മലയാളത്തിലെ പ്രോമിസിങ്ങ് ആയിട്ടുള്ള യുവനടന്മാരിലൊരാളാണ് അര്‍ജുന്‍ അശോകന്‍. 2012 ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തലൂടെ അഭിനയരംഗത്തേക്ക് അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചു. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലൂടെ ശ്രദ്ധേയമായ വേഷം ചെയ്ത താരം പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു.
നായകനെന്നോ വില്ലനെന്നോ സഹനടനെന്നോ വ്യത്യസമില്ലാതെ കിട്ടുന്ന വേഷങ്ങളെല്ലാം മികച്ചതാക്കുന്ന താരം അമല്‍ നീരദ് ചിത്രം വരത്തനില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്ത് അഭിനേതാവെന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ചിരുന്നു. സമീപകാലത്തായി ഒട്ടനവധി ചിത്രങ്ങളില്‍ താരം നായകനായെത്തിയിരുന്നെങ്കിലും പലതും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.
അര്‍ജുന്‍ അശോകന്‍. Photo: X.com
കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ മെല്‍ക്കൗ പോണ്ടിച്ചേരിയുമായി ബന്ധപ്പെട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ തന്നോട് ചോദ്യം ചോദിച്ച യൂട്യൂബറോട് അര്‍ജുന്‍ ക്ഷുഭിതനായി പെരുമാറിയിരുന്നു. ഓരോ ആഴ്ച തോറും പടം വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് കഴിഞ്ഞയാഴ്ച എന്റെ ഏത് ചിത്രമാണ് വന്നതെന്നായിരുന്നു അര്‍ജുന്‍ ശബ്ദമുയര്‍ത്തി കൊണ്ട് ചോദിച്ചത്. നല്ല രീതിയില്‍ ചോദ്യങ്ങള്‍ ഫ്രെയ്‌സ് ചെയ്യണമെന്നും അര്‍ജുന്‍ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
വീഡിയോ വൈറലായതോടെ ഇതിന് മറുപടിയുമായി യൂട്യൂബര്‍ അശ്വന്ത് കോക്ക് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചോദ്യത്തില്‍ ഒരു തെറ്റുമില്ലെന്നും കഴിഞ്ഞയാഴ്ചയില്‍ അര്‍ജുന്‍ നായകനായ ഡിസ്‌കോ പുറത്തിറങ്ങിയപ്പോള്‍ ഈയാഴ്ച താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രമാണ് മെല്‍ക്കൗ പോണ്ടിച്ചേരി എന്നും അശ്വന്ത് വീഡിയോയില്‍ പറയുന്നു. ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് പടമിറങ്ങുന്നു എന്ന് പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും, യഥാര്‍ത്ഥ കാര്യമാണ് ചോദിച്ചതെന്നും അര്‍ജുന്‍ ചോദിച്ച സമയത്ത് അയാള്‍ക്കത് ഒാര്‍ത്തെടുത്ത് പറയാന്‍ പറ്റാതെ പോയതാണെന്നും അശ്വന്ത് കോക്ക് വീഡിയോയില്‍ പറയുന്നുണ്ട്.
മെല്‍ക്കൗ പോണ്ടിച്ചേരി,ഡിസ്‌ക്കോ. Photo: District
അര്‍ജുന്‍ അശോകന്‍ പ്രധാനവേഷത്തിലെത്തി ദീപാവലിയ്ക്ക് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഡിസ്‌കോ. ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത ചിത്രത്തിന് നെഗറ്റീവ് റിവ്യൂ വന്നതോടെ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമേറ്റ് വാങ്ങുകയായിരുന്നു. രണ്ട് ദിവസം മുമ്പ് തിയേറ്ററുകളിലെത്തിയ നിഖില്‍ മോഹന്‍ സംവിധാനം ചെയ്ത മെല്‍ക്കൗ പോണ്ടിച്ചേരിയുടെയും സ്ഥിതി വ്യത്യസ്തമല്ല.
Content Highlight: Aswanth Kok’s video against Arjun Ashokan goes viral