| Wednesday, 6th May 2026, 6:45 pm

പടം കാണാനുള്ള മൂഡ് പോയി, എന്തൊരു വെറുപ്പിക്കല്‍, സ്റ്റെഫി സണ്ണിയുമായുള്ള അതിരടി പ്രൊമോഷന് വിമര്‍ശനം

അമര്‍നാഥ് എം.

സിനിമകളുടെ പ്രൊമോഷന് വേണ്ടി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെയും കണ്ടന്റ് ക്രിയേറ്റര്‍മാരെയും അണിയറപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നത് പുതിയ കാഴ്ചയല്ല. ഇത്തരം പ്രൊമോഷനുകള്‍ പലപ്പോഴും പ്രേക്ഷകശ്രദ്ധ നേടാറുമുണ്ട്. പല കണ്ടന്റ് ക്രിയേറ്റര്‍മാരും ഇതിലൂടെ പടിപടിയായി സിനിമയിലും കയറിപ്പറ്റാറുണ്ട്.

റിലീസിന് തയാറെടുക്കുന്ന അതിരടിയുടെ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം ഇത്തരത്തില്‍ ഒരു പ്രൊമോ വീഡിയോ പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ സ്റ്റെഫി സണ്ണിയും അതിരടിയിലെ പ്രധാന താരങ്ങളായ ബേസില്‍ ജോസഫ്, റിയ ഷിബു എന്നിവരാണ് റീലിലുള്ളത്. പ്രൊമോഷന് വേണ്ടി പുറത്തുവിട്ട റീലിന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിക്കുന്നത്.

കാമുകിയുടെയും ബെസ്റ്റിയുടെയും ഇടയില്‍ പെട്ടുപോയ പാവം യുവാവിനെയാണ് റീലില്‍ കാണിക്കുന്നത്. ബേസിലും റിയയും കാമുകീ കാമുകന്മാരായി എത്തിയപ്പോള്‍ സ്‌റ്റെഫി സണ്ണിയാണ് ബെസ്റ്റിയായി വേഷമിട്ടത്. എന്നാല്‍ സ്റ്റെഫി സണ്ണിയുമായുള്ള റീലിന് വന്‍ നെഗറ്റീവ് പ്രതികരണമാണ് ഫേസ്ബുക്കില്‍ പലരും പങ്കുവെച്ചത്.

സ്റ്റെഫിയുടെ ആക്ടിങ്ങും സ്ലാങ്ങും അങ്ങേയറ്റം അരോചകമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. പ്രൊമോഷന്‍ ചെയ്യാന്‍ വേറെ ആരെയും കിട്ടിയില്ലേ എന്നും ചോദ്യങ്ങളുണ്ട്. ഇന്‍സ്റ്റഗ്രാമിലെ റീലുകളില്‍ തന്നെ ഏറ്റവും മോശം അവതരണം സ്‌റ്റെഫിയുടേതാണെന്നും ഈ പ്രൊമോഷന്‍ സിനിമക്ക് തിരിച്ചടിയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

‘പടം കാണാനുള്ള മൂഡ് പോയി’, ‘ഇത് പ്രൊമോഷനല്ല, ഡൗണ്‍ഗ്രേഡാണ്’, ‘എന്തൊരു വെറുപ്പിക്കലാണ്’, ‘ക്രിഞ്ചിന്റെ അങ്ങേയറ്റം’, ‘പ്രിയപ്പെട്ട ബേസില്‍, മേലില്‍ ഇമ്മാതിരി പ്രൊമോഷനുമായി വരരുത്. നിങ്ങള്‍ക്കൊരു നിലയും വിലയുമുണ്ട്. അത് കളയരുത്,’ ‘തമാശയാണ് ഉദ്ദേശിച്ചതെങ്കില്‍ ഒട്ടും ചിരി വന്നില്ല,’ എന്നിങ്ങനെയാണ് റീലിന് ലഭിക്കുന്ന കമന്റുകള്‍.

കരിയറിലാദ്യമായി ബേസില്‍ നിര്‍മാതാവിന്റെ കുപ്പായമണിയുന്ന ചിത്രമാണ് അതിരടി. വളരെ വ്യത്യസ്തമായ ഗെറ്റപ്പില്‍ ബേസില്‍ പ്രത്യക്ഷപ്പെടുന്നതും ടൊവിനോയുടെ സാന്നിധ്യവും അതിരടിയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. മിന്നല്‍ മുരളിയില്‍ സഹസംവിധായകനായ അരുണ്‍ അനിരുദ്ധനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 14ന് അതിരടി തിയേറ്ററുകളിലെത്തും.

Content Highlight: Athiradi Promotion with Steffy Sunny getting negative reviews

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more