| Friday, 23rd October 2026, 10:54 pm

ജോര്‍ദാനില്‍ ചര്‍ച്ചില്‍ വെടിവെപ്പ്, ഏഴ് മരണം: ശക്തിയായി തിരിച്ചടിക്കുമെന്ന് കിങ് അബ്ദുള്ള

ദേവിക ജയചന്ദ്രന്‍

അമ്മാന്‍: മധ്യജോര്‍ദാനിലെ കരാക്കില്‍ മരണാനന്തരചടങ്ങിനിടെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ മരിക്കുകയും മുപ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കരാക് ഗവര്‍ണറേറ്റ്, ഹ്മൂദിലെ സെയ്ന്റ് ജോര്‍ജ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമികള്‍ പിന്നീട് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

വെടിവെയ്പ് ആരംഭിച്ച സമയത്ത് നൂറിലേറെ പേര്‍ ഉണ്ടായിരുന്നതായി പള്ളിയിലുണ്ടായിരുന്ന ദൃക്‌സാക്ഷികള്‍ പറയുന്നു. റൈഫിളും പിസ്റ്റളും ഉപയോഗിച്ച് വിലാപയാത്രയില്‍ പങ്കെടുത്തിരുന്നവര്‍ക്ക് നേരെ മിനിട്ടുകളോളം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അല്‍ മംമ്‌ലക ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ ഏഴ് പേര്‍ പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ മൂന്ന് തോക്കുധാരികള്‍ പള്ളിയിലേക്ക് പോകുന്നതിന് മുമ്പ് തെരുവില്‍ വെടിയുതിര്‍ക്കുന്നത് കാണാം.

കരാക്കിനെതിരായ ഭീകരാക്രമണത്തിന് ഏറ്റവും കഠിനമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ജോര്‍ദാന്‍ രാജാവ് കിങ് അബ്ദുള്ള രണ്ടാമന്‍ പറഞ്ഞു. വെടിയുണ്ടകള്‍ ഉപയോഗിച്ച് ജോര്‍ദാനികളെ ഭിന്നിക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ക്ക് തങ്ങളുടെ ഐക്യത്തിന് മുന്നില്‍ യാതൊരു സാധ്യതയുമില്ലെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

‘വടക്ക് മുതല്‍ തെക്ക് വരെ എല്ലാ ജോര്‍ദാനികളും ഒരേ മണ്ണിന്റെയും വിധിയുടെയും പങ്കാളികളാണ്. അവര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ഒന്നിനും കഴിയില്ല. കൊല്ലപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു’, കിങ് അബ്ദുള്ള പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഓരോ ജോര്‍ദാനിയുടെയും ജീവന്‍ വിലപ്പെട്ടതാണെന്നും നമ്മുടെ രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ ധൈര്യപ്പെടുന്നവര്‍ക്കെതിരെ ഉരുക്കുമുഷ്ടികൊണ്ട് തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ശതമാനം മാത്രം ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ജോര്‍ദാനില്‍ മതത്തിന് ഭൂരിപക്ഷമുള്ള പ്രദേശമാണ് കരാക്.

സംഭവത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. എല്ലാത്തരം തീവ്രവാദങ്ങളെയും ആക്രമണങ്ങളെയും ഭീകരതയെയും ശക്തമായി നിരസിക്കുന്നുവെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Content  Highlight: At least 7 people killed in unprecedented shooting at church in Jordan

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more