| Thursday, 20th November 2025, 8:03 am

വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ കുട്ടികളടക്കം 28ഓളം പേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രഈല്‍. ഗസ സിറ്റിയിലും ഖാന്‍ യൂനിസിലും ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 28ഓളം പേരാണ് മരിച്ചത്. 77 പേര്‍ക്ക് പരിക്ക് പറ്റിയതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രഈലിന്റെ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തെക്കന്‍ ലെബനനിലെ ഐനാറ്റ, ടെയര്‍ ഫില്‍സി എന്നിവിടങ്ങളിലും ഇസ്രഈല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഒക്ടോബര്‍ 10ന് അമേരിക്കയുടെ നേതൃത്വത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം 200ലധികം തവണയാണ് ഇസ്രഈല്‍ കരാര്‍ ലംഘിച്ചത്. മാത്രമല്ല വെടിനിര്‍ത്തല്‍ ലംഘനത്തിന് ശേഷം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയ രണ്ടാമത്തെ ആക്രമണമാണിത്. വെടിനിര്‍ത്തലിന് ശേഷം നിലവില്‍ 300ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അതിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ സൈന്യം രണ്ട് തവണ റെയ്ഡ് നടത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അല്‍-ലുബ്ബാന്‍ അഷാര്‍ഖിയ ഗ്രാമവും ജെറുസലേമിന് വടക്കുകിഴക്ക് ഹിസ്മ പട്ടണവും ഇസ്രഈല്‍ സൈന്യം ലക്ഷ്യമിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അല്‍-ലുബ്ബാന്‍ അഷര്‍ഖിയയില്‍ ഇസ്രഈല്‍ സൈന്യം ഇരച്ച് കയറുകയും ഫലസ്തീന്‍ വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഗ്രാമത്തിലെ നിരവധി കടകള്‍ക്ക് മുന്നില്‍ സ്റ്റണ്‍ ഗ്രനേഡുകള്‍ എറിഞ്ഞതായും ഗ്രാമവാസികള്‍ പറയുന്നു. ഗസയിലും ലെബനനിലും ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കിയ ഇസ്രഈല്‍ സൈനിക നീക്കത്തിനെതിരെ ഹമാസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

വെടിനിര്‍ത്തല്‍ കരാര്‍ മറയാക്കി വംശഹത്യ തുടരാനുള്ള ഇസ്രഈല്‍ നടപടിയെ ചെറുക്കാന്‍ ലോകരാജ്യങ്ങള്‍ തയാറാകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ ലംഘനം ഗുരുതര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യു.എന്‍ ഏജന്‍സികളും ചൂണ്ടിക്കാട്ടി.

അതേസമയം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇടയില്‍ ഗസ നിവാസികളുടെ സ്ഥിതി കൂടുതല്‍ ദുരന്തപൂര്‍വമായി തുടരുകയാണെന്ന് യുണിസെഫ് പറഞ്ഞു. പാര്‍പ്പിടങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഫലസ്തീന്‍ ജനത മറ്റൊരു ശൈത്യകാലത്തിനാണ് തയ്യാറെടുക്കുന്നത് യു.എന്നും അഭിപ്രായപ്പെട്ടു.

Content Highlight: At least 28 people, including children, killed in Israeli attacks on Gaza

 

We use cookies to give you the best possible experience. Learn more