ന്യൂയോര്‍ക്ക്: തീവ്രവാദത്തിന്റെ ഇരകള്‍ ഇറാനാണെന്നും തങ്ങളെ അങ്ങനെ വിളിക്കുവരാണ് തീവ്രവാദികളെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ‘നിയമപരമായ ചട്ടക്കൂടോ കാരണമോ ഇല്ലാതെയാണ് അദ്ദഹത്തെ വധിച്ചത്’ എന്ന് പെസസ്‌കിയാന്‍ പറഞ്ഞു.
ഒരു സ്‌കൂളിലും സ്‌പോര്‍ട്‌സ് ഹാളിലും നടന്ന യു.എസ്-ഇസ്രഈല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രവും കാണിച്ച ഇറാന്‍ പ്രസിഡന്റ് ഒരു കുറ്റകൃത്യവും ചെയ്യാത്ത നിരപരാധികളായിരുന്നും അവര്‍ എന്നു പറഞ്ഞു.
രണ്ട് നൂറ്റാണ്ടായി ഇറാന്‍ മറ്റൊരു രാജ്യത്തെയും ആക്രമിച്ചിട്ടില്ലെന്ന് പ്രാദേശിക അസ്ഥിരതയ്ക്ക് ഇറാന്‍ കാരണമാകുന്നു എന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ മുട്ടുമടക്കിയില്ല, തലകുനിച്ചില്ല. ഞങ്ങള്‍ മറുപടി നല്‍കി. പക്ഷേ സാധാരണമനുഷ്യരെ ഞങ്ങള്‍ ആക്രമിച്ചിട്ടില്ല’, പെസസ്‌കിയാന്‍ പറഞ്ഞു.
ഇറാന്‍ ആണവവിദ്യ വികസിപ്പിക്കുന്നത് ആയുധങ്ങള്‍ക്കായല്ല, സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
‘ഞങ്ങളുടെ രോഗികള്‍ക്ക് അത് രോഗശമനവും ചികിത്സയുമാണ്, കാര്‍ഷികമേഖലയ്ക്ക് അത് ഭക്ഷ്യസുരക്ഷയാണ്, വ്യവസായങ്ങള്‍ക്ക് അത് പുരോഗതിയാണ്.”
ആണവ വികസന വിഷയത്തിലെ ഇരട്ടത്താപ്പിനെയും പെസസ്‌കിയാന്‍ അപലപിച്ചു. ആണവ നിര്‍വ്യാപനകരാറില്‍ അംഗമല്ലാത്ത ഇസ്രഈലിന്റെ കൈവശം വന്‍തോതിലുള്ള നശീകരണ ആയുധങ്ങള്‍ ഉണ്ടായിട്ടും അത് ഒരിക്കലും പരിശോധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ആണവായുധം ഇസ്രഈലിലാണ്, പക്ഷെ പരിശോധന നടക്കുന്നത് ഇറാനിലാണ്. ഇസ്രഈല്‍ ആണ് കൊല്ലുന്നത്. എന്നാല്‍ ഉപരോധം നേരിടുന്നത് ഇറാനാണ്,’ പെസക്‌സിയാന്‍ ഊന്നിപ്പറഞ്ഞു.
ഫലസ്തീന്‍ ജനതയ്ക്കുള്ള തന്റെ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
‘അവര്‍ വംശഹത്യ നടത്തുകയാണ്, എന്നിട്ട് മറ്റുള്ളവരെ തീവ്രവാദികളായി മുദ്രകുത്തുന്നു. ഭീകരവാദം നടത്തുന്നവരാണോ സമാധാനത്തിന്റെയും സ്ഥിരതയുടേയും സംരക്ഷകര്‍? അന്താരാഷ്ട്രനിയമങ്ങളൊന്നും അവര്‍ പാലിക്കുന്നില്ല’, പെസസ്‌കിയാന്‍ ആരോപിച്ചു.
ഈ വര്‍ഷമാദ്യം ഇറാനില്‍ നടന്ന ജനകീയപ്രതിഷേധങ്ങള്‍ സര്‍ക്കാരിനോടുള്ള എതിര്‍പ്പല്ല, മറിച്ച് രാജ്യത്തിനും അതിന്റെ അധികാരികള്‍ക്കുമുള്ള പൊതുജനപിന്തുണയുടെ പ്രകടനങ്ങളാണെന്ന് പെസസ്‌കിയാന്‍ പറഞ്ഞു
‘ഇസ്രഈലും അമേരിക്കയും ആയുധങ്ങളും പരിശീലനവും നല്‍കി സജ്ജരാക്കിയവര്‍ രാജ്യത്തിന്റെ സുരക്ഷയെ തടസ്സപ്പെടുത്താതിരിക്കാന്‍ കഴിഞ്ഞ ഏഴുമാസമായി ഇറാനിലെ ജനങ്ങള്‍ എല്ലാ രാത്രിയും തങ്ങളുടെ മണ്ണിനെയും മാതൃരാജ്യത്തെയും പിന്തുണച്ച് തെരുവിലിറങ്ങി പ്രകടനം നടത്തി വരികയാണ്’, പെസസ്‌കിയാന്‍ പറഞ്ഞു.
ഉപരോധങ്ങള്‍, സമ്മര്‍ദം, ഭീഷണി തുടങ്ങിയവയ്ക്കുമുന്നില്‍ ഇറാനിയന്‍ ജനതയുടെ പ്രതിരോധം വര്‍ധിക്കുകയേ ഉള്ളു എന്ന് ട്രംപ് അറിഞ്ഞിരിക്കണമെന്ന പരാമര്‍ശത്തോടെയാണ് പെസസ്‌കിയാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Content Highlight: At UN, Pezeshkian turns terrorism accusation back on Iran’s critics