയ വേഷമാണെങ്കിലും അതും ഇംപാക്ടുള്ള റോളാണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു,’ അതുല്യ ചന്ദ്ര പറഞ്ഞു.

തിയേറ്ററുകളില്‍ ഗംഭീര മുന്നേറ്റം നടത്തുന്ന ചിത്രമാണ് ഡീയസ് ഈറേ. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് ഇതിനോടകം 75 കോടിയോളം നേടിക്കഴിഞ്ഞു. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ താരങ്ങളിലൊരാളാണ് അതുല്യ ചന്ദ്ര. പ്രണവ് അവതരിപ്പിച്ച രോഹന്റെ കാമുകിയായാണ് അതുല്യ വേഷമിട്ടത്.

Content highlight: Athulya Chandra has said that many people have told her that she looks like a Malayali

We use cookies to give you the best possible experience. Learn more