| Friday, 16th October 2026, 9:13 am

അന്ന് ചൈനീസ് കുക്ക്, ഇന്ന് വീല്‍ചെയറിലിരിക്കുന്ന ഏതോ കിളവന്‍; അഭിനയിച്ചവരുടെ പേരറിയില്ലെങ്കില്‍ റിവ്യൂ ചെയ്യാന്‍ നില്‍ക്കരുതെന്ന് കോക്കിന് വിമര്‍ശനം

അമര്‍നാഥ് എം.

മലയാളത്തിലെ ഓണ്‍ലൈന്‍ റിവ്യൂവര്‍മാരില്‍ ഏറ്റവുമധികം റീച്ചുള്ളവരില്‍ ഒരാളാണ് അശ്വന്ത് കോക്ക്. ഫ്‌ളോപ്പായ സിനിമകള്‍ക്ക് അശ്വന്ത് നല്‍കുന്ന റിവ്യൂവിന് പ്രത്യേക ഫാന്‍ബേസുണ്ട്. എന്നാല്‍ പലപ്പോഴും റിവ്യൂവിനിടയിലെ പരിഹാസം വ്യക്തിഹത്യയിലേക്ക് കടക്കുന്നത് വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. സിനിമയുടെ പ്രധാന സ്‌പോയിലറുകള്‍ പുറത്തുവിടുന്നതും അശ്വന്തിന്റെ സ്ഥിരം സ്വഭാവമാണ്.

കഴിഞ്ഞദിവസം രജിനിയുടെ ജയിലര്‍ 2ന് അശ്വന്ത് നല്‍കിയ റിവ്യൂവാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ചയായിരിക്കുന്നത്. ചിത്രത്തിന്റെ റിവ്യൂവിനിടെ അഭിനയിച്ചവരുടെ പേര് അശ്വന്ത് കോക്ക് പറഞ്ഞിരുന്നു. അതിനിടെ മിഥുന്‍ ചക്രവര്‍ത്തിയെ ‘വീല്‍ ചെയറിലിരിക്കുന്ന ഏതോ ഒരു കിളവന്‍’ എന്നാണ് കോക്ക് വിശേഷിപ്പിച്ചത്.

ബോളിവുഡില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന മിഥുന്‍ ചക്രവര്‍ത്തിയെ തിരിച്ചറിയാത്തതിന് വലിയ വിമര്‍ശനമാണ് അശ്വന്ത് കോക്ക് നേരിടുന്നത്. അഭിനയിച്ചവരുടെ പേര് പോലും അറിയാതെ റിവ്യൂ പറയാന്‍ നില്‍ക്കരുത് എന്നാണ് കമന്റ് ബോക്‌സില്‍ പലരും അഭിപ്രായപ്പെടുന്നത്. ഇത്തരം കമന്റുകള്‍ അധികമായപ്പോള്‍ ന്യായീകരണവുമായി അശ്വന്ത് കോക്ക് രംഗത്തെത്തുകയും ചെയ്തു.

‘പ്രായാധിക്യത്താല്‍ പുതിയ രൂപം പ്രാപിച്ച മിഥുന്‍ ദാദയെ തിരിച്ചറിയാതെ കിളവന്‍ എന്നു വിളിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തുന്നു’ എന്ന് കമന്റ് എഴുതുകയും അത് പിന്‍ ചെയ്തുവെക്കുകയും ചെയ്തു. എന്നാല്‍ ഈ കമന്റിനും വലിയ രീതിയില്‍ വിമര്‍ശനം നേരിടുന്നുണ്ട്. ഖേദം പ്രകടിപ്പിക്കേണ്ടതിന് പകരം അതൃപ്തിയാണ് രേഖപ്പെടുത്തിയതെന്നാണ് പ്രധാന വിമര്‍ശനം.

മിഥുന്‍ ചക്രവര്‍ത്തിയെ അറിയില്ലെങ്കില്‍ ഈ പണി നിര്‍ത്തിപോകുന്നതാണ് നല്ലതെന്ന് പലരും അഭിപ്രായപ്പെടുന്നു. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അടക്കം നാല് ദേശീയ അവാര്‍ഡ് നേടിയ മിഥുന് ചക്രവര്‍ത്തിയെ അറിയാത്ത ഇയാളാണോ നിരൂപകനെന്നും കമന്റുകളുണ്ട്. ഇതാദ്യമായല്ല ആര്‍ട്ടിസ്റ്റുകളെ അറിയാതെ അശ്വന്ത് റിവ്യൂ പറയുന്നത്.

എമ്പുരാന്റെ റിവ്യൂവില്‍ റിക്ക് യൂനെയുടെ കാമിയോയെ അശ്വന്ത് കോക്ക് വിശേഷിപ്പിച്ചത് ‘ഏതോ ഒരു ചൈനീസ് കുക്ക്’ എന്നായിരുന്നു. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലടക്കം അഭിനയിച്ച റിക്ക് യൂനേയെ തിരിച്ചറിയാത്തത് അന്ന് വലിയ വിമര്‍ശനം നേരിട്ടു. അശ്വന്ത് കോക്കിനെ റിവ്യൂ ജെനുവിനാണെന്ന് വിശ്വസിക്കുന്നവരെ ചില സിനിമാപേജുകള്‍ വിമര്‍ശിക്കുന്നുണ്ട്.

Content Highlight: Aswanth Kok getting criticism for not recognizing Midhun Chakraborty

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more