| Monday, 20th July 2026, 9:52 am

19ാം വയസില്‍ ലോകത്തില്‍ ഒന്നാമന്‍; ചരിത്രം സൃഷ്ടിച്ച് യമാല്‍

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ വീഴ്ത്തി സ്‌പെയ്ന്‍ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയ്ന്‍ പരാജയപ്പെടുത്തിയത്.

ചരിത്രത്തിലെ രണ്ടാം ലോക കിരീടമാണ് സ്പെയ്ന്‍ സ്വന്തമാക്കിയത്. 2010ലായിരുന്നു സ്‌പെയ്‌നിന്റെ ആദ്യ കിരീട നേട്ടം. ഇപ്പോള്‍ നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പും സ്‌പെയ്ന്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

സ്പാനിഷ് ടീമിന്റെ ലോകകപ്പ് നേട്ടത്തിനൊപ്പം ഒരു വമ്പന്‍ റെക്കോഡാണ് യുവതാരം ലാമിന്‍ യമാല്‍ സ്വന്തമാക്കിയത്. യുവേഫ യൂറോകപ്പും ലോകകപ്പും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് യമാല്‍ മാറിയത്.

19 വയസുള്ളപ്പോഴാണ് യമാലിന്റെ നേട്ടം. 2024ലായിരുന്നു സ്പാനിഷ് പടക്കൊപ്പം യൂറോ കപ്പ് വിജയിച്ചത്. ഇംഗ്ലണ്ടിനെ വീഴ്ത്തിയായിരുന്നു സ്പെയ്ന്‍ കിരീടം നേടിയത്. ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ലോകകപ്പും നേടിയതോടെയാണ് യമാലിന്റെ പേരില്‍ പുത്തന്‍ നേട്ടം കുറിക്കപ്പെട്ടത്.

മുന്‍ സ്പാനിഷ് താരം സെസ്‌ക് ഫാബ്രിഗാസിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്താണ് യമാല്‍ ഒന്നാമനായത്. 2008 യൂറോകപ്പ്, 2010 ലോകകപ്പ് ടൂര്‍ണമെന്റുകള്‍ വിജയിച്ച സ്പെയ്ന്‍ ടീമിലെ അംഗമായിരുന്നു ഫാബ്രിഗാസ്.

23 വയസും 58 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഫാബ്രിഗാസിന്റെ നേട്ടം. ഇതിന് പുറമെ 21ാം നൂറ്റാണ്ടില്‍ ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും യമാല്‍ മാറി. ഫ്രഞ്ച് നായകന്‍ എംബാപ്പെയെ മറികടന്നാണ് യമാലിന്റെ കുതിപ്പ്.

അതേസമയം മത്സരത്തിന്റെ നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. അര്‍ജന്റീനക്കെതിരെ തുടക്കം മുതല്‍ സര്‍വാധിപത്യം പുലര്‍ത്തിയ സ്‌പെയിനിന് ഫിനിഷിങ്ങിലെ പോരായ്മ മൂലമാണ് നിശ്ചിത സമയത്തില്‍ ലക്ഷ്യം കാണാന്‍ സാധിക്കാതെ പോയത്.

മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു സ്‌പെയ്‌നിന്റെ ഏക ഗോള്‍ പിറന്നത്. ഫെറാന്‍ ടോറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. എക്‌സ്ട്രാ ടൈമില്‍ 10 ആളുകളുമായാണ് ലയണല്‍ മെസിയും സംഘവും പന്തുതട്ടിയത്.

Content Highlight: At the age of 19, Lamine Yamal sets a historic record

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more