| Sunday, 1st November 2026, 10:34 am

‘രോമാഞ്ചം കണ്ട് ഞാനും ജോയും ചിരിച്ച് നിലത്തുവീണു; പക്ഷേ ഞങ്ങൾക്ക് ഒരുപോലെ ഇഷ്ടമായത് ആവേശം’; സൂര്യ

അജ്മല്‍ കെ

‘ആവേശം’, ‘രോമാഞ്ചം’ എന്നീ ചിത്രങ്ങൾക്കുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘സീൻ’. സൂര്യ നായകനാകുന്ന ചിത്രത്തിൽ ഇമ്പരാജ് എന്ന പൊലീസ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നസ്രിയ നസീം മായയായും നസ്‌ലെൻ ഈശ്വറായും ചിത്രത്തിൽ എത്തുന്നുണ്ട്. 12 വർഷത്തിനുശേഷം നസ്രിയ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

നവംബർ ആറിന് ചിത്രം തിയേറ്ററുകളിലെത്തും. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് പരിപാടിയിൽ ജിത്തു മാധവനൊപ്പമുള്ള സിനിമാനുഭവത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മുൻചിത്രങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നടൻ സൂര്യ.

സൂര്യ. Photo. Screen Grab/ Youtube

‘ഞാനും ജ്യോയും രോമാഞ്ചം കണ്ടപ്പോൾ സോഫയിൽനിന്ന് താഴെ വീണ് ചിരിച്ചുപോയി. എന്നാൽ ഞങ്ങൾ രണ്ടുപേർക്കും ഒരുപോലെ ഇഷ്ടമായ സിനിമ ആവേശമാണ്,’ എന്നായിരുന്നു സൂര്യയുടെ വാക്കുകൾ. ജിത്തു മാധവന്റെ ഓരോ സിനിമയും വ്യത്യസ്തമായ അനുഭവമാണ് നൽകുന്നതെന്നും താരം പറഞ്ഞു.

‘രോമാഞ്ചം പോലെയല്ല ആവേശം. ആവേശം പോലെയല്ല സീൻ. ജിത്തു തന്റെ ഓരോ സിനിമയ്ക്കും ഓരോ വ്യത്യസ്തമായ ലോകമാണ് സൃഷ്ടിക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത,’ സൂര്യ പറഞ്ഞു.

ഒരു സിനിമയുടെ വിജയത്തിന് പിന്നാലെ അതേ രീതിയിലുള്ള മറ്റൊരു ചിത്രം ഒരുക്കുകയല്ല ജിത്തു ചെയ്യുന്നതെന്നും ഓരോ സിനിമയിലും പുതിയൊരു ലോകം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണെന്നും സൂര്യ പറഞ്ഞു.

ഈ വർഷം തനിക്ക് ഏറെ പ്രത്യേകതയുള്ളതാണെന്നും മൂന്ന് സിനിമകൾ റിലീസ് ചെയ്തെന്നും സൂര്യ പറഞ്ഞു.

‘കറുപ്പ് എന്ന സിനിമയുടെ 45 മിനിറ്റിനുള്ളിലാണ് ആ കഥ തീരുമാനമായത്. അങ്ങനെയാണ് അത് കറുപ്പായി മാറിയത്. തുടർച്ചയായി ആക്ഷൻ സിനിമകൾ ചെയ്തുകൊണ്ടിരുന്ന സമയത്ത് ഒരു കുടുംബചിത്രം ചെയ്യണമെന്ന ആവശ്യം പലരും മുന്നോട്ടുവെച്ചിരുന്നു. അങ്ങനെയാണ് ‘വിശ്വനാഥൻ ആൻഡ് സൺസ്’ എന്ന സിനിമ ചെയ്തത്. ആ ചിത്രവും പ്രേക്ഷകർക്ക് ഇഷ്ടമായത് കൊണ്ടുതന്നെ ഇപ്പോഴും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

എന്റെ സിനിമകൾ എപ്പോഴും പ്രേക്ഷകർക്ക്  പ്രവചിക്കാനാകാത്തതായിരിക്കണമെന്നാണ് ആഗ്രഹം. ഓരോ സിനിമയും മറ്റൊന്നിൽനിന്ന് വ്യത്യസ്തമായിരിക്കണം,’ സൂര്യ പറഞ്ഞു.

ജിത്തു മാധവനൊപ്പം ഒരു തമിഴ് സിനിമ ചെയ്യണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്നും അത് വളരെ പെട്ടെന്ന് യാഥാർഥ്യമായെന്നും സൂര്യ പറഞ്ഞു.

സീൻ.Photo. Screen Grab/ Youtube

‘ജിത്തു നല്ലൊരു സംവിധായകനാണ്. അദ്ദേഹത്തിനൊപ്പം ഇവിടെ വന്ന് ഒരു സിനിമ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അത് പെട്ടെന്ന് തന്നെ സംഭവിച്ചു. തമിഴ്നാട്ടിൽ വന്ന് ഒരു വർഷത്തോളം ഇവിടെ നിന്ന് ഇത്തരമൊരു നല്ല സിനിമ എനിക്ക് നൽകിയതിന് ജിത്തുവിനോട് ഒരുപാട് നന്ദിയുണ്ട്,’ സൂര്യ പറഞ്ഞു.

Content Highlight: At the trailer launch event for the film Seean, actor Suriya speaks about his experience working with Jithu Madhavan, as well as the director’s previous films.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more