| Saturday, 24th October 2026, 8:22 pm

സിറ്റിയുടെ വിജയക്കുതിപ്പിന് വില്ലന്‍മാരായി വില്ല: അജയ്യരായി ഇനി ബാഴ്‌സലോണ മാത്രം

ദേവിക ജയചന്ദ്രന്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പിന് അന്ത്യം. സീസണിലെ ആദ്യ ഏഴ് മത്സരങ്ങള്‍ വിജയിച്ച മരസ്‌കയുടെ പടയ്ക്ക് ആസ്റ്റണ്‍ വില്ലയുടെ തട്ടകത്തില്‍ അടി തെറ്റുകയായിരുന്നു.

നിക്കോളാസ് ജാക്‌സന്റെ ഇരട്ടഗോള്‍ മികവില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയെ ആസ്റ്റണ്‍ വില്ല കീഴടക്കിയത്.

മത്സരം ആരംഭിച്ച് ആറാം മിനിട്ടില്‍ തന്നെ ആസ്റ്റണ്‍ വില്ല സിറ്റിയുടെ വല കുലുക്കി. സിറ്റി സെന്റര്‍ ബാക്ക് മാര്‍ക് ഗയിയുടെ പിഴവ് മുതലെടുത്ത ജോണ്‍ മക്ഗിന്‍ മുന്നേറ്റതാരം നിക്കോളാസ് ജാക്‌സണ് പന്ത് കൈമാറി. ബോക്‌സിനുള്ളില്‍ നിന്നും ജാക്‌സണ്‍ തൊടുത്ത ഷോട്ട് സിറ്റി ഗോള്‍കീപ്പര്‍ ഡൊണാരുമയെയും കടന്ന് വലയിലെത്തി.

ആദ്യ പകുതിയില്‍ സിറ്റി തുടര്‍ച്ചയായി ആക്രമണമഴിച്ചുവിട്ടെങ്കിലും ആതിഥേയര്‍ കൃത്യമായി അവരെ തടഞ്ഞു.

രണ്ടാം പകുതി തുടങ്ങി ഏഴാം മിനിട്ടില്‍ ഹാലണ്ടിലൂടെ സിറ്റി ഗോള്‍ മടക്കി. 52ാം മിനിട്ടില്‍ ബോക്‌സിന് പുറത്ത് നിന്നും ഇലിമാന്‍ എന്‍ഡായ എടുത്ത ഫ്രീകിക്ക് ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഹാലണ്ട് വലയിലെത്തിച്ചു. ഇതോടെ മുന്‍ചാമ്പ്യന്മാരുടെ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചെങ്കിലും വില്ലയുടെ ജാപ്പനീസ് ഗോളി സുസുക്കിയെ മറികടക്കാന്‍ സിറ്റിയുടെ ആക്രമണങ്ങള്‍ക്കായില്ല.

മ

ത്സരത്തിന്റെ അറുപതാം മിനിട്ടില്‍ വില്ലയുടെ രണ്ടാം ഗോള്‍ വന്നു. പകരക്കാരനായി കളത്തിലിറങ്ങി ഇബ്രാഹിം എംബായെ നിമിഷങ്ങള്‍ക്കകം വലത് വിങ്ങിലൂടെ നടത്തിയ മുന്നേറ്റം നിക്കോളാസ് ജാക്‌സന്റെ ഗോളില്‍ കലാശിച്ചു. ബോക്‌സിനുള്ളില്‍ എംബായെയുടെ ബോള്‍ സ്വീകരിച്ച ജാക്‌സണ്‍ തൊടുത്ത ഗ്രൗണ്ടഡ് ഷോട്ട് സിറ്റി പ്രതിരോധനിരയെ കാഴ്ചക്കാരാക്കി വലയിലെത്തി.

സമനിലഗോളിനായി സിറ്റി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വില്ലന്‍സിന്റെ പ്രതിരോധത്തിന് മുന്നില്‍ അവര്‍ക്ക് കീഴടങ്ങേണ്ടി വന്നു.

കഴിഞ്ഞ സീസണില്‍ ആസ്റ്റണ്‍ വില്ലയോട് രണ്ട് മത്സരങ്ങളിലും സിറ്റി തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അത് മാത്രമല്ല, ഇതിന് മുമ്പ് തമ്മിലേറ്റുമുട്ടിയ ആറില്‍ നാല് തവണയും ഉനായ് എമറിയുടെ ‘വില്ലന്‍മാര്‍’ മുന്‍ ചാമ്പ്യന്മാരെ മുട്ടുകുത്തിച്ചിട്ടുണ്ട്.

അതേസമയം, മത്സരം തോറ്റെങ്കിലും എട്ട് മത്സരങ്ങളില്‍ ഏഴ് ജയത്തോടെ 21 പോയന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ടേബിളില്‍ ഒന്നാമതാണ്. 11 പോയന്റ് ഉള്ള വില്ല ലീഗില്‍ ആറാം സ്ഥാനത്താണ്. ഇരു ടീമുകളുടെയും അടുത്ത മത്സരം കാരബാവോ കപ്പിലാണ്. സിറ്റി ബ്രൈറ്റണെയും വില്ല ബേണ്‍മൗത്തിനെയും നേരിടും.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരാജയത്തോടെ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളില്‍ ഇപ്പോള്‍ വിജയക്കുതിപ്പ് തുടരുന്നത് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ മാത്രമാണ്. തുടര്‍ച്ചയായ ഒന്‍പത് ലീഗ് മത്സരങ്ങളില്‍ വിജയിച്ച ഹാന്‍സി ഫ്‌ലിക്കിന്റെ പട ഞായറാഴ്ച ഈ സീസണിലെ ആദ്യ ‘എല്‍ ക്ലാസിക്കോ’യ്ക്ക് ഇറങ്ങും.

Content Highlight: Aston Villa puts a stop to Machester city’s winning streak in English Premier League.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more