| Monday, 22nd December 2025, 4:30 pm

പത്തില്‍ പത്തും ജയം; വമ്പന്മാരെ വെല്ലുന്ന കുതിപ്പുമായി വില്ലന്‍സ്

ഫസീഹ പി.സി.

പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചിരുന്നു. വില്ലന്‍സിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. മോര്‍ഗന്‍ റോജേഴ്‌സിന്റെ കരുത്തിലാണ് വില്ലന്‍സിന്റെ വിജയം.

മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന മിനിട്ടില്‍ ആസ്റ്റണ്‍ വില്ല ഗോള്‍ അടിച്ച് മുന്നിലെത്തിയിരുന്നു. 45ാം മിനിട്ടില്‍ റോജേഴ്‌സാണ് പന്ത് വലയിലെത്തിച്ചത്. എന്നാല്‍, നിമിഷങ്ങള്‍ക്കകം തന്നെ യുണൈറ്റഡ് തിരിച്ചടിച്ച് ആസ്റ്റണ്‍ വില്ലയുടെ ഒപ്പമെത്തി.

മോര്‍ഗന്‍ റോജേഴ്‌സ്. Photo: AstonVilla/x.com

മാത്യൂസ് കുന്‍ഹയാണ് യൂണൈറ്റഡിനായി വല കുലുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിട്ടിലായിരുന്നു യുണൈറ്റഡിന്റെ സമനില ഗോള്‍. ഒന്നാം പകുതി അതെ സ്‌കോറില്‍ തന്നെ അവസാനിച്ചെങ്കിലും രണ്ടാം പകുതിയില്‍ വില്ലന്‍സ് ലീഡ് വീണ്ടെടുത്തു.

57ാം മിനിട്ടിലായിരുന്നു വില്ലന്‍സ് തങ്ങളുടെ രണ്ടാം ഗോള്‍ പോസ്റ്റിലേക്ക് അടിച്ച് കയറ്റിയത്. ഈ ഗോളും റോജേഴ്‌സിന്റെ വകയായിരുന്നു. പിന്നീട് ഗോള്‍ ഒന്നും നേടാനായില്ലെങ്കിലും ആസ്റ്റണ്‍ വില്ല വിജയം സ്വന്തമാക്കി.

മത്സരത്തിനിടെ ആസ്റ്റൺ വില്ല താരങ്ങൾ. Photo: Aston Villa/x.com

വിജയത്തോടെ തങ്ങളുടെ വിജയ സ്ട്രീക്ക് ഉയര്‍ത്താന്‍ വില്ലന്‍സിന് സാധിച്ചു. അവസാനം പത്ത് കളിച്ച മത്സരങ്ങളില്‍ ഇംഗ്ലീഷ് ക്ലബ്ബിന് ഒരിക്കല്‍ പോലും ജയം കൈവിടേണ്ടി വന്നിട്ടില്ല. എല്ലാ മത്സരത്തിലും എതിരാളികളെ മുട്ടുകുത്തിച്ച് ഇംഗ്ലീഷ് മൂന്ന് പോയിന്റും തങ്ങളുടെ അക്കൗണ്ടിലെത്തിച്ചു.

പ്രീമിയര്‍ ലീഗില്‍ ഏഴ് മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ ബാക്കി മൂന്ന് മത്സരങ്ങളില്‍ യൂറോപ്പ ലീഗിലും വിജയം സ്വന്തമാക്കി. വില്ലന്‍സ് അവസാനമായി തോറ്റത് ലിവര്‍പൂളിനോടാണ്. പ്രീമിയര്‍ ലീഗില്‍ നവംബര്‍ രണ്ടിനാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അന്ന് രണ്ട് ഗോള്‍ അടിച്ച് ദി റെഡ്‌സ് വിജയം നേടിയെടുത്തു.

മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന ആസ്റ്റൺ വില്ല – മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ. Photo: Aston Villa/x.com

പിന്നീട് ഇറങ്ങിയ പത്ത് മത്സരങ്ങളില്‍ ഓരോന്നിലും വില്ലന്‍സ് വിജയക്കൊടി നാട്ടി. ഈ കുതിപ്പില്‍ ആഴ്‌സണലും മാഞ്ചസ്റ്റര്‍ യൂണൈറ്റഡുമടക്കമുള്ള വമ്പന്‍മാര്‍ക്ക് കാലിടറി. പല മത്സരങ്ങളിലും ഒന്ന് പതറിയിരുന്നെങ്കിലും വില്ലന്‍സ് തിരിച്ചുവന്ന് മൂന്ന് പോയിന്റും തങ്ങളുടെ അക്കൗണ്ടിലെത്തിച്ചു. സീസണിന്റെ തുടക്കത്തില്‍ വളരെ മോശം പ്രകടനം നടത്തിയതിന് ശേഷമാണ് ഈ കുതിപ്പന്നതും ശ്രദ്ധേയമാണ്.

ആസ്റ്റണ്‍ വില്ലയുടെ അവസാന പത്ത് മത്സരങ്ങള്‍

(ലീഗ് – എതിരാളി – സ്‌കോര്‍ലൈന്‍ – ഫലം എന്നീ ക്രമത്തില്‍)

യൂറോപ്പ ലീഗ് – മേക്കാബി തെല്‍ അവീവ് – 2|0 – ജയം

പ്രീമിയര്‍ ലീഗ് – ബേണ്‍മൗത്ത് – 4|0 – ജയം

പ്രീമിയര്‍ ലീഗ് – ലീഡ്‌സ് യുണൈറ്റഡ് – 1|2 – ജയം

യൂറോപ്പ ലീഗ് – യങ് ബോയ്‌സ് – 2|1 – ജയം

പ്രീമിയര്‍ ലീഗ് – വോള്‍വ്‌സ് – 1|0 – ജയം

പ്രീമിയര്‍ ലീഗ് – ബ്രൈട്ടണ്‍ – 3|4 – ജയം

പ്രീമിയര്‍ ലീഗ് – ആഴ്സണല്‍ – 2|1 – ജയം

യൂറോപ്പ ലീഗ് – ബേസല്‍ – 1|2 – ജയം

പ്രീമിയര്‍ ലീഗ് – വെസ്റ്റ് ഹാം – 2|3 – ജയം

പ്രീമിയര്‍ ലീഗ് – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – 2|1 – ജയം

Content Highlight: Aston Villa registered ten wins in a row with the win against Manchester United

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more