| Wednesday, 17th June 2026, 4:16 pm

ജോര്‍ജുകുട്ടിയെ പൂട്ടാന്‍ തോട്ട കുട്ടനും സാം കുട്ടിയും, ഒ.ടി.ടിയില്‍ ഈയാഴ്ച തീ പാറും... അതിരടി, ദൃശ്യം 3 ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്

അമര്‍നാഥ് എം.

തിയേറ്ററില്‍ അടുത്തിടെ വലിയ ചലനം സൃഷ്ടിച്ച സിനിമകളായിരുന്നു അതിരടിയും ദൃശ്യം 3യും. മെയ് റിലീസുകളില്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടാന്‍ ഇരു സിനിമകള്‍ക്കും സാധിച്ചു. ദൃശ്യം 3 220 കോടിയിലേറെ നേടി ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ടപ്പോള്‍ 60 കോടിയിലേറെ നേടി അതിരടിയും ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കി.

അതിരടി തിയേറ്ററുകളിലെത്തി ഒരാഴ്ചക്ക് ശേഷമായിരുന്നു ദൃശ്യം 3 തിയേറ്ററുകളിലെത്തിയത്. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും ദൃശ്യം 3യുടെ റിലീസ് അതിരടിയുടെ കളക്ഷനെ ചെറുതായി ബാധിച്ചു. ആദ്യ ആഴ്ചക്ക് ശേഷം പലയിടത്തും സ്‌ക്രീന്‍ കൗണ്ടും ഷോ കൗണ്ടും കുറച്ചത് അതിരടിക്ക് തിരിച്ചടിയായി. ഇപ്പോഴിതാ ഒ.ടി.ടിയിലും ഇരു ചിത്രങ്ങളും വീണ്ടും ഏറ്റുമുട്ടുകയാണ്.

ഒരുദിവസത്തെ വ്യത്യാസത്തിലാണ് ദൃശ്യം 3യും അതിരടിയും ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുന്നത്. ജൂണ്‍ 18നാണ് ദൃശ്യം 3യുടെ ഒ.ടി.ടി റിലീസ്. ആമസോണ്‍ പ്രൈമാണ് ചിത്രത്തെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. മോളിവുഡിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയും ഏറ്റവും വലിയ ബ്രാന്‍ഡും ഒന്നിച്ച ചിത്രം ഒ.ടി.ടിയിലും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

റിലീസ് സമയത്ത് തന്നെ ദൃശ്യം 3ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സ്‌ക്രിപ്റ്റിലെ ലൂപ്‌ഹോളുകള്‍ക്ക് പുറമെ പല കഥാപാത്രങ്ങളെയും ജീത്തു ജോസഫ് അവതരിപ്പിച്ച രീതിയും ട്രോളുകള്‍ക്ക് വിധേയമായി. ഒ.ടി.ടി റിലീസിന് ശേഷം ഈ ട്രോളുകളെല്ലാം ഒന്നുകൂടി ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടുന്നത്.

യൂത്ത് ഓഡിയന്‍സിനെ ആകര്‍ഷിക്കാനുള്ള ഘടകങ്ങളുമായിട്ടായിരുന്നു അതിരടിയുടെ വരവ്. അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റുകളും പരമാവധി ആളുകളിലേക്കെത്തിച്ച് ലൈവാക്കി നിര്‍ത്തിയ ചിത്രമായിരുന്നു അതിരടി. സാം കുട്ടി എന്ന കോളേജ് വിദ്യാര്‍ത്ഥിയായി ബേസില്‍ ജോസഫും തോട്ട കുട്ടന്‍ എന്ന ഗുണ്ട/ ഗായകനായി ടൊവിനോയും എത്തിയ ചിത്രം ഈഗോ ക്ലാഷിന്റെ കഥയാണ് പറഞ്ഞത്. ജൂണ്‍ 19ന് സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.

കോളേജ് സ്റ്റുഡന്റായുള്ള ബേസിലിന്റെ ഗെറ്റപ്പും പെര്‍ഫോമന്‍സും ചെറിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഒ.ടി.ടി റിലീസില്‍ ചിത്രം ഏത് രീതിയില്‍ സ്വീകരിക്കപ്പെടുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. രണ്ട് സിനിമകളും ഒന്നിച്ച് ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യുമ്പോള്‍ സിനിമാപ്രേമികളും ആവേശത്തിലാണ്. ഏത് സിനിമയാകും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുക എന്നറിയാനാണ് പലരും കാത്തിരിക്കുന്നത്.

Content Highlight: Athiradi and Drishyam 3 OTT release date out now

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more