മലയാള സിനിമയിൽ അപൂർവ നേട്ടവുമായി മുന്നേറിയ ചിത്രങ്ങളിലൊന്നായി മാറിയ വാഴ 2 ഇപ്പോഴും പ്രേക്ഷകർക്കിടയിൽ ചർച്ചകൾക്കിടയാവാറുണ്ട്. സവിൻ സയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസിൽ 200 കോടിയിലധികം കളക്ഷൻ നേടി വൻ വിജയമായി മാറിയിരുന്നു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ ഹാഷിറും സംഘവും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് യുവപ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ചു.
ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കൊപ്പം ബിജുക്കുട്ടൻ, അജു വർഗീസ്, സുധീഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. യുവതാരങ്ങൾക്കൊപ്പം സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ഹാഷിറിന്റെ ‘ഉമ്മ’. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി അശ്വതി ചന്ദായിരുന്നു.
അശ്വതി ചന്ദ്, X.com
ടെലിവിഷൻ കോമഡി പരിപാടികളിലൂടെ തിരുവനന്തപുരം സ്ലാങ് സംസാരിച്ച് പ്രേക്ഷകരെ ചിരിപ്പിച്ചാണ് അശ്വതി ചന്ദ് മലയാളികൾക്ക് സുപരിചിതയായത്. എന്നാൽ വാഴ 2യിലെ കഥാപാത്രത്തിനായി ആ ശൈലിയിൽ നിന്ന് മാറി കൂടുതൽ സ്വാഭാവികമായ അഭിനയമാണ് ആവശ്യമായിരുന്നതെന്ന് താരം പറയുന്നു.
ഹാഷിറിന്റെ ഉമ്മ സാധാരണ ജീവിതത്തിൽ നമ്മൾ കാണുന്ന ഒരു അമ്മയുടെ പ്രതിനിധാനമാണെന്ന് അശ്വതി പറഞ്ഞു. ആ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ പ്രധാന കാരണം തിരക്കഥാകൃത്ത് വിപിൻദാസും സംവിധായകൻ സവിൻ സയും നൽകിയ പിന്തുണയാണെന്നും അവർ വ്യക്തമാക്കി.
വിപിൻദാസ് കഥാപാത്രത്തെ എഴുതി രൂപപ്പെടുത്തിയിരുന്നെങ്കിലും ഓരോ രംഗത്തിനും മുമ്പ് അതിന്റെ മാനസികാവസ്ഥയും സാഹചര്യവും സവിൻ വിശദമായി പറഞ്ഞുതരുമായിരുന്നുവെന്ന് അശ്വതി പറയുന്നു.
‘ഈ സാഹചര്യത്തിൽ ഒരു അമ്മ എങ്ങനെ പ്രതികരിക്കും, എന്തായിരിക്കും അവളുടെ വികാരം എന്നതിനെക്കുറിച്ച് ആദ്യം ഞങ്ങൾ സംസാരിക്കുമായിരുന്നു. ശേഷം അതനുസരിച്ചാണ് അഭിനയിക്കാൻ ശ്രമിച്ചത്,’ എന്നാണ് താരത്തിന്റെ വാക്കുകൾ.
അശ്വതി ചന്ദ്, X.com
ടെലിവിഷനിൽ താൻ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളുടെ ശൈലി സിനിമയ്ക്ക് അനുയോജ്യമല്ലെന്ന് സംവിധായകൻ ഓർമിപ്പിക്കാറുണ്ടായിരുന്നുവെന്നും അശ്വതി വെളിപ്പെടുത്തി. ‘ഓരോ ഷോട്ടിനും മുമ്പ് ചേച്ചി, നമുക്ക് റിയലായ ഇമോഷനാണ് വേണ്ടതെന്ന് സവിൻ പറയും. ചേച്ചിയാണെങ്കിൽ ഈ സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കുമെന്ന രീതിയിലാണ് അദ്ദേഹം അഭിനയിപ്പിച്ചിരുന്നത്,’ എന്ന് താരം പറഞ്ഞു.
തിരുവനന്തപുരം സ്ലാങ് സ്വാഭാവികമായി സംഭാഷണങ്ങളിൽ കടന്നുവരുമ്പോൾ പോലും അതിൽ നിയന്ത്രണം വേണമെന്ന് സംവിധായകൻ നിർദേശിക്കുമായിരുന്നു. “ഇടയ്ക്ക് തിരുവനന്തപുരം സ്ലാങ് കേറി വരുമ്പോൾ ചേച്ചി, നമുക്ക് അത്രയും തിരുവനന്തപുരം സ്ലാങ് കേറി വരണ്ട എന്ന് സവിൻ ഓർമിപ്പിക്കുമായിരുന്നു. ഡബ്ബിങ് സമയത്തും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഓരോ ഡയലോഗും ശ്രദ്ധിച്ചാണ് മുന്നോട്ട് പോയത്,’ അശ്വതി പറഞ്ഞു.
തനിക്ക് എത്ര തവണ വേണമെങ്കിലും ഒരു രംഗം വീണ്ടും ചെയ്യാൻ മടിയില്ലെന്നും സംവിധായകൻ ആഗ്രഹിക്കുന്ന പ്രകടനം നൽകുകയാണ് ഒരു അഭിനേതാവിന്റെ ഉത്തരവാദിത്തമെന്നും താരം കൂട്ടിച്ചേർത്തു. പ്രയാസങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിന്റെ ഫലം ഇപ്പോൾ ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും അശ്വതി ചന്ദ് പറഞ്ഞു
Content Highlight: Aswathy chand talk about savin sa