ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് സൂപ്പര്‍ ക്ലാസിക് മത്സരമാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് രണ്ടാം സൂപ്പര്‍ ഫോര്‍ മത്സരം നടക്കുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് അപരാജിതരായാണ് ഇന്ത്യന്‍ ടീം സൂപ്പര്‍ ഫോറിലെത്തിയത്.
അതേസമയം, ഇന്ത്യയോട് തോറ്റ പാകിസ്ഥാന്‍ മറ്റ് രണ്ട് മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയാണ് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് സ്റ്റേജിലെ തോല്‍വിക്ക് പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാവും സല്‍മാന്‍ അലി ആഘയും കൂട്ടരും ഇന്ത്യയ്ക്കെതിരെ ഇറങ്ങുക. എന്നാല്‍, ഒരിക്കല്‍ കൂടി മെന്‍ ഇന്‍ ഗ്രീനിനെ തോല്‍പ്പിച്ച് ആധിപത്യം നേടുക എന്നതാവും ഇന്ത്യന്‍ സംഘത്തിന്റെ ഉന്നം.
ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന്‍. ഇന്ത്യന്‍ ടീമിന് മികച്ച നിലവാരമാണെന്നും ഇന്ത്യയുടെ രണ്ട് ടീമുകള്‍ ഇറങ്ങിയാല്‍ അവ രണ്ടും ഫൈനലില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കാത്തത് ടീമിന്റെ പക്വതയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ. എന്‍.ഐയില്‍ സംസാരിക്കുകയായിരുന്നു അതുല്‍ വാസന്‍.
‘അര്‍ഷ്ദീപ് സിങ്ങിനെ എന്തുകൊണ്ട് കളിപ്പിക്കുന്നില്ലെന്നാണ് എല്ലാവരും ചോദിക്കുന്നത്. നമ്മള്‍ അക്കാര്യത്തില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. അത് ഇന്ത്യന്‍ ടീമിന്റെ പക്വതയെയാണ് കാണിക്കുന്നത്.
നമ്മള്‍ ഒരു താരത്തിന്റെ പേരോ പ്രശസ്തിയോ നോക്കിയല്ല ടീമില്‍ ഉള്‍പ്പെടുത്തുന്നത്. നമ്മുക്ക് എന്താണ് വേണ്ടതെന്ന് അനുസരിച്ചാണ് താരങ്ങളെ തെരഞ്ഞെടുക്കുന്നത്.
മുമ്പ് ഫോമോ ഫിറ്റ്നസോ നോക്കാതെ വലിയ താരങ്ങള്‍ക്ക് അവസരം ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ ടീമിനും കളിക്കും ഏറ്റവും അനുയോജ്യരായവരെയാണ് തെരഞ്ഞെടുക്കുന്നത്. ഇത് ടീമിന് നല്ലതാണ്. ഈ മോഡല്‍ ഓസ്‌ട്രേലിയ ഒരുപാട് കാലമായി പിന്തുടരുന്നതാണ്,’ അതുല്‍ വാസന്‍ പറഞ്ഞു.
ടി – 20യില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമായിട്ടും അര്‍ഷ്ദീപ് സിങ്ങിന് ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരത്തില്‍ അവസരം ലഭിച്ചിരുന്നില്ല. ഒമാനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ മാത്രമാണ് താരം ഇറങ്ങിയത്. ഇതില്‍ ഇടം കൈയ്യന്‍ ബൗളര്‍ നാല് ഓവര്‍ എറിഞ്ഞ് ഒരു വിക്കറ്റ് നേടിയിരുന്നു. അതോടെ താരം ടി – 20യില്‍ 100 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറാകുകയും ചെയ്തിരുന്നു.
Content Highlight: Athul Wasan says that we should praise India for not featuring Arshdeep Singh in first two matches in Asia Cup