| Thursday, 1st January 2026, 1:22 pm

കരിയര്‍ ആരംഭിക്കുമ്പോള്‍ റൊണാള്‍ഡോക്ക് ഒരു വയസ്, മെസിയാകട്ടെ ജനിച്ചിട്ടുപോലുമില്ല; 59ാം വയസില്‍ പുതിയ ടീമില്‍

ആദര്‍ശ് എം.കെ.

ഫെബ്രുവരിയില്‍ തന്റെ 59ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ പുതിയ ടീമിനൊപ്പം കരാറിലെത്തി ലോകത്തെ ഏറ്റവും പ്രായമേറിയ പ്രൊഫഷണല്‍ ഫുട്‌ബോളര്‍. പ്രൊഫഷണല്‍ കരിയറില്‍ 41ാം വര്‍ഷത്തിലേക്ക് കാലെടുത്ത് വെക്കുന്ന ജാപ്പനീസ് ലെജന്‍ഡ് കസുയോഷി മിയൂറ എന്ന കിങ് കസുവാണ് അടുത്ത സീസണിലും പന്ത് തട്ടാനൊരുങ്ങുന്നത്.

ഫുക്കുഷിമ യുണൈറ്റഡിനായാണ് അടുത്ത സീസണില്‍ കിങ് കസു ബൂട്ട് കെട്ടുക. ജെ ലീഗിലെ തേര്‍ഡ് ഡിവിഷന്‍ ടീമാണ് ഫുക്കുഷിമ യുണൈറ്റഡ്. യോക്കോഹാമ എഫ്.സിയില്‍ നിന്നും ലോണിലാണ് മിയൂറ ഫുക്കുഷിമയ്‌ക്കൊപ്പം ചേരുന്നത്.

കസുയോഷി മിയൂറ അത്‌ലറ്റിക്കോ സുസൂക്ക ജേഴ്സിയില്‍

കഴിഞ്ഞ സീസണില്‍ അത്‌ലറ്റിക്കോ സുസൂക്കയ്ക്ക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്.

1967 ഫെബ്രുവരി 26ന് ജനിച്ച കസുയോഷി മിയൂറ 1986ല്‍ ബ്രസീല്‍ ക്ലബ്ബ് സാന്റോസിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. ഈ സമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു വയസ് മാത്രമാണ് പ്രായം. മെസിയാകട്ടെ ജനിച്ചിട്ടുമില്ല. അന്ന് ബ്രസീലിയന്‍ മണ്ണില്‍ പന്ത് തട്ടി തുടങ്ങിയ ഫുട്‌ബോള്‍ യാത്ര കസു ഇന്നും തുടരുകയാണ്.

കരിയറിന്റെ ആദ്യ നാളുകളില്‍ കസു ബ്രസീലില്‍ തന്നെയായിരുന്നു. സാന്റോസിന് പുറമെ പാല്‍മീറസ്, മത്സുബാര, സി.ആര്‍.ബി, എക്‌സ്.വി ഡെ ജാവോ, കോറിടിബ ടീമുകളില്‍ കളിച്ച് ഒടുവില്‍ 1990ല്‍ സാന്റോസിലേക്ക് മടങ്ങിയെത്തി.

ദേശീയ ടീമിനൊപ്പം

അടുത്ത എട്ട് വര്‍ഷക്കാലം ജാപ്പനീസ് സൂപ്പര്‍ ടീമായ ടോക്കിയോ വെര്‍ഡി കവാസാക്കിയുടെ ഭാഗമായിരുന്നു. ഇതിനിടെ ഇറ്റാലിയന്‍ സൂപ്പര്‍ ടീം ജെനോവയില്‍ ലോണ്‍ അടിസ്ഥാനത്തിലും പന്ത് തട്ടി. ഇറ്റാലിയന്‍ സീരി എ കളിക്കുന്ന ആദ്യ ജാപ്പനീസ് താരമായിരുന്നു മിയൂറ.

99ല്‍ ഡൈനാമോ സാഗ്രെബില്‍ കുറച്ച് നാളുകളുണ്ടായിരുന്ന താരം അതേ വര്‍ഷം ക്യോട്ടോ പര്‍പ്പിള്‍ സാംഗയിലൂടെ ജപ്പാനിലേക്ക് മടങ്ങിയെത്തി.

തുടര്‍ന്ന് വിസല്‍ കോബെ, യോക്കോഹാമ എഫ്.സി, സിഡ്‌നി എഫ്.സി (ലോണ്‍), സുസൂക്ക പോയിന്റ് ഗെറ്റേഴ്‌സ് (ലോണ്‍), ഡെസ്‌പോര്‍ട്ടീവ ഒലിവെയ്‌റന്‍സ് (ലോണ്‍), അത്‌ലറ്റിക്കോ സുസൂക്ക എന്നിവര്‍ക്കൊപ്പവും പന്ത് തട്ടി.

സുസൂക്ക പോയിന്റ് ഗെറ്റേഴ്‌സിനൊപ്പം

2017ല്‍, തന്റെ 50ാം വയസില്‍ ഏറ്റവും പ്രായമേറിയ പ്രൊഫഷണല്‍ ഫുട്‌ബോളര്‍ എന്ന ലോക റെക്കോഡും കിങ് കസു സ്വന്തമാക്കിയിരുന്നു.

നീണ്ട 20 വര്‍ഷക്കാലം യോക്കഹാമ എഫ്.സിയുടെ ഭാഗമായ താരം ദേശീയ ടീമിനായി കളത്തിലിറങ്ങിയ 89 മത്സരത്തില്‍ നിന്ന് 55 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: At the age 58, Kazuyoshi Miura signed for Fukushima FC

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more